ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
തോൽവികളിൽ പതറാതെ വിജയത്തിലേക്ക്
-
ജനനം: 1953
-
രാജ്യം: ഓസ്ട്രേലിയ
-
ചരിത്രം: അശ്ലീലത്തിന് അടിമ
മുൻകാലജീവിതം:
1949-ൽ ജർമനിയിൽനിന്ന് ഓസ്ട്രേലിയയിലേക്കു കുടിയേറിയതാണ് എന്റെ അച്ഛൻ. ഖനന-വൈദ്യുതോത്പാദന മേഖലയിൽ ഒരു ജോലിയായിരുന്നു ലക്ഷ്യം. വിക്ടോറിയയുടെ ഗ്രാമപ്രദേശങ്ങളിൽ താമസമാക്കിയ അദ്ദേഹം അവിടെവെച്ച് എന്റെ അമ്മയെ വിവാഹം കഴിച്ചു. 1953-ലായിരുന്നു എന്റെ ജനനം.
കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അമ്മ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ബൈബിൾ പഠിപ്പിക്കലുകൾ ഓർമവെച്ച നാൾ മുതലേ എന്റെ മനസ്സിലുണ്ടായിരുന്നു. എങ്കിലും അച്ഛന് ഒരു മതത്തോടും തീരെ താത്പര്യമില്ലായിരുന്നു. ഇടയ്ക്കിടെ അക്രമാസക്തനാകുമായിരുന്ന അദ്ദേഹം അമ്മയെ വിരട്ടിയിരുന്നു. അമ്മയ്ക്ക് അദ്ദേഹത്തെ പേടിയുമായിരുന്നു. പക്ഷേ അമ്മ തുടർന്നും രഹസ്യമായി ബൈബിൾ പഠിച്ചു. പഠിച്ചതെല്ലാം അമ്മയ്ക്കു വളരെ ഇഷ്ടവുമായി. അച്ഛൻ പുറത്ത് പോകുന്ന സമയത്ത് അമ്മ ആ കാര്യങ്ങളെല്ലാം എനിക്കും അനിയത്തിക്കും പറഞ്ഞുതരുമായിരുന്നു. ഭൂമി ഒരു പറുദീസയാകുമെന്നും ബൈബിളിന്റെ നിലവാരങ്ങളനുസരിച്ച് ജീവിച്ചാൽ സന്തോഷം ലഭിക്കുമെന്നും അമ്മ പറഞ്ഞുതന്നു.—സങ്കീർത്തനം 37:10, 29; യശയ്യ 48:17.
18-ാമത്തെ വയസ്സിൽ അച്ഛന്റെ അക്രമസ്വഭാവം കാരണം എനിക്കു വീടു വിട്ട് ഇറങ്ങേണ്ടിവന്നു. അമ്മ ബൈബിളിൽനിന്ന് പഠിപ്പിച്ച കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നെങ്കിലും അതിന്റെ മൂല്യം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അതനുസരിച്ച് ജീവിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. കൽക്കരിഖനികളിൽ ഒരു ഇലക്ട്രീഷ്യനായി ഞാൻ ജോലി ചെയ്തു. 20 വയസ്സുള്ളപ്പോൾ ഞാൻ വിവാഹിതനായി. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്താണെന്നു ഞാൻ അപ്പോൾ ഒരിക്കൽക്കൂടി ചിന്തിച്ചു. ബൈബിളിനു ഞങ്ങളുടെ കുടുംബത്തെ സഹായിക്കാനാകുമെന്നു മനസ്സിലാക്കിയ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ എന്റെ ഭാര്യക്കു സാക്ഷികളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാൻ അവരുടെ ഒരു യോഗത്തിനു പോയപ്പോൾ അവൾ ഒരു അന്ത്യശാസനം തന്നു—ഒന്നുകിൽ ബൈബിൾപഠനം നിറുത്തുക, അല്ലെങ്കിൽ വീടു വിട്ട് പോകുക. അതിനു വഴങ്ങേണ്ടിവന്ന എനിക്കു സാക്ഷികളുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. ശരിയാണെന്നു ബോധ്യമുണ്ടായിരുന്ന ഒരു കാര്യം ഇടയ്ക്കുവെച്ച് നിറുത്തേണ്ടിവന്നതിൽ എനിക്കു പിന്നീടു വലിയ ഖേദം തോന്നി.
ഒരു ദിവസം സഹപ്രവർത്തകർ എന്നെ അശ്ലീലചിത്രങ്ങൾ കാണിച്ചു. സംഗതി കൊള്ളാമെന്നു തോന്നിയെങ്കിലും എനിക്ക് ആകെപ്പാടെയൊരു വല്ലായ്മ അനുഭവപ്പെട്ടു. കുറ്റബോധം എന്നെ കീഴ്പെടുത്തി. ബൈബിളിൽനിന്ന് അറിഞ്ഞ കാര്യങ്ങൾവെച്ച് ദൈവം എന്നെ ശിക്ഷിക്കുമെന്നുതന്നെ ഞാൻ ഉറച്ച് വിശ്വസിച്ചു. പക്ഷേ മോശമായ ചിത്രങ്ങൾ വീണ്ടുംവീണ്ടും കാണാൻ തുടങ്ങിയതോടെ അശ്ലീലത്തോടുള്ള എന്റെ മനോഭാവം ആകെ മാറി. വൈകാതെ ഞാൻ അതിന് അടിമയായി.
അടുത്ത 20 വർഷംകൊണ്ട് എനിക്കു വല്ലാത്ത മാറ്റം വന്നു. അമ്മ എന്നെ പഠിപ്പിക്കാൻ ശ്രമിച്ച നിലവാരങ്ങളിൽനിന്ന് ഞാൻ കൂടുതൽക്കൂടുതൽ അകന്നു. ഞാൻ മനസ്സിലേക്കു കടത്തിവിട്ട കാര്യങ്ങൾ എന്റെ സ്വഭാവത്തിലും പ്രതിഫലിച്ചു. അശ്ലീലതമാശകളും അസഭ്യസംസാരവും പതിവായി. ലൈംഗികതയെക്കുറിച്ച് വികലമായൊരു
കാഴ്ചപ്പാട് എന്റെ ഉള്ളിൽ വളർന്നു. അപ്പോഴും ഭാര്യയോടൊപ്പമായിരുന്നു താമസമെങ്കിലും മറ്റു സ്ത്രീകളുമായും എനിക്കു ബന്ധമുണ്ടായിരുന്നു. ഒരു ദിവസം കണ്ണാടിയിൽ നോക്കിനിന്നപ്പോൾ എന്റെ മനസ്സു പറഞ്ഞു: ‘എനിക്കു നിന്നെ ഇഷ്ടമല്ല.’ എന്റെ ആത്മാഭിമാനം പൊയ്പ്പോയിരുന്നു. എന്റെ ഉള്ളു നിറയെ എന്നോടുതന്നെയുള്ള വെറുപ്പായിരുന്നു.ഞങ്ങളുടെ വിവാഹബന്ധം തകർന്നു, എന്റെ ജീവിതം താറുമാറായി. ഞാൻ ഉള്ളുരുകി യഹോവയോടു പ്രാർഥിച്ചു. രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കു ശേഷം ഞാൻ ബൈബിൾപഠനം പുനരാരംഭിച്ചു. എന്റെ അച്ഛൻ പക്ഷേ ഇതിനോടകം മരിച്ചുപോയിരുന്നു. അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാനമേൽക്കുകയും ചെയ്തിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
ബൈബിളിന്റെ ശ്രേഷ്ഠമായ നിലവാരങ്ങളും എന്റെ ജീവിതരീതിയും ഒരു തരത്തിലും ഒത്തുപോകുന്നില്ലായിരുന്നു. പക്ഷേ, ബൈബിൾ വാഗ്ദാനം ചെയ്യുന്ന മനസ്സമാധാനം നേടാൻ ഞാൻ ഇത്തവണ തീരുമാനിച്ചുറച്ചിരുന്നു. സംസാരം നല്ലതാക്കാനും പെട്ടെന്നു ദേഷ്യപ്പെടുന്ന ശീലം മാറ്റിയെടുക്കാനും ഞാൻ ശ്രമം തുടങ്ങി. ഒപ്പം ചൂതാട്ടം, അമിതമദ്യപാനം, തൊഴിൽസ്ഥലത്തുനിന്നുള്ള മോഷണം എന്നിവ നിറുത്താനും അസാന്മാർഗികജീവിതരീതി ഉപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു.
ഞാൻ ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്റെ സഹപ്രവർത്തകർക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്നെ പഴയപടിയാക്കാൻ അവർ മൂന്നു വർഷം തുടർച്ചയായി പല വഴികളും നോക്കി. ഞാൻ പെട്ടെന്നു ദേഷ്യപ്പെടുകയോ മോശമായ ഒരു വാക്ക് എന്റെ വായിൽനിന്ന് വീഴുകയോ ചെയ്താൽ അവർ അതിൽ കയറിപ്പിടിക്കും. അതുപോലുള്ള എന്തെങ്കിലും ചെറിയ വീഴ്ച എന്റെ ഭാഗത്തുനിന്നുണ്ടായാൽ അവർ വിജയഭാവത്തിൽ പറയും: “കൊള്ളാം! ദാ, നമ്മുടെ പഴയ ജോ.” ആ വാക്കുകൾ എന്നെ എത്ര മുറിപ്പെടുത്തിയെന്നോ! ഞാൻ ഒരു പരാജയമാണെന്നു പലപ്പോഴും എനിക്കു തോന്നി.
എന്റെ ജോലിസ്ഥലം ഇലക്ട്രോണിക് രൂപത്തിലും പുസ്തകരൂപത്തിലും ഉള്ള അശ്ലീലചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരുന്നെന്നു പറയാം. എന്റെ സഹപ്രവർത്തകർ പതിവായി കമ്പ്യൂട്ടറിലൂടെ മോശമായ ചിത്രങ്ങൾ അയച്ചുതരുമായിരുന്നു. മുമ്പ് ഞാനും ഇതുതന്നെ ചെയ്തിരുന്നതാണ്. അശ്ലീലത്തിന് അടിമയായ ഞാൻ പക്ഷേ ഇപ്പോൾ അതിൽനിന്ന് ഓടിയകലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എന്റെ ഓരോ ചുവടുവയ്പിലും എന്നെ വീഴിക്കാൻ തുനിഞ്ഞിറങ്ങിയ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. പിന്തുണയും പ്രോൽസാഹനവും തേടി ഞാൻ, എന്നെ ബൈബിൾ പഠിപ്പിക്കുന്ന ആളെ സമീപിച്ചു. ഞാൻ മനസ്സു തുറന്നപ്പോൾ അദ്ദേഹം ക്ഷമയോടെ എല്ലാം ശ്രദ്ധിച്ചു. ഈ ദുശ്ശീലത്തെ എങ്ങനെ മറികടക്കാമെന്നു ചില പ്രത്യേക ബൈബിൾ ഭാഗങ്ങൾ ഉപയോഗിച്ച് അദ്ദേഹം കാണിച്ചുതന്നു. നിരന്തരമായ പ്രാർഥനയിലൂടെ യഹോവയുടെ സഹായം തേടാനും അദ്ദേഹം പ്രോൽസാഹിപ്പിച്ചു.—സങ്കീർത്തനം 119:37.
ഒരു ദിവസം ഞാൻ എന്റെ സഹപ്രവർത്തകരെയെല്ലാം വിളിച്ചുകൂട്ടി. എല്ലാവരും എത്തിയപ്പോൾ, അവരുടെ കൂട്ടത്തിൽ മദ്യത്തിന് അടിമകളായിരുന്ന രണ്ടു പേർക്ക് ഓരോ കുപ്പി ബിയർ കൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു. അവർ പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഇവർ മദ്യത്തിന് അടിമകളാണെന്ന് അറിയില്ലേ?” അപ്പോൾ ഞാൻ പറഞ്ഞു: “ഞാനും അതുപോലൊരു ദുശ്ശീലത്തിന് അടിമയാണ്.” അശ്ലീലത്തിന് അടിമയായ ഞാൻ ആ ദുശ്ശീലവുമായി പോരാട്ടത്തിലാണെന്ന് അവർ മനസ്സിലാക്കി. അന്നുമുതൽ ഇന്നോളം പഴയ വഴികളിലേക്കു മടങ്ങാൻ അവർ എന്നെ നിർബന്ധിച്ചിട്ടേയില്ല.
കാലം കടന്നുപോയി. യഹോവയുടെ സഹായത്താൽ അശ്ലീലമെന്ന ദുശ്ശീലത്തെ ഞാൻ കീഴടക്കി. 1999-ൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാനമേറ്റു. സന്തോഷം നിറഞ്ഞ, മാന്യമായൊരു ജീവിതം നയിക്കാൻ എനിക്കു രണ്ടാമതൊരവസരം തന്നതിനു ഞാൻ വളരെ നന്ദിയുള്ളവനാണ്.
കാലങ്ങളായി ഞാൻ പ്രിയപ്പെട്ടിരുന്ന കാര്യങ്ങളെ യഹോവ വെറുക്കുന്നത് എന്തുകൊണ്ടാണെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എന്റെ സ്നേഹമുള്ള പിതാവായ യഹോവയുടെ ഉദ്ദേശ്യം, അശ്ലീലം വരുത്തിവെക്കുന്ന ദോഷത്തിൽനിന്ന് എന്നെ സംരക്ഷിക്കുകയായിരുന്നു. സദൃശവാക്യങ്ങൾ 3:5,6-ലെ വാക്കുകൾ എത്ര സത്യമാണ്! അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” ബൈബിൾനിലവാരങ്ങൾ അനുസരിച്ചത് എനിക്ക് ഒരു സംരക്ഷണമായിരുന്നിട്ടുണ്ട്. അതിലുപരി, അതാണ് എനിക്കു വിജയം ഉറപ്പുതന്നത്.—സങ്കീർത്തനം 1:1-3.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
മുമ്പ് എനിക്ക് എന്നോടുതന്നെ വെറുപ്പായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് ആത്മാഭിമാനമുണ്ട്, മനസ്സമാധാനവും! അശുദ്ധിയുടെ കറ പുരളാത്ത ജീവിതമാണ് ഇപ്പോൾ എന്റേത്. യഹോവയുടെ ക്ഷമയും പിന്തുണയും ഞാൻ അനുഭവിച്ചറിയുന്നു. 2000-ത്തിൽ ഞാൻ കാരൊളിനെ വിവാഹം കഴിച്ചു. എന്നെപ്പോലെ യഹോവയെ സ്നേഹിക്കുന്ന, സുന്ദരിയായ ഒരു ക്രിസ്തീയസ്ത്രീയാണ് അവൾ. സമാധാനം കളിയാടുന്ന ഒരിടമാണ് ഇന്നു ഞങ്ങളുടെ കുടുംബം. ശുദ്ധിയും സ്നേഹവും ഉള്ള ഒരു ലോകവ്യാപക ക്രിസ്തീയ സഹോദരകുടുംബത്തിന്റെ ഭാഗമായിരിക്കാൻ കഴിയുന്നത് ഒരു വലിയ പദവിയായാണു ഞങ്ങൾ കാണുന്നത്. ▪ (wp16-E No. 4)