ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സൗഹൃദ മനസ്കരായ കുട്ടികൾ ഏറെ പ്രിയങ്കരർ
“ബ്രാൻഡ് നെയിമുള്ള ജീൻസ് ധരിക്കുന്നതിനാലോ അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുനടക്കുന്നതിനാലോ ഒന്നും മറ്റുള്ളവരുടെ പ്രീതി ഉറപ്പാക്കാനാവില്ല. കുട്ടിയുടെ സാമൂഹിക നിലയല്ല മറിച്ച് അവന്റെ സൗഹാർദ സ്വഭാവമാണ് സമപ്രായക്കാർക്കിടയിൽ അവനെ കൂടുതൽ പ്രിയങ്കരനാക്കുന്നത്” എന്ന് ജർമൻ മാസികയായ സ്യൂഹിയോളൊജീ ഹൊയ്റ്റെ പറയുന്നു. ബെർലിനിലെ മാനവ വികസനത്തിനായുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ മനശ്ശാസ്ത്രജ്ഞരായ യൂഡിറ്റ് ഷ്രെങ്കും ക്രിസ്റ്റീൻ ഗുവെർട്ട്ലറും പത്തു പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മൂന്നും അഞ്ചും തരത്തിൽ പഠിക്കുന്ന 234 കുട്ടികളെ ഉൾപ്പെടുത്തി സർവേ നടത്തുകയുണ്ടായി. മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരും സൗഹാർദരും തുറന്നിടപെടുന്നവരുമായ കുട്ടികൾക്കാണ് തങ്ങളുടെ സമപ്രായക്കാരുടെമേൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരെ കളിയാക്കുകയോ അവരെ തല്ലുകയോ ചെയ്യുന്നവർക്ക് കുറഞ്ഞ സ്വാധീനമേ ചെലുത്താനായുള്ളൂ. “സൗന്ദര്യം ഉള്ളതോ ഇഷ്ടം പോലെ പോക്കറ്റ് മണി ഉള്ളതോ പോലും ഒരു കുട്ടിയെ സഹപാഠികൾക്ക് അത്ര പ്രിയങ്കരനാക്കുന്നില്ല” എന്ന് റിപ്പോർട്ടു പറയുന്നു.(g04 3/22)
കളനാശിനി ഉണ്ടാക്കുന്ന ഉറുമ്പുകൾ
“ആഹാരത്തിനായി ഫംഗസുകളെ വളർത്തുന്ന ചില ഉറുമ്പുകൾ ഒരു പരാദത്തിൽനിന്നു രക്ഷനേടാനായി കളനാശിനിയും നിർമിക്കുന്നു” എന്ന് ബ്ലൂംബർഗ് ന്യൂസ് സർവീസ് റിപ്പോർട്ടു ചെയ്യുന്നു. അറ്റൈൻ ഉറുമ്പുകൾക്ക് അവ മാളത്തിൽ കൊണ്ടുവരുന്ന ഇലകളും ജൈവ അവശിഷ്ടങ്ങളും അതേപടി ദഹിപ്പിക്കാൻ കഴിയുകയില്ല. ഈ ഉറുമ്പുകൾ അഴുകിത്തുടങ്ങിയ സസ്യഭാഗങ്ങൾ ശേഖരിച്ച് അറകളിൽ സൂക്ഷിക്കുകയും അവ ഫംഗസ് തോട്ടങ്ങൾ വളർത്താൻ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഉറുമ്പുകളുടെ ഫംഗസ് വിളകളെ ആക്രമിക്കുന്ന ഒരു അതിസൂക്ഷ്മ പരാദത്തിന് അവയുടെ ഭക്ഷ്യശേഖരം മുഴുവനായോ ഭാഗികമായോ നശിപ്പിക്കാൻ കഴിയും. അതിനാൽ ഫംഗസുകളെ സംരക്ഷിക്കുന്നതിനായി ഉറുമ്പുകൾ തങ്ങളുടെ ശരീരത്തിൽ ഒരു ബാക്ടീരിയയെ വളർത്തുന്നു. “പ്രശ്നക്കാരൻ ഫംഗസ് [പരാദം] പ്രത്യക്ഷപ്പെടുമ്പോൾ അറ്റൈൻ ഉറുമ്പുകൾ തങ്ങളുടെ ശരീരം പരാദത്തിന്മേൽ ഉരസി, കളനാശിനി നിക്ഷേപിക്കുകയാണു ചെയ്യുന്നത്” എന്ന് റിപ്പോർട്ടു പറയുന്നു.(g04 3/8)
വെനെസ്വേലയിലെ മിന്നൽ ഓസോൺ പാളിക്കു തുണയാകുന്നു
ഭൂമിക്കു ചുറ്റുമുള്ള ഓസോൺ വലയത്തിൽ 90 ശതമാനവും സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾകൊണ്ട് രൂപീകൃതമാകുന്നതാണെങ്കിലും അതിൽ 10 ശതമാനം രൂപംകൊള്ളുന്നത് അന്തരീക്ഷത്തിൽ അതിശക്തമായ വൈദ്യുത പ്രവാഹത്തിനിടയാക്കുന്ന മിന്നൽപ്പിണരുകളുടെ ഫലമായാണ്. വെനെസ്വേലയിലെ സുളിയാ സംസ്ഥാനത്തുള്ള കാറ്റാറ്റൂംബോ ദേശീയ പാർക്കിലെ ചതുപ്പു പ്രദേശത്ത് ശക്തമായ മിന്നൽപ്പിണരുകൾ ധാരാളമായി ഉണ്ടാകുന്നു. കാരക്കാസിലെ ദ ഡെയ്ലി ജേർണൽ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, കാറ്റാറ്റൂംബോ നദീതട പ്രദേശത്ത് വർഷത്തിൽ “140 മുതൽ 160 വരെ ദിവസം അതിശക്തമായ മിന്നൽപ്പിണരുകൾ ഉണ്ടാകുന്നു.” ജീർണിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽനിന്നുള്ള ഒരു ഉപോത്പന്നമായ മീഥേനും ചുറ്റപാടുമുള്ള കായലുകൾ, ചതുപ്പുകൾ എന്നിവയിൽനിന്നുള്ള പദാർഥങ്ങളും താഴ്ന്നു സ്ഥിതിചെയ്യുന്ന മേഘങ്ങളും രൂക്ഷമായ കാലാവസ്ഥയും ആണ് മിന്നൽപ്പിണരുകളുടെ ആധിക്യത്തിനു കാരണമെന്നു വിശ്വസിക്കപ്പെടുന്നു. കാറ്റാറ്റൂംബോയിലെ മിന്നലിന് മറ്റൊരു സവിശേഷതയുണ്ട്, ഇടിയുടെ ശബ്ദം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലാണ് അത് ഉണ്ടാകുന്നത്. “ഭൂഗോളത്തിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത പ്രകൃതിയിലെ ഒരു പ്രതിഭാസമാണിത്” എന്ന് ലോസ്റ്റ് വേൾഡ് അഡ്വെൻച്ചേഴ്സ് വെബ് സൈറ്റ് പറയുന്നു. (g04 3/8)
ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങൾ
ടോക്കിയോ, മോസ്കോ, ഒസാക്ക എന്നിവയാണ് ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങൾ. മെഴ്സർ മാനവശേഷി ഉപദേശകസമിതിയുടെ ഒരു പഠനമാണ് ഈ നിഗമനത്തിലെത്തിയത്. 144 നഗരങ്ങളെ ഉൾപ്പെടുത്തിയ ഈ സർവേയിൽ, വീട്ടുസാമാനങ്ങൾ, ഫർണിച്ചർ, വിനോദം, ഗതാഗതം, വസ്ത്രം, പാർപ്പിടം എന്നിവയെല്ലാം ഉൾപ്പെട്ട 200 സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും വില താരതമ്യം ചെയ്യുകയുണ്ടായി. ഏറ്റവും ജീവിതച്ചെലവേറിയ 20 നഗരങ്ങളിൽ പകുതിയും ഏഷ്യയിലാണ്. മോസ്കോ കഴിഞ്ഞാൽ ഏറ്റവും ചെലവേറിയ യൂറോപ്യൻ നഗരങ്ങൾ ജനീവ, ലണ്ടൻ, സൂറിച്ച് എന്നിവയാണ്. ആദ്യത്തെ 100 സ്ഥാനങ്ങളിൽ കാനഡയിലെ നഗരങ്ങൾ ഒന്നും ഉൾപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ പത്താം സ്ഥാനത്തു നിൽക്കുന്നത് ന്യൂയോർക്കാണ്. ഏറ്റവും ജീവിതച്ചെലവു കുറഞ്ഞ നഗരമെന്ന സ്ഥാനത്തു വിരാജിക്കുന്നത് പരാഗ്വേയിലെ അസുൻസിയോൺ ആണ്. (g04 3/8)
ജലദോഷത്തിന്റെ കാരണം
“തണുപ്പടിച്ചാൽ ജലദോഷം പിടിക്കും” എന്ന് ആളുകൾ സാധാരണ പറയാറുണ്ട്. എന്നിരുന്നാലും, “ഒരു നൂറ്റാണ്ടിലധികമായി, ശാസ്ത്രജ്ഞർ ഈ ചൊല്ലിൽ പതിരുണ്ടെന്നു തെളിയിക്കാനായി അസാധാരണ അളവിൽ സമയവും ശ്രമവും ചെലവഴിച്ചിട്ടുണ്ട്” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “എന്നാൽ അവർ ഈ ഉദ്യമങ്ങൾ എല്ലാം നടത്തിയിട്ടും ജലദോഷവും കാലാവസ്ഥയും തമ്മിൽ ബന്ധമില്ലെന്നു പൂർണമായി തെളിയിക്കാനാകാത്തതിനാൽഗവേഷണം തുടരുകയാണ്.” ജലദോഷം പിടിക്കുന്നതും ശരീരത്തു തണുപ്പടിക്കുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്—എന്തെങ്കിലും ഉണ്ടെങ്കിൽ—എന്നു മനസ്സിലാക്കാൻ 1878-ൽ ലൂയി പാസ്ചറിന്റെ കാലം മുതൽ ആയിരക്കണക്കിനു പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷകർക്ക് ഇന്നും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതിൽ അതിശയിക്കാനില്ല. ജലദോഷത്തെ കുറിച്ചുള്ള ഗവേഷണരംഗത്തെ അഗ്രഗണ്യരിൽ ഒരാളായ ഡോ. ഗ്വാൾട്ട്നി ജൂനിയർ പറയുന്നത് തണുത്ത കാലാവസ്ഥയല്ല മറിച്ച് ഈർപ്പമാണ് ജലദോഷം ഉണ്ടാകാൻ കാരണമാകുന്നത് എന്നാണ്. “ജലദോഷം ഒരൊറ്റ രോഗമല്ല, സമാനതയുള്ള നിരവധി രോഗങ്ങളുടെ ഒരു സങ്കീർണ സമ്മിശ്രമാണ്” എന്നതാണ് ശ്രദ്ധാർഹമായ സംഗതി. “ഒന്നിനുപിറകെ ഒന്നായി ഇവ ഓരോന്നും കാലാവസ്ഥയോടു പ്രതികരിക്കുന്ന വിധമാണ് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്തത്” എന്നു ടൈംസ് പറയുന്നു. (g04 3/8)
ബിസിനസ്സ് കാർഡുകളുടെ കാലം കഴിയുകയാണോ?
“തട്ടിക്കൊണ്ടുപോകൽ ഒരു തുടർക്കഥയായി മാറിയിരിക്കുന്ന ബ്രസീലിൽ എക്സിക്യൂട്ടിവുകൾ തങ്ങളുടെ ഉദ്യോഗനാമവും പദവിയും വെളിപ്പെടുത്തുന്ന കാർഡുകൾ കൊണ്ടുനടക്കാതിരിക്കുന്നതാണ് ഏറെ സുരക്ഷിതം” എന്ന് സുരക്ഷാ ഉപദേശകനായ കാൾ പലാഡീനി പറയുന്നതായി ബ്രസീലിയൻ ബിസിനസ്സ് പത്രികയായ എസാമി റിപ്പോർട്ടു ചെയ്തു. അത്തരം വ്യക്തിപരമായ വിവരങ്ങൾ ഒരുവന്റെ സാമ്പത്തിക നില മനസ്സിലാക്കാൻ കുറ്റവാളികളെ സഹായിക്കുന്നു. ഒരു വലിയ സുരക്ഷാ കമ്പനിയായ ക്രോളിന്റെ ഡയറക്ടറായ വാഗ്നർ ഡാൻജെലോ “നിങ്ങളുടെ പേഴ്സിലെ വിവരങ്ങൾക്ക് നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ കഴിയും” എന്നുപോലും പറയാൻ പ്രേരിതനായി. തട്ടിക്കൊണ്ടുപോകലും മറ്റും സാധാരണമായിത്തീർന്നിരിക്കുന്ന രാജ്യങ്ങളിലെ ബിസിനസ്സുകാരോട് അവരുടെ ഉദ്യോഗനാമം, പദവി തുടങ്ങിയ എല്ലാ പരാമർശങ്ങളും കാർഡിൽനിന്നു മാറ്റാനും “വിലകൂടിയ കടലാസ് ഉപയോഗിക്കുന്നതും വിവരങ്ങൾ വളരെ ആകർഷകമായ വിധത്തിൽ എഴുതുന്നതുമൊക്കെ നിറുത്താനും” അദ്ദേഹം ഉപദേശിക്കുന്നു. ഈ അടവും കുറ്റവാളികൾ പെട്ടെന്നുതന്നെ മനസ്സിലാക്കാൻ ഇടയുണ്ടെന്നു ഭയന്ന് ചില എക്സിക്യൂട്ടിവുകൾ ബിസിനസ്സ് കാർഡ്തന്നെ ഉപയോഗിക്കുന്നതു നിറുത്തിയിരിക്കുന്നു. (g04 3/22)
കുട്ടിയുടെ മരണം മാതാപിതാക്കളെ ബാധിക്കുന്ന വിധം
“ഹൃദയം പൊട്ടി മരിക്കുക എന്നത് വെറുമൊരു ആലങ്കാരിക പ്രയോഗം ആയിരിക്കണമെന്നില്ല” എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. ഡെൻമാർക്കിലെ ഒർഹൂസ് സർവകലാശാലയിലെ ഗവേഷകർ, “അവിടത്തെ 21,062 മാതാപിതാക്കളുടെ ജീവിതം പഠനവിധേയമാക്കി. രോഗം, അപകടം, കൊലപാതകം, ആത്മഹത്യ എന്നീ കാരണങ്ങളാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ മരണത്തിൽ നഷ്ടപ്പെട്ടവരായിരുന്നു അവർ.” കുട്ടികളെ മരണത്തിൽ നഷ്ടപ്പെടാത്ത 3,00,000 മാതാപിതാക്കളുമായി ഗവേഷകർ ഇവരെ താരതമ്യപ്പെടുത്തി. “കുട്ടിയുടെ മരണത്തിന്റെ ആദ്യ മൂന്നു വർഷത്തിനുള്ളിൽ അസ്വാഭാവികമായ കാരണങ്ങളാൽ—സാധാരണമായി അപകടം, ആത്മഹത്യ—മാതാവ് മരണമടയാനുള്ള സാധ്യത നാലിരട്ടിയാണ്. പിതാവിന്റെ കാര്യത്തിൽ അപകടസാധ്യത 57 ശതമാനം വർധിച്ചു.” വർധിച്ച സമ്മർദം ആയിരിക്കാം ഉയർന്ന മരണനിരക്കിനുള്ള മുഖ്യ കാരണമെന്നു ഗവേഷകർ കരുതുന്നു. (g04 3/22)
ലോകത്തിലെ ഏററവും ഉയരം കൂടിയ കെട്ടിടം നിർമിക്കാനുള്ള മത്സരം വീണ്ടും
“ലോകത്തെമ്പാടുമുള്ള നഗരാസൂത്രണ വിദഗ്ധർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമിക്കാൻ വീണ്ടും മത്സരിക്കുകയാണ്,” ദ വാൾസ്ട്രീറ്റ് ജേർണൽ പ്രസ്താവിക്കുന്നു. തായ്വാനിലെ തായ്പെയിൽ 508 മീറ്റർ ഉയരം പ്രതീക്ഷിക്കുന്ന ഒരു അംബരചുംബി നിർമാണദശയിലാണ്. ന്യൂയോർക്ക് നഗരത്തിൽ ഉണ്ടായിരുന്ന ഇരട്ട ഗോപുരങ്ങളെക്കാൾ ഏതാണ്ട് 90 മീറ്റർ കൂടുതൽ ഉയരമാണ് ഇത്. അതേസമയം, ചൈന ഷാങ്ഹായിയിൽ 492 മീറ്റർ ഉയരമുള്ള ലോക സാമ്പത്തിക കേന്ദ്രം നിർമിക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ്. തായ്വാനിലെ കെട്ടിടത്തിന്റെ 50 മീറ്റർ ഉയരം ടെലിവിഷൻ ആന്റിനയുടേതാണെന്നും അതിനാൽ തങ്ങളുടെ കെട്ടിടത്തിനാണ് യഥാർഥത്തിൽ അതിനെക്കാൾ ഉയരമുള്ളതെന്നും ഷാങ്ഹായ് അധികൃതർ അവകാശപ്പെടുന്നു. സോൾ നഗരത്തിൽ അതിനെക്കാൾ ഉയരത്തിൽ, 540 മീറ്റർ പൊക്കമുള്ള അന്താരാഷ്ട്ര വ്യാപാരകേന്ദ്രം നിർമിക്കാൻ ദക്ഷിണ കൊറിയ ആഗ്രഹിക്കുന്നു. എന്നാൽ പിന്തള്ളപ്പെടാൻ താത്പര്യമില്ലാത്തതിനാൽ, സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ടതിന് പകരമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ന്യൂയോർക്ക് നഗരത്തിൽ നിർമിക്കാനുള്ള നിർദേശം ചിലർ മുന്നോട്ടു വെച്ചിരിക്കുന്നു. “2001-ലെ ആക്രമണത്തിനു ശേഷം ഇത്ര പെട്ടെന്ന് ഏറ്റവും ഉയരമുള്ള കെട്ടിടം നിർമിക്കാനുള്ള മത്സരം പുനരാരംഭിക്കുമെന്ന് അധികമാരും വിചാരിച്ചിരിക്കില്ല,” ജേർണൽ പറയുന്നു. (g04 2/8)