നിങ്ങൾ പൊയ്ക്കാലുകളുള്ള പന കണ്ടിട്ടുണ്ടോ?
നിങ്ങൾ പൊയ്ക്കാലുകളുള്ള പന കണ്ടിട്ടുണ്ടോ?
പെറുവിലെ ഉണരുക! ലേഖകൻ
പൊയ്ക്കാലുകളുള്ള പനയോ! അതേ, ലോകത്തിന്റെ ചില ഭാഗങ്ങളിലെ ഒരു സാധാരണ കാഴ്ചയാണ് പൊയ്ക്കാലൻ പന. ഒരു പനയ്ക്ക് എന്തിനാണ് പൊയ്ക്കാലുകൾ? കാരണം ഒരു പ്രത്യേക വളർച്ചയെത്തിക്കഴിഞ്ഞാൽ പിന്നെ അതിന്റെ കന്നിവേര് വളരുകയില്ല, അതേസമയം പന പിന്നെയും വളർന്നുകൊണ്ടിരിക്കും. അതുകൊണ്ട്, തായ്ത്തടി കൂടുതൽ വേരുകൾ ഉത്പാദിപ്പിക്കുന്നു, നിലം ലക്ഷ്യമാക്കി വളരുന്ന ഈ വേരുകൾ കണ്ടാൽ പൊയ്ക്കാലുകളാണെന്നേ തോന്നൂ.
പൊയ്ക്കാലൻ പനകൾ വെറും കൗതുകമുണർത്തുന്ന സസ്യങ്ങൾ മാത്രമല്ല. വേരുകൾക്കിടയിൽ ഒളിച്ചിരിക്കാൻ കൊച്ചുകൊച്ചു മൃഗങ്ങൾക്ക് ഇടം നൽകിക്കൊണ്ട് ഇത് അവയുടെ പാർപ്പിടമായി വർത്തിക്കുന്നു. മനുഷ്യനും ഈ പനയിൽനിന്നു പ്രയോജനം നേടുന്നു. ചില രാജ്യങ്ങളിൽ തദ്ദേശവാസികൾ പുര പണിയാനും തറപാകാനും ഇതിന്റെ തടി ഉപയോഗിക്കുന്നു. ഇതിന്റെ ഓലകൾ പുരമേയാനും ചൂലുണ്ടാക്കാനും കുട്ടകൾ നെയ്യാനും ഒക്കെ ഉപയോഗിക്കുന്നു. ഉഷ്ണമേഖലാ മഴക്കാടുകളിൽ ഉള്ളവർ മാത്രമേ ഈ പനയുടെ ഉത്പന്നങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കുന്നുള്ളു എന്നു പറയാൻ കഴിയില്ല കേട്ടോ. കടുംനിറത്തിലുള്ള സുന്ദരമായ ഡിസൈനുകളോടുകൂടിയ ഈ പനന്തടിയിൽനിന്ന് ഉണ്ടാക്കുന്ന മനോഹരമായ ഊന്നുവടികൾ ഉപയോഗിക്കുന്നവരിൽ വിദൂരസ്ഥ ദേശങ്ങളിൽ വസിക്കുന്നവരും ഉണ്ടായിരുന്നേക്കാം. അതുപോലെ ഈ പനയുടെ ദീർഘചതുരാകൃതിയിലുള്ള ചെറിയ തടിക്കഷണങ്ങൾ പ്രത്യേക രൂപമാതൃകയിൽ പാകിയുണ്ടാക്കുന്ന ഈടുനിൽക്കുന്ന തറയും ആളുകൾക്ക് ഏറെ പ്രിയമാണ്.
മിക്ക പനകളെയും പോലെ, പൊയ്ക്കാലൻ പനയും ആഹാരത്തിന്റെ ഒരു ഉറവിടമാണ്. മിക്കവയ്ക്കും ഭക്ഷ്യയോഗ്യവും രുചിയേറിയതുമായ ഒരു കൂമ്പ് ഉണ്ട്. ഖേദകരമെന്നു പറയട്ടെ, അസാധാരണമായ ഈ വിശിഷ്ട ഭോജ്യത്തോടുള്ള താത്പര്യം വർധിച്ചുവരുന്നതിനാൽ ചില ഇനത്തിലുള്ള പനകൾ അവയുടെ മൃദുലമായ രുചിയേറിയ കൂമ്പിനുവേണ്ടിമാത്രം വെട്ടിയിടുന്നു, ബാക്കിഭാഗം അപ്പാടെ ഉപേക്ഷിക്കുന്നു. (g04 7/22)
[31-ാം പേജിലെ ചിത്രങ്ങൾ]
പൊയ്ക്കാലൻ പന ഉപയോഗപ്രദമായ പലതരം ഉത്പന്നങ്ങളുടെ ഉറവിടമാണ്