വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമൃദ്ധിയുടെ നടുവിലും ദാരിദ്ര്യത്തിന്റെ തേങ്ങൽ

സമൃദ്ധിയുടെ നടുവിലും ദാരിദ്ര്യത്തിന്റെ തേങ്ങൽ

സമൃദ്ധിയുടെ നടുവിലും ദാരിദ്ര്യത്തിന്റെ തേങ്ങൽ

“ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പ്പോഴും അടുക്കെ ഉണ്ട്‌,” ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്‌തു പറഞ്ഞു. (മത്തായി 26:11) അന്നും ഇന്നും അത്‌ സത്യമായിരുന്നിട്ടുണ്ട്‌. എന്നാൽ എന്തുകൊണ്ടാണ്‌ ഇത്ര സമ്പദ്‌സമൃദ്ധമായ ഒരു ലോകത്ത്‌ ഇത്രയേറെപ്പേർ ദാരിദ്ര്യത്തിൽ കഴിയുന്നത്‌?

തെറ്റായ തീരുമാനങ്ങളാണ്‌ ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നതെന്ന്‌ ചിലർ ചിന്തിക്കുന്നു. പലരുടെയും കാര്യത്തിൽ അതു സത്യമാണുതാനും. മദ്യത്തിനും മയക്കുമരുന്നിനും ചൂതാട്ടത്തിനുമൊക്കെ അടിമപ്പെടുന്നവർക്ക്‌ എല്ലാം നഷ്ടപ്പെടാൻ നിമിഷനേരം മതി. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിലോ?

വ്യവസായ രംഗത്തെ മാറ്റങ്ങൾ എത്ര പേരെയാണു തൊഴിൽരഹിതരാക്കുന്നത്‌? കുതിച്ചുയരുന്ന ആശുപത്രി ചെലവുകൾ എത്രയോ പേരുടെ സമ്പാദ്യം പുകച്ചുകളയുന്നു? വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ നിർധനരായിരിക്കുന്നത്‌ പലപ്പോഴും അവരുടെ കുറ്റംകൊണ്ടല്ല. ഒട്ടുമിക്കപ്പോഴും ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നത്‌ അവരുടെ നിയന്ത്രണത്തിന്‌ അതീതമായ കാര്യങ്ങളാണ്‌. അതെങ്ങനെയെന്ന്‌ നമുക്കു വിശദമായൊന്നു പരിചിന്തിക്കാം.

ചരിത്രത്തിൽനിന്ന്‌ ഒരു പാഠം

1930-കളുടെ ആരംഭത്തിൽ ലോകം ഒരു സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലമർന്നു. അതാണു പിന്നീട്‌ മഹാസാമ്പത്തികമാന്ദ്യം എന്നറിയപ്പെട്ടത്‌. ഒരു രാജ്യത്ത്‌ കോടിക്കണക്കിന്‌ ആളുകൾക്ക്‌ തൊഴിൽ നഷ്ടമായി, ലക്ഷങ്ങൾക്ക്‌ വീടും. അനേകരും പട്ടിണിയാൽ വലയുമ്പോൾത്തന്നെ കർഷകർ കണക്കറ്റ അളവിൽ പാൽ ഒഴുക്കിക്കളഞ്ഞു. കൂടാതെ വളർത്തുമൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഗവൺമെന്റ്‌ നിർബന്ധിക്കുകയും ചെയ്‌തു.

വിശന്നു പൊരിഞ്ഞ പാവങ്ങളുടെ കണ്ണിൽ പാൽ, മാംസം, ധാന്യങ്ങൾ എന്നിവയ്‌ക്ക്‌ അങ്ങേയറ്റം മൂല്യമുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടാണ്‌ ഇവയെല്ലാം ഇങ്ങനെ പാഴാക്കിക്കളഞ്ഞത്‌? കാർഷികോത്‌പന്നങ്ങളും മറ്റു ചരക്കുകളും ലാഭത്തിൽ വേണം വിൽക്കാൻ എന്ന്‌ അന്നത്തെ സാമ്പത്തിക സിദ്ധാന്തങ്ങൾ നിഷ്‌കർഷിച്ചിരുന്നു. എന്നാൽ ഇവയൊക്കെ അങ്ങനെ വിൽക്കാൻ കഴിയാതെ വന്നപ്പോൾ അവയുടെ മൂല്യം നഷ്ടപ്പെട്ടതായി കണക്കാക്കി അവ നശിപ്പിച്ചുകളഞ്ഞു.

ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പല നഗരങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. തങ്ങളുടെ കുടുംബത്തിനുവേണ്ടി ആഹാരം വാങ്ങാൻ കഴിയാതെ വന്നവരിൽ ചിലർ തോക്കിൻമുനയിൽ അവ തട്ടിയെടുത്തപ്പോൾ മറ്റുള്ളവർ പട്ടിണികിടന്നു. ഐക്യനാടുകളിലാണ്‌ ഇതെല്ലാം സംഭവിച്ചത്‌. മഹാസാമ്പത്തികമാന്ദ്യത്തിന്റെ ആദ്യനാളുകളിൽ ആ രാജ്യത്തിന്റെ അതിശക്തമായ സമ്പദ്‌വ്യവസ്ഥ താഴ്‌ന്നവരുമാനക്കാരെ സഹായിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. ആഹാരം, പാർപ്പിടം, ജോലി എന്നിങ്ങനെ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ മുൻഗണന നൽകുന്നതിനു പകരം, ഇവയെയെല്ലാം ലാഭം ഉണ്ടാക്കുന്നതിനോടുള്ള താരതമ്യത്തിൽ നിസ്സാര പ്രശ്‌നങ്ങളായി മാത്രമേ സമ്പദ്‌വ്യവസ്ഥ വീക്ഷിച്ചുള്ളൂ.

ഇന്നത്തെ സ്ഥിതി

ലോകം മഹാസാമ്പത്തികമാന്ദ്യത്തിൽനിന്ന്‌ ഉണർന്നു. ഇന്ന്‌ അനേകരും മുമ്പെന്നത്തെയുംകാൾ ധനികരും സാമ്പത്തികമായി സുരക്ഷിതരുമായി കാണപ്പെടുന്നു. എന്നിരുന്നാലും സമ്പത്ത്‌ കുമിഞ്ഞുകൂടിയിരിക്കുന്ന ഈ ലോകത്ത്‌ പാവങ്ങൾക്ക്‌ അവരുടെ ജീവിതനിലവാരം ഉയർത്താനുള്ള അവസരങ്ങൾ വളരെ കുറവാണ്‌. ക്ഷാമത്തെയും ദാരിദ്ര്യത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ചില രാജ്യങ്ങളിൽ സർവസാധാരണമാണ്‌, അത്‌ വായനക്കാരെ മടുപ്പിക്കുന്ന അളവോളം എത്തിയിരിക്കുന്നു. എന്നിരുന്നാലും യുദ്ധം മൂലം അഭയാർഥികൾ പട്ടിണിയിലേക്ക്‌ തള്ളപ്പെടുമ്പോഴും സ്വാർഥ രാഷ്‌ട്രീയത്തിന്റെ കുതന്ത്രങ്ങൾ മൂലം ഭക്ഷ്യശേഖരങ്ങൾ നശിക്കുമ്പോഴും കമ്പോളശക്തികൾ നിത്യോപയോഗ വസ്‌തുക്കളുടെ വില പാവങ്ങൾക്കു താങ്ങാനാവാത്തവിധം ഉയർത്തുമ്പോഴുമൊക്കെ നാം കാണുന്നത്‌ ദുർബല ജനവിഭാഗത്തെ സംരക്ഷിക്കാൻ പരാജയപ്പെടുന്ന ഒരു വ്യവസ്ഥിതിയുടെ ദയനീയ മുഖമാണ്‌. ലോകസമ്പദ്‌ഘടന നിർധനരായ കോടിക്കണക്കിന്‌ ആളുകളെ പാടേ അവഗണിക്കുകയാണ്‌.

സത്യത്തിൽ, മനുഷ്യന്റെ സമ്പദ്‌വ്യവസ്ഥകളൊന്നും അവന്റെ ഭൗതികാവശ്യങ്ങളെ തൃപ്‌തിപ്പെടുത്തിയിട്ടില്ല. ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ ജീവിതത്തെ സുസൂക്ഷ്‌മം നിരീക്ഷിച്ച ഒരു വ്യക്തി എത്തിച്ചേർന്ന നിഗമനം ഇതാണ്‌: “പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്‌ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.” (സഭാപ്രസംഗി 4:1) ഇന്ന്‌ ഭൗതിക സമ്പത്തു കുന്നുകൂടിയിട്ടും സാമ്പത്തിക ചൂഷണം നിർബാധം തുടരുകയാണ്‌.

ഇല്ലായ്‌മയുടെ പടുകുഴിയിൽനിന്നു കരകയറാൻ വളരെക്കുറച്ച്‌ അവസരങ്ങൾ മാത്രമേ ലക്ഷക്കണക്കിന്‌ ആളുകൾക്കു ലഭിക്കുന്നുള്ളൂ. എന്നിട്ടും അനേകർ അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു. മാത്രമല്ല, ഒരു ഭാസുര ഭാവിക്കായുള്ള പ്രത്യാശയും അവർക്കുണ്ട്‌.

[5-ാം പേജിലെ ചതുരം]

ജീവിക്കാനുള്ള പെടാപ്പാട്‌

എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഡേവിഡ്‌ കെ. ഷിപ്‌ലർ അമേരിക്കയിലെ അവഗണിക്കപ്പെടുന്ന തൊഴിലാളിവർഗം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ദാരിദ്ര്യത്തിന്റെ വക്കിൽനിൽക്കുന്നവരുടെ ഒരു ജീവിതചിത്രം വരച്ചു കാണിക്കുന്നു. “ഇടിഞ്ഞുപൊളിഞ്ഞ ഒരു ഫ്‌ളാറ്റ്‌, അതിൽ താമസിക്കുന്ന ഒരു കുട്ടിയുടെ ആസ്‌തമരോഗം കലശലാക്കിയേക്കാം. കുട്ടിക്ക്‌ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. അമ്മയ്‌ക്കു താങ്ങാവുന്നതിലേറെയാണ്‌ ആശുപത്രി ചെലവ്‌. ഇത്‌ അവളുടെ കടബാധ്യത വർധിപ്പിക്കുന്നു. തദ്വാരാ ജോലിക്കു പോകാനായി ഒരു നല്ല കാർ വാങ്ങുന്നതിനു പകരം കേടാകാൻ സാധ്യതയുള്ള ഒരു പഴയ കാർ വാങ്ങാൻ അവൾ നിർബന്ധിതയാകുന്നു. ഇതുമൂലം അവൾക്ക്‌ കൃത്യസമയത്ത്‌ ജോലിക്ക്‌ എത്താൻ സാധിക്കുന്നില്ല. ഇത്‌ അവളുടെ ജോലിക്കയറ്റത്തെയും വരുമാനത്തെയും ബാധിക്കുന്നു. ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽത്തന്നെ തുടരാൻ അങ്ങനെ അവൾ നിർബന്ധിതയാകുന്നു.” ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്താണു ജീവിക്കുന്നതെങ്കിൽപ്പോലും ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സദാ ദുരന്തത്തിന്റെ നിഴലിലാണ്‌.

[6-ാം പേജിലെ ചതുരം]

ഉദ്ദേശ്യശുദ്ധി മാത്രം പോരാ!

1993 നവംബർ. വാഷിങ്‌ടൺ ഡി.സി.-യിലുള്ള ഒരു ഗവൺമെന്റ്‌ ഓഫീസിൽ തകൃതിയായ ഒരു ചർച്ച നടക്കുകയാണ്‌. അമേരിക്കയിലെ ഭവനരഹിതരെ എങ്ങനെ സഹായിക്കാം എന്നതാണ്‌ അവരുടെ ചർച്ചാവിഷയം, കോടിക്കണക്കിനു രൂപ അവർക്കതിനു ലഭ്യമാണുതാനും. അവർ സംസാരിച്ചുകൊണ്ടിരിക്കെ പോലീസുകാരും ഫയർഫോഴ്‌സുകാരും അടിയന്തിര വൈദ്യസഹായം എത്തിക്കുന്നവരും റോഡിന്റെ മറുവശത്തുള്ള ഒരു ബസ്‌സ്റ്റോപ്പിൽ എത്തിച്ചേരുന്നു. ഭവനരഹിതയായിരുന്ന ഒരു സ്‌ത്രീയുടെ മൃതശരീരം അവർ ആംബുലൻസിലേക്കു മാറ്റുകയാണ്‌. അമേരിക്കയിൽ വീടില്ലാത്തവരെ സഹായിക്കാൻ ചുമതലയുള്ള ഹൗസിങ്‌ ആൻഡ്‌ അർബൻ ഡെവലപ്‌മെന്റ്‌ (എച്ച്‌യുഡി) ഡിപ്പാർട്ടുമെന്റിന്റെ മുമ്പിൽത്തന്നെയാണ്‌ അവർ മരിച്ചുകിടന്നത്‌.

ദ ന്യൂയോർക്ക്‌ ടൈംസിലെ ഒരു റിപ്പോർട്ടർ പിന്നീട്‌ എച്ച്‌യുഡി-യിലെ ഒരു ജോലിക്കാരിയുമായി അഭിമുഖം നടത്തി. അടിയന്തിര സഹായം എത്തിക്കാൻ ശ്രമിച്ച ആളുകളുടെയും വാഹനങ്ങളുടെയും എണ്ണവുംമറ്റും കണ്ടിട്ട്‌ അവർ അഭിപ്രായപ്പെട്ടു: “ഒരാൾ മരിച്ചശേഷം എത്ര പണമാണ്‌ അയാൾക്കുവേണ്ടി ചെലവാക്കുന്നത്‌! എന്നാൽ ജീവിച്ചിരിക്കുമ്പോൾ അതിന്റെ ഒരംശമെങ്കിലും അയാൾക്കു ലഭിച്ചിരുന്നെങ്കിൽ . . .”

[4, 5 പേജുകളിലെ ചിത്രം]

കുടിയേറ്റക്കാരിയായ ഒരമ്മയും മൂന്നു മക്കളും, 1930-കളിലെ മഹാമാന്ദ്യത്തിന്റെ കാലത്ത്‌

[കടപ്പാട്‌]

Dorothea Lange, FSA Collection, Library of Congress

[6, 7 പേജുകളിലെ ചിത്രം]

ഇതുപോലുള്ള ചില ഫാക്ടറികളിൽ ഒരു മാസത്തെ ശരാശരി വേതനം 630 രൂപയാണ്‌, ദിവസം 12 മണിക്കൂർവരെ ജോലി ചെയ്യേണ്ട സ്ഥിതിയും

[കടപ്പാട്‌]

© Fernando Moleres/Panos Pictures