കൊച്ചു പീറ്ററിന് പിന്നീട് എന്തു സംഭവിച്ചു?
കൊച്ചു പീറ്ററിന് പിന്നീട് എന്തു സംഭവിച്ചു?
ഇക്വഡോറിലെ ഉണരുക! ലേഖകൻ
ഉണരുക!യുടെ (ഇംഗ്ലീഷ്) 1970 ആഗസ്റ്റ് 22 ലക്കത്തിൽ “രക്തപ്പകർച്ച കൂടാതെയുള്ള ഹൃദയ ശസ്‌ത്രക്രിയ” എന്ന ശീർഷകത്തോടെ ഒരു ലേഖനം വന്നിരുന്നു. 1963-ൽ, ജീവൻ രക്ഷിക്കാനായി ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്ന കാനഡക്കാരനായ പീറ്റർ എന്ന ഏഴു വയസ്സുകാരന്റെ ജീവിതകഥ അതിൽ വിവരിച്ചിരുന്നു.
പീറ്ററിന്റെ ഹൃദയ വാൽവിന്റെ തകരാറു ഭേദമാക്കുന്ന ഒരു ചികിത്സാ രീതിയെ കുറിച്ച് അവനെ ആദ്യം ചികിത്സിച്ച ഡോക്ടർ അവന്റെ മാതാപിതാക്കളോടു പറഞ്ഞു. തുടർന്ന്, മാതാപിതാക്കൾ അവനെ ഒരു ഹൃദ്രോഗവിദഗ്ധന്റെ അടുക്കൽ കൊണ്ടുചെന്നു. എന്നാൽ, രക്തം കൂടാതെ ഓപ്പറേഷൻ നടത്താനാകുമോ എന്ന ചോദ്യത്തിന് ആ ഡോക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു: “ഇല്ല, എന്റെ അറിവിൽ അത് ഒരിക്കലും സാധ്യമല്ല.”
നിരുത്സാഹപ്പെടാതെ പീറ്ററിന്റെ മാതാപിതാക്കൾ അന്വേഷണം തുടർന്നു. ഒടുവിൽ, രക്തം കൂടാതെ ഓപ്പറേഷൻ നടത്താൻ സന്നദ്ധനായ ഒരു ഡോക്ടറെ അവർ കണ്ടെത്തി. തുടർന്ന് എന്തു സംഭവിച്ചു? പീറ്റർ ഓപ്പറേഷനെ അതിജീവിച്ചെങ്കിലും അത് എത്രത്തോളം വിജയപ്രദമാണെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു എന്ന് ആ ഡോക്ടർ പീറ്ററിന്റെ മാതാപിതാക്കളോടു പറഞ്ഞു. അങ്ങനെയെങ്കിൽ, കൊച്ചു പീറ്ററിന് പിന്നീട് എന്തു സംഭവിച്ചു?
പീറ്ററിന് 13 വയസ്സുള്ളപ്പോൾ അവനും കുടുംബവും ദൈവരാജ്യ സുവാർത്താ പ്രസംഗകരുടെ ആവശ്യം അധികമുള്ള തെക്കേ അമേരിക്കയിലെ ഇക്വഡോറിലേക്കു താമസം മാറ്റി. (മത്തായി 24:14) 15-ാം വയസ്സിൽ സ്നാപനമേറ്റ പീറ്റർ 18-ാം വയസ്സിൽ ഒരു സാധാരണ പയനിയറും (മുഴു സമയ സുവിശേഷകൻ) 26-ാം വയസ്സിൽ ഒരു പ്രത്യേക പയനിയറും ആയിത്തീർന്നു. സമുദ്ര നിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിലുള്ള ആൻഡീസ് പർവത പ്രദേശമായ പൂയെബ്ലോയിൽ ആയിരുന്നു അദ്ദേഹത്തിനു പ്രത്യേക പയനിയർ നിയമനം ലഭിച്ചത്. 1988-ൽ, 31 വയസ്സുള്ളപ്പോൾ ഭാര്യ ഇസാബെലിനോടൊപ്പം പീറ്റർ, വാച്ച് ടവർ സൊസൈറ്റിയുടെ ഒരു സഞ്ചാര പ്രതിനിധിയായി സേവിക്കാൻ തുടങ്ങി. ഓരോ വാരത്തിലും ഓരോ സഭ സന്ദർശിച്ച് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്നും അദ്ദേഹം ആ പദവിയിൽ തുടരുന്നു.
കർമനിരതമായ ജീവിതമാണു പീറ്ററിന്റേത്. അദ്ദേഹത്തിന് വീണ്ടുമൊരു ശസ്‌ത്രക്രിയ വേണ്ടിവന്നതേയില്ല. രോഗികളുടെ അവകാശങ്ങളെ ആദരിച്ചിരിക്കുന്ന കഴിവുറ്റ ശസ്ത്രക്രിയാ വിദഗ്ധരോട് പീറ്ററും മറ്റ് ആയിരക്കണക്കിനു സാക്ഷികളും എത്ര കൃതജ്ഞതയുള്ളവരാണ്!
[23-ാം പേജിലെ ചിത്രം]
ശസ്‌ത്രക്രിയ കഴിഞ്ഞ് ഉടനെ എടുത്ത ഏഴു വയസ്സുള്ള പീറ്ററിന്റെ ചിത്രം
[23-ാം പേജിലെ ചിത്രം]
പീറ്റർ ജോൺസ്റ്റനും ഭാര്യ ഇസാബെലും ഇന്ന്