ഒരു കൊലയാളിയെ കൈകാര്യം ചെയ്യുന്നു
ഒരു കൊലയാളിയെ കൈകാര്യം ചെയ്യുന്നു
കാനഡയിലെ ഉണരുക! ലേഖകൻ
കൊലയാളി ഇരയെത്തേടി വനത്തിലൂടെ അതിശീഘ്രം നീങ്ങുകയാണ്. പ്രായമായവ മാത്രമാണ് അതിന്റെ ലക്ഷ്യം. ഇര തന്നെക്കാൾ വളരെ വലുതാണെന്നുള്ളതൊന്നും അതിനൊരു പ്രശ്നമല്ല. ഇരയെ പൂർണമായി നശിപ്പിക്കുന്നതുവരെ അതിന് ഉറക്കം വരില്ല. ഇര, ആക്രമണകാരിയെ തുരത്താൻ ശ്രമിക്കുന്നതോടെ ഒരു ജീവന്മരണ പോരാട്ടം ആരംഭിക്കുകയായി. എന്നാൽ ഒടുവിൽ വിജയിക്കുന്നതോ, കൊലയാളി തന്നെ.
ഈ കൊലയാളി ആരാണെന്നല്ലേ? വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഇത്തിരിപ്പോന്ന ഒരു മലവണ്ട്. ഇരയോ? സാധാരണമായി, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ ഉൾഭാഗങ്ങളിൽ കണ്ടുവരുന്ന കൂറ്റൻ ലോഡ്ജ്പോൾ പൈൻമരവും.
ബ്രിട്ടീഷ് കൊളംബിയയുടെ വനപ്രദേശത്തിന്റെ ഏകദേശം 35 ശതമാനവും ലോഡ്ജ്പോൾ പൈനുകൾകൊണ്ട് നിറഞ്ഞതാണ്—പൈൻ മരങ്ങളെ ആക്രമിക്കുന്ന മലവണ്ടിന്റെ വളർച്ചയ്ക്കു പറ്റിയ ചുറ്റുപാടു തന്നെ. നീണ്ടുരുണ്ട ആകൃതിയിൽ, വെറും മൂന്നു മുതൽ എട്ടു വരെ മില്ലിമീറ്റർ വലിപ്പമുള്ള ഈ വണ്ടുകൾ ആരോഗ്യമില്ലാത്ത ഒരുപാടു പ്രായമായ പൈൻമരങ്ങളെയാണ് ആദ്യമൊക്കെ ആക്രമിക്കുന്നത്. എന്നാൽ വണ്ടുകൾ പെരുകവെ, അവ ആരോഗ്യമുള്ള വളർച്ചയെത്തിയ മരങ്ങളെയും ആക്രമിക്കാൻ തുടങ്ങുന്നു. (“പൈൻമരങ്ങളെ ആക്രമിക്കുന്ന മലവണ്ടിന്റെ ജീവിതചക്രം” എന്ന ഭാഗം കാണുക.) ബ്രിട്ടീഷ് കൊളംബിയയിൽ അടുത്തകാലത്തുണ്ടായ വ്യാപകമായ ആക്രമണങ്ങളുടെ ഫലമായി മൂന്നു കോടി മരങ്ങളാണ് ഒരൊറ്റ വർഷംകൊണ്ടു നശിച്ചത്. ആക്രമണവിധേയമായ ഒരു മരത്തിൽനിന്ന്, അതേ വലിപ്പത്തിലുള്ള രണ്ടു മരങ്ങളെ അടുത്ത വർഷം നശിപ്പിക്കാൻപോന്നത്രയും വണ്ടുകൾ പുറത്തു വരുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ മലവണ്ട് ആവാസവ്യവസ്ഥയുടെ ഭാഗം തന്നെയാണ്. പ്രായമായ പൈൻമര കൂട്ടങ്ങളെ നശിപ്പിച്ചുകൊണ്ട് പുതിയ മരങ്ങൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ കാട്ടുതീയ്ക്ക് എന്നപോലെ ഇവയ്ക്കും ഒരു പങ്കുണ്ട്. എന്നാൽ മനുഷ്യൻ ഈ പ്രകൃതി നിയമത്തിൽ കൈകടത്തിയിരിക്കുന്നു. കാട്ടുതീ പടർന്നുതുടങ്ങുമ്പോൾത്തന്നെ അവർ അതു കണ്ടുപിടിക്കുകയും അണയ്ക്കുകയും ചെയ്യുന്നതുകൊണ്ട് മുതിർന്നതും പ്രായമായതുമായ ഒരുപാടു പൈൻമരങ്ങൾ നാശത്തെ അതിജീവിക്കുന്നു. വന്യജീവികളുടെ സ്വാഭാവിക ചുറ്റുപാടുകളും ദേശാന്തരഗമന പാതകളും വിനോദ-വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വനങ്ങളും സംരക്ഷിക്കുന്നതിന് ഇതുവഴി സാധിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ മലവണ്ടുകൾ പെരുകുന്നതിനും ഇത് ഇടയാക്കിയിരിക്കുന്നു. അതുകൊണ്ട് അവയെ നിയന്ത്രിക്കേണ്ടത് ആവശ്യമായിത്തീർന്നിരിക്കുന്നു. എന്നാൽ വിശാലമായ വനത്തിനുള്ളിൽ ഈ ചെറിയ ജീവികൾ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും? ഇനി കണ്ടുപിടിച്ചാൽത്തന്നെ അവയുടെ അടുത്ത് എങ്ങനെ എത്തിപ്പെടും? നാശം വിതച്ചുകൊണ്ടുള്ള അവയുടെ മുന്നേറ്റത്തിനു കടിഞ്ഞാണിടാനായി എന്താണു ചെയ്യാൻ സാധിക്കുക?
ആക്രമിക്കപ്പെട്ട പ്രദേശങ്ങൾ കണ്ടെത്തി അവിടെ എത്തിച്ചേരൽ
മലവണ്ടുകളെ നിയന്ത്രിക്കണമെങ്കിൽ ആദ്യംതന്നെ അവ എവിടെയൊക്കെയാണ് ഉള്ളതെന്നു കണ്ടുപിടിക്കണം. മകുട ഭാഗം ചെമപ്പായിത്തീർന്നിരിക്കുന്ന മരങ്ങൾ കണ്ടെത്തുന്നതിനായി ഒരു വ്യോമനിരീക്ഷണം നടത്തുന്നു. വൃക്ഷത്തലപ്പ് ചെമക്കുന്നത് വണ്ടുകൾ അതിനെ ആക്രമിച്ചിട്ടുണ്ട് എന്നുള്ളതിന്റെ ലക്ഷണമാണ്. ഒരു പച്ച പരവതാനിയിലെ ചെമന്ന പുള്ളികൾപോലെ കാണപ്പെടുന്ന ഈ മരങ്ങൾ ഒറ്റ നോട്ടത്തിൽത്തന്നെ കണ്ണിൽപ്പെടും. ആക്രമണം ഉള്ളത് എവിടെയൊക്കെയാണെന്നും എത്ര മരങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ആഗോള സ്ഥാനനിർണയ സംവിധാനത്തിന്റെ [ജിപിഎസ്] സഹായത്താൽ തിട്ടപ്പെടുത്തുന്നു. ഈ വിവരങ്ങളെല്ലാം കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു കമ്പ്യൂട്ടറിൽ ശ്രദ്ധാപൂർവം രേഖപ്പെടുത്തിയിട്ട് പിന്നീട് ഓഫീസ് കമ്പ്യൂട്ടറുകളിലേക്കു മാറ്റുന്നു.
തുടർന്ന്, കാര്യക്ഷമമായ ‘ഭൂമിശാസ്ത്ര വിവര സംവിധാന’ങ്ങളുടെ സഹായത്താൽ, വനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഭൂപടങ്ങളിൽ ആ വിവരങ്ങൾ രേഖപ്പെടുത്തുന്നു. ആക്രമണത്തിനിരയായ ഓരോ പ്രദേശത്തിനും ഓരോ നമ്പർ കൊടുക്കുന്നു, എന്നിട്ട് ആ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന നിർദേശാങ്കങ്ങളുടെ ഒരു ലിസ്റ്റു തയ്യാറാക്കുന്നു. ആക്രമണത്തിന്റെ തീവ്രത പരിശോധിക്കാൻ പോകുന്ന ഭൗമനിരീക്ഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്.എന്നാൽ, വനത്തിന് യഥാർഥ ഭീഷണിയായിരിക്കുന്നത് മകുട ഭാഗം ചെമപ്പായിത്തീർന്നിരിക്കുന്ന മരങ്ങളല്ല. പിന്നെയോ ഇപ്പോൾ വണ്ടുകളുടെ ആക്രമണത്തിൻ കീഴിലായിരിക്കുന്ന പച്ച മരങ്ങളാണ്. വണ്ടുകൾ മരത്തിനുള്ളിലേക്ക് കയറിപ്പോകാൻ ഉണ്ടാക്കിയ തുളയ്ക്കു ചുറ്റുമായി ഉണങ്ങി കട്ടപിടിച്ചിരിക്കുന്ന മരക്കറയും മരച്ചുവട്ടിൽ കിടക്കുന്ന തരിതരിയായുള്ള പൊടിയും കണ്ടാണ് സാധാരണഗതിയിൽ ഇത്തരം മരങ്ങളെ തിരിച്ചറിയുന്നത്. ആക്രമണവിധേയമായ മരങ്ങളിലെല്ലാം ഒരു അടയാളമെന്ന നിലയിൽ പ്ലാസ്റ്റിക്ക് റിബണുകൾ കെട്ടുകയും പെയിന്റുകൊണ്ട് നമ്പരെഴുതുകയും ചെയ്യുന്നു. കൂടാതെ ഭൂപ്രദേശത്തിന്റെ സവിശേഷതകളും ആക്രമിക്കപ്പെട്ടിരിക്കുന്ന മരങ്ങളുടെ എണ്ണവും ആക്രമണത്തിന്റെ വ്യാപനം തടയാൻ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ ചുമതലപ്പെട്ടവരെ സഹായിക്കുന്ന മറ്റെല്ലാ വിവരങ്ങളും കുറിച്ചുവെക്കുന്നു.
നിയന്ത്രിക്കാനുള്ള മാർഗങ്ങൾ
ഒരു പ്രദേശത്തെ മരങ്ങൾ ഒന്നാകെ വെട്ടിനീക്കേണ്ടി വരുംവിധം ഒട്ടേറെ മരങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ആ പ്രദേശത്തിന്റെ മാപ്പ് നിർമിക്കാനായി മറ്റൊരു സംഘത്തെ അങ്ങോട്ട് അയയ്ക്കുന്നു. മരങ്ങൾ മുറിച്ചുനീക്കുന്നതു സംബന്ധിച്ചുള്ള ഒരു പ്ലാൻ തയ്യാറാക്കി വനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. മരങ്ങൾ വെട്ടാനുള്ള ചുമതല ഏറ്റെടുത്ത കമ്പനിതന്നെ ആ പ്രദേശത്തു പുതിയ തൈകൾ വെച്ചുപിടിപ്പിക്കുകയും തനിയെ വളരാറാകുന്നതു വരെ അവയെ പരിപാലിക്കുകയുമെല്ലാം ചെയ്യണം. മരങ്ങൾ ഇങ്ങനെ വെട്ടിമാറ്റുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ പലതാണ്. അത് വണ്ടുകളുടെ ആക്രമണം വ്യാപിക്കുന്നത് തടയുകയും പുതിയ വൃക്ഷങ്ങളുടെ വളർച്ച സാധ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, വെട്ടിമാറ്റുന്ന മരങ്ങൾ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.
എന്നാൽ ഒരു പ്രദേശത്തെ മരങ്ങൾ ഒന്നാകെ വെട്ടിനീക്കേണ്ട ആവശ്യം ഇല്ലാത്തപ്പോൾ ആക്രമണവിധേയമായ ഓരോ മരത്തിനും പ്രത്യേകം പ്രത്യേകം ശ്രദ്ധ നൽകുന്നതായിരിക്കും. മരത്തിൽ കീടനാശിനികൾ കുത്തിവെക്കുന്നതോ ആക്രമണത്തിന് ഇരയായ മരം മാത്രം വെട്ടി കത്തിച്ചുകളയുന്നതോ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമതു പറഞ്ഞ സംഗതി വണ്ടുകൾ പുറത്തേക്കു വന്നുതുടങ്ങുന്നതിനു മുമ്പ്, അതായത് ശൈത്യകാലത്തിന്റെ ഒടുവിലോ വസന്തത്തിന്റെ തുടക്കത്തിലോ ആണു ചെയ്യുന്നത്. ഈ മാർഗം വളരെ ഫലപ്രദമാണ്, ഒപ്പം കഠിനാധ്വാനം ഉൾപ്പെട്ടതും. വണ്ടുകൾ ആക്രമിച്ചിരിക്കുന്ന മരങ്ങൾ കണ്ടുപിടിക്കുന്നതിലും ആക്രമണം നിയന്ത്രിക്കുന്നതിലും വിദഗ്ധനായ ഡേൽ ഒരു സാധാരണ ജോലിദിവസത്തെ സംഭവങ്ങൾ ഉണരുക!യോടു വിശദീകരിക്കുന്നു:
“വലിയ തടിലോറികൾ കടന്നുപോകുന്ന, ഇരുവശത്തേക്കും ഗതാഗതമുള്ള, വീതികുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പോകുന്നതാണ് ഉൾപ്പെട്ടിരിക്കുന്ന ആദ്യ സംഗതി. റോഡിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഞങ്ങൾ ഒരു വയർലെസ്സ് സെറ്റ് ഉപയോഗിക്കുന്നു. റോഡ് തീരുന്നിടത്തുനിന്ന് ഞങ്ങൾ സ്
നോമൊബൈലുകളിലും സ്ലെഡുകളിലുമായി ഹിമത്തിലൂടെ വനാന്തരങ്ങളിലേക്കു പോകുന്നു. ജിപിഎസും വടക്കുനോക്കിയന്ത്രങ്ങളും ഞങ്ങളുടെ ബാഗുകളിൽ സുരക്ഷിതമായി വെച്ചിട്ടുണ്ടാകും. കൂടാതെ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച അറപ്പുവാളുകൾ, പെട്രോൾ, ഓയിൽ, കോടാലികൾ, റേഡിയോകൾ,
ഹിമഷൂസ്, പ്രഥമശുശ്രൂഷയ്ക്കുള്ള സാമഗ്രികൾ എന്നിവയും ഞങ്ങൾ കരുതിയിട്ടുണ്ടാകും. വനത്തിനുള്ളിലെ ചതുപ്പു നിലങ്ങളിലൂടെയും വെട്ടിത്തെളിച്ച പ്രദേശങ്ങളിലൂടെയും മുമ്പ് ആളുകൾ സഞ്ചരിച്ച പാതകളിലൂടെയും ഏതാനും കിലോമീറ്റർ ഞങ്ങൾ യാത്രചെയ്യുന്നു. ഹിമവാഹനങ്ങൾക്കു മുമ്പോട്ടു പോകാൻ നിർവാഹമില്ലാത്ത ഘട്ടമെത്തുമ്പോൾ ഞങ്ങൾ ഹിമഷൂസുമിട്ട് കഷ്ടപ്പെട്ടാണെങ്കിലും മഞ്ഞിലൂടെ നടന്നു തുടങ്ങുന്നു. ചില സ്ഥലങ്ങളിൽ മഞ്ഞിന് 120 സെന്റിമീറ്റർ വരെ കട്ടിയുണ്ടായിരിക്കും.“നേരെ ചൊവ്വെ വഴിയൊന്നും ഇല്ലാത്ത ഒരു പ്രദേശത്തുകൂടെ 15 കിലോഗ്രാം ഭാരവും പേറി നടക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. നടന്നുനടന്നു വശംകെടുമെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതോടെ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു! എന്നാൽ യഥാർഥത്തിൽ ജോലി ആരംഭിക്കാൻ പോകുന്നതേ ഉള്ളൂ. ലക്ഷ്യം പിഴയ്ക്കാതെ അമ്പെയ്യുന്ന വിദഗ്ധനായ ഒരു വില്ലാളിയെ പോലെ, പരിശീലനം ലഭിച്ച ഒരു തൊഴിലാളി ആക്രമണവിധേയമായ മരങ്ങൾ ഒന്നൊന്നായി വളരെ കൃത്യതയോടെ വെട്ടിവീഴ്ത്തുന്നു. തുടർന്ന് സംഘത്തിലെ എല്ലാവരും ചേർന്ന് കത്തിക്കാൻ പറ്റിയ വലിപ്പത്തിൽ മരങ്ങൾ മുറിക്കുന്നു. ലാർവകളെ നശിപ്പിക്കുന്നതിന് മരപ്പട്ട പൂർണമായി കത്തിച്ചുകളയേണ്ടതുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി ഞങ്ങൾ പണിനിറുത്തുമ്പോൾ -20 ഡിഗ്രി സെൽഷ്യസാണ് താപനില. അൽപ്പനേരം തീകായാൻ അവസരം കിട്ടുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. തണുത്തുറഞ്ഞ സാൻഡ്വിച്ചുകൾ ഞങ്ങൾ ഈ സമയത്തു ചൂടാക്കുകയും ചെയ്യുന്നു. അതുകഴിഞ്ഞ് വീണ്ടും പണി. എന്നാൽ ഏറെ താമസിയാതെതന്നെ ശൈത്യകാല വാനം ഇരുണ്ടുതുടങ്ങി, അതേ തിരിച്ചുപോകാൻ സമയമായിരിക്കുന്നു.”
വനത്തിനുള്ളിലെ ജോലി
വനംതൊഴിലാളികളുടെ പണി വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ജോലിയോടു ബന്ധപ്പെട്ട് ഉയർന്നു വരുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യേണ്ടതുണ്ടെങ്കിലും, വിദഗ്ധരായ ഈ തൊഴിലാളികൾ തങ്ങൾക്കു ചുറ്റുമുള്ള സൃഷ്ടിയിലെ അത്ഭുതങ്ങൾ കണ്ട് ആസ്വദിക്കുകയും ചെയ്യുന്നു. വശ്യസുന്ദരമായ ഭൂപ്രകൃതിയും ചില വന്യജീവികളെ കണ്ടുമുട്ടുന്ന അവിസ്മരണീയ സന്ദർഭങ്ങളും ഇതിൽ പെടും. ചിലപ്പോൾ ഒരു ചതുപ്പുനിലക്കോഴി നമ്മുടെ തൊട്ടുമുന്നിലായി, മഞ്ഞിനിടയിൽനിന്ന് ഒച്ചവെച്ചുകൊണ്ട് ചിറകടിച്ചു പൊങ്ങിയേക്കാം. മറ്റുചിലപ്പോൾ ഒരു അണ്ണാൻ അതിന്റെ ഗതികേടിന് പൊത്തിൽനിന്ന് പാഞ്ഞുവന്ന് ഒരു തൊഴിലാളിയുടെ പാന്റിനുള്ളിലേക്കു കയറിയേക്കാം. എന്നാൽ ഇതൊന്നും അല്ലാതെ യഥാർഥത്തിൽ ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യങ്ങളെയും നേരിടേണ്ടി വരുന്നു. ഒരു ഗ്രിസ്ലികരടിയോ കരിങ്കരടിയോ ചിലപ്പോൾ അവരെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമം നടത്തിയേക്കാം. എന്നാൽ സാധാരണഗതിയിൽ, തൊഴിലാളികളെ ബോധവത്കരിക്കുന്നതിലൂടെയും പരിശീലിപ്പിക്കുന്നതിലൂടെയും അപകടങ്ങൾ വളരെയധികം കുറയ്ക്കാൻ കഴിയും. അങ്ങനെ അമിതമായ ഭയംകൂടാതെ അവർക്കു തങ്ങൾ ജോലിചെയ്യുന്ന ചുറ്റുപാടുകൾ ആസ്വദിക്കാൻ കഴിയും.
ഭൂമിയിലെ വിലപ്പെട്ട വിഭവങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുന്നതിന് സഹായകമായ സാങ്കേതികവിദ്യയിൽ ഇപ്പോൾ ആവേശകരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. മലവണ്ടിനെ പോലുള്ള ജീവികളെയും മറ്റും നിയന്ത്രിച്ചുകൊണ്ട് നമ്മുടെ വിലപ്പെട്ട വൃക്ഷങ്ങളെ സംരക്ഷിക്കാൻ പല നല്ല ആളുകളും ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. നമ്മുടെ അത്ഭുതകരമായ വനങ്ങളെ കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ടെന്നുള്ളതിൽ സംശയമില്ല. പ്രകൃതിയുടെ നിയമങ്ങളോടുള്ള പൂർണ യോജിപ്പിൽ അവയെ പരിപാലിക്കാൻ കഴിയുന്ന ഒരു സമയത്തിനായി നാമെല്ലാം അതിയായി ആഗ്രഹിക്കുന്നു.
[22-ാം പേജിലെ ചതുരം/രേഖാചിത്രം]
പൈൻമരങ്ങളെ ആക്രമിക്കുന്ന മലവണ്ടിന്റെ ജീവിതചക്രം
വേനൽ പകുതിയാകുന്നതോടെ, പ്രായപൂർത്തിയായ ഒരു പെൺവണ്ട് ലോഡ്ജ്പോൾ പൈൻമരത്തിന്റെ തൊലി കുത്തിത്തുരന്ന് തടിവെള്ളയിലേക്കു കടക്കുന്നു. ഇണചേർന്ന ശേഷം അവൾ അവിടെ 75-ഓളം മുട്ടകളിടുന്നു. മരക്കറ ഒഴുകിവന്ന് വണ്ടുകളെ നശിപ്പിക്കുന്നത് തടയുന്നതിനായി ഒരു ഫംഗസിനെയും—നീലനിറത്തിലുള്ള കറ ഉത്പാദിപ്പിക്കുന്ന ഫംഗസ്ഇതോടൊപ്പം അവൾ തടിയുടെ വെള്ളയിലേക്കു കടത്തിവിടുന്നു. മുട്ടകൾ വിരിഞ്ഞ് കമ്പിളിപ്പുഴുപോലത്തെ ലാർവകൾ പുറത്തുവരുന്നു. ഇവ മരത്തിന്റെ ഫ്ളോയം (മരത്തിന്റെ സങ്കീർണമായ ഒരു കല) തിന്നു ജീവിക്കുന്നു. വണ്ട് ആക്രമണം തുടങ്ങി ആഴ്ചകൾക്കുള്ളിൽത്തന്നെമരത്തിലൂടെയുള്ള വെള്ളത്തിന്റെയും പോഷകങ്ങളുടെയും ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ—മരത്തിന്റെ കഥകഴിയുന്നു. ശൈത്യകാലംകൊണ്ട് ലാർവകൾ വളർച്ചപ്രാപിക്കുന്നു. അടുത്ത വേനലാകുന്നതോടെ പുതിയ മരങ്ങളെ ആക്രമിച്ചുകൊണ്ട് ഈ ചക്രം ആവർത്തിക്കാൻ അവ ഒരുങ്ങിക്കഴിഞ്ഞിരിക്കും.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
വളർച്ചയെത്തിയ വണ്ട്
മുട്ടകൾ
ലാർവ
പ്യൂപ്പ
[22, 23 പേജുകളിലെ ചിത്രങ്ങൾ]
കേടുവന്ന ഒരു മരത്തിന്റെ ക്ലോസപ്പ്
ആക്രമണവിധേയമായ മരങ്ങൾ
മരക്കറ