ചരിത്രസ്മൃതികൾ
പോർച്ചുഗലിൽ രാജ്യവിത്ത് വിതയ്ക്കുന്നു—എങ്ങനെ?
അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളെ കീറിമുറിച്ചുകൊണ്ട് യൂറോപ്പ് ലക്ഷ്യമാക്കി ആ കപ്പൽ കുതിക്കുകയാണ്. അതിലെ ഒരു യാത്രക്കാരനായിരുന്നു ജോർജ് യങ്. ബ്രസീലിൽ ദൈവരാജ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ ഒന്നൊന്നായി കടന്നുപോയി. a ഇപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ അതേവരെ പ്രവർത്തിച്ചിട്ടില്ലാത്ത സ്പെയിനിന്റെയും പോർച്ചുഗലിന്റെയും വിസ്തൃതമായ ഭൂഭാഗങ്ങളിലേക്കു തിരിഞ്ഞു, തന്റെ പുതിയ നിയമനത്തിലേക്ക്. ആ പുതിയ നിയമനസ്ഥലങ്ങളിൽ റഥർഫോർഡ് സഹോദരനു ബൈബിൾപ്രഭാഷണങ്ങൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്നും അവിടെ 3,00,000 ലഘുലേഖകൾ കൊടുക്കാമെന്നും യങ് സഹോദരൻ കണക്കുകൂട്ടുന്നു.
യങ് സഹോദരൻ 1925-ന്റെ വസന്തകാലത്ത് ലിസ്ബണിൽ എത്തി. പ്രക്ഷുബ്ധമായ രംഗങ്ങളാണ് അദ്ദേഹം അവിടെ കണ്ടത്. 1910-ലെ റിപ്പബ്ലിക്കൻ വിപ്ലവം അവിടത്തെ രാജഭരണം അവസാനിപ്പിച്ചിരുന്നു. കത്തോലിക്കാസഭ വെച്ചനുഭവിച്ചിരുന്ന അധികാരം കുറെയധികം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം കിട്ടിയെങ്കിലും രാജ്യത്ത് പൊതുവേ കലുഷിതമായ അന്തരീക്ഷമായിരുന്നു.
റഥർഫോർഡ് സഹോദരന്റെ പ്രസംഗത്തിനു വേണ്ട ക്രമീകരണങ്ങളൊക്കെ യങ് സഹോദരൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഭരണം പിടിച്ചെടുക്കാൻ ഒരു ഗൂഢാലോചന നടന്നതുകാരണം ഗവൺമെന്റ് പട്ടാളനിയമം ഏർപ്പെടുത്തിയത്. കടുത്ത എതിർപ്പു നേരിടേണ്ടിവരുമെന്നു ബ്രിട്ടീഷ് ആന്റ് ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറി യങ് സഹോദരനു മുന്നറിയിപ്പു കൊടുത്തു. പക്ഷേ യങ് സഹോദരൻ ധൈര്യത്തോടെ മുന്നോട്ടുപോയി. കെമോനിഷ് സ്കൂളിന്റെ ജിംനേഷ്യത്തിൽവെച്ച് പ്രസംഗം നടത്താനുള്ള അനുവാദം അദ്ദേഹം ചോദിച്ചു, അനുമതി ലഭിക്കുകയും ചെയ്തു.
അങ്ങനെ ഒടുവിൽ റഥർഫോർഡ് സഹോദരന്റെ പ്രസംഗദിവസം വന്നെത്തി. മെയ് 13 ആയിരുന്നു അത്. ആളുകളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുന്നത് എങ്ങനെ” എന്നതായിരുന്നു പ്രസംഗത്തിന്റെ വിഷയം. കെട്ടിടങ്ങളിൽ സ്ഥാപിച്ച പ്ലക്കാർഡുകളും പത്രപ്പരസ്യങ്ങളും നല്ല പ്രചാരണം നൽകി. മതവൈരികൾ കൈയുംകെട്ടി നിന്നില്ല. പുതിയതായി എത്തിയ ‘വ്യാജപ്രവാചകന്മാർക്കെതിരെ’ മുന്നറിയിപ്പു കൊടുക്കുന്നതിനു അവർ ഉടൻതന്നെ തങ്ങളുടെ പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കൂടാതെ, അവർ റഥർഫോർഡ് സഹോദരൻ പഠിപ്പിക്കുന്ന കാര്യങ്ങൾക്കെതിരെയുള്ള ആയിരക്കണക്കിനു ലഘുപത്രികകൾ ജിംനേഷ്യത്തിന്റെ പ്രവേശനകവാടത്തിൽ വിതരണം ചെയ്തു.
ഇങ്ങനെയൊക്കെയായിട്ടും ഏതാണ്ട് 2,000 പേരെക്കൊണ്ട് യോഗസ്ഥലം നിറഞ്ഞു. സ്ഥലപരിമിതി കാരണം വേറെ 2000-ത്തോളം ആളുകൾക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. ആകാംക്ഷകൊണ്ട് ചിലർ ജിംനേഷ്യത്തിന്റെ ഉള്ളിലെ കയറുകൊണ്ടുള്ള ഗോവണികളിൽ തൂങ്ങിക്കിടന്നു, ചിലർ വ്യായാമം ചെയ്യാനുള്ള ഉപകരണത്തിന്റെ മുകളിൽ കയറി നിന്നു.
കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോയില്ല. എതിരാളികൾ ഒച്ച വെക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. എന്നാൽ റഥർഫോർഡ് സഹോദരൻ സമനില കൈവിടാതെ ശാന്തനായി ഒരു മേശയിൽ കയറിനിന്ന് എല്ലാവർക്കും കേൾക്കാവുന്നതുപോലെ പ്രസംഗം തുടങ്ങി. പാതിരാത്രിയോട് അടുത്ത് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചപ്പോൾ 1,200-ലേറെ താത്പര്യക്കാർ ബൈബിൾപ്രസിദ്ധീകരണങ്ങൾ കിട്ടാനായി അവരുടെ പേരും വിലാസവും ഏൽപ്പിച്ചു. പിറ്റെ ദിവസംതന്നെ ഒ സെകുലു എന്ന പത്രം റഥർഫോർഡ് സഹോദരന്റെ പ്രസംഗത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
1925 സെപ്റ്റംബർ ആയപ്പോഴേക്കും പോർച്ചുഗലിൽ വീക്ഷാഗോപുരത്തിന്റെ പോർച്ചുഗീസ് ഭാഷയിലുള്ള പതിപ്പു
പ്രസിദ്ധീകരിക്കാൻ തുടങ്ങി. (ബ്രസീലിൽ നേരത്തേതന്നെ ഒരു പോർച്ചുഗീസ് ഭാഷാപതിപ്പ് ഉണ്ടായിരുന്നു.) ഏതാണ്ട് ഈ സമയത്ത് ബ്രസീലിലെ ഒരു ബൈബിൾവിദ്യാർഥിയായ വെർജീലിയോ ഫെർഗ്യൂസൺ രാജ്യപ്രവർത്തനത്തിനായി പോർച്ചുഗലിലേക്കു മാറിത്താമസിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ബ്രസീലിലെ ബൈബിൾവിദ്യാർഥികളുടെ ചെറിയ ബ്രാഞ്ചോഫീസിൽ അദ്ദേഹം യങ് സഹോദരന്റെകൂടെ മുമ്പ് ജോലി ചെയ്തിട്ടുണ്ടായിരുന്നു. വീണ്ടും യങ് സഹോദരന്റെകൂടെ പ്രവർത്തിക്കാനായി അധികം താമസിയാതെ വെർജീലിയോയും ഭാര്യ ലിസിയും യാത്ര പുറപ്പെട്ടു. തക്ക സമയത്തായിരുന്നു ഫെർഗ്യൂസൺ സഹോദരന്റെ വരവ്. കാരണം യങ് സഹോദരൻ സോവിയറ്റ് യൂണിയൻ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിൽ പ്രസംഗനിയമനത്തിനു പോകാൻ തുടങ്ങുകയായിരുന്നു.പോർച്ചുഗലിൽ സൈനികർ അധികാരം പിടിച്ചെടുക്കുകയും ഏകാധിപത്യം സ്ഥാപിക്കുകയും ചെയ്തു. നമ്മുടെ പ്രവർത്തനത്തോടുള്ള എതിർപ്പും വർധിച്ചുവന്നു. എന്നാൽ ഫെർഗ്യൂസൺ സഹോദരൻ ധൈര്യത്തോടെ ഉറച്ചുനിന്നു. അവിടെയുണ്ടായിരുന്ന ചെറിയ കൂട്ടം ബൈബിൾവിദ്യാർഥികളെ സംരക്ഷിക്കാനും അവരുടെ പ്രവർത്തനം ഊർജിതമാക്കാനും വേണ്ടി അദ്ദേഹം ആവശ്യമായ നടപടികൾ സ്വീകരിച്ചു. തന്റെ വീട്ടിൽവെച്ച് യോഗങ്ങൾ നടത്തുന്നതിനുള്ള അനുമതിക്കായി അദ്ദേഹം അപേക്ഷിച്ചു. 1927 ഒക്ടോബറിൽ അതിനുള്ള അനുമതി കിട്ടി.
ഏകാധിപത്യഭരണത്തിന്റെ ആദ്യത്തെ വർഷം പോർച്ചുഗലിൽ ഏതാണ്ട് 450 പേർ വീക്ഷാഗോപുരത്തിന്റെ വരിസംഖ്യ എടുത്തു. കൂടാതെ, ലഘുലേഖകളിലൂടെയും ചെറുപുസ്തകങ്ങളിലൂടെയും സത്യത്തിന്റെ വചനം അംഗോള, അസോറസ്, കിഴക്കൻ ടിമോർ, കേപ് വേർഡെ, ഗോവ, മദൈറ, മൊസാമ്പിക്ക് തുടങ്ങി പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ വിദൂരഭാഗങ്ങളിലേക്കും വ്യാപിച്ചു.
1920-കളുടെ അവസാനം പോർച്ചുഗീസുകാരനായ മാനുവൽ ഡി സിൽവ ജോറാഡോ ലിസ്ബണിൽ എത്തി. എളിയ ചുറ്റുപാടുകളിൽനിന്ന് വന്ന അദ്ദേഹത്തിനു പൂന്തോട്ടം പരിപാലിക്കുന്ന ജോലിയായിരുന്നു. ബ്രസീലിലായിരുന്നപ്പോൾ യങ് സഹോദരന്റെ ഒരു പൊതുപ്രസംഗം അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു. സത്യം തിരിച്ചറിഞ്ഞ അദ്ദേഹം പ്രസംഗപ്രവർത്തനത്തിൽ ഫെർഗ്യൂസൺ സഹോദരനെ സഹായിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ഒരു കോൽപോർട്ടറായി സേവിക്കാൻ തുടങ്ങി. മുൻനിരസേവകർ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ക്രമീകൃതമായ രീതിയിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ അച്ചടിക്കാനും വിതരണം ചെയ്യാനും ആരംഭിച്ചപ്പോൾ ലിസ്ബണിലെ പുതിയ സഭ തഴച്ചുവളരാൻ തുടങ്ങി.
1934-ൽ ഫെർഗ്യൂസൺ സഹോദരനും സഹോദരിക്കും ബ്രസീലിലേക്കു മടങ്ങേണ്ടിവന്നു. എന്നാൽ ആ സമയമായപ്പോഴേക്കും പോർച്ചുഗലിൽ സത്യത്തിന്റെ വിത്തു വിതയ്ക്കപ്പെട്ടിരുന്നു. സ്പാനിഷ് ആഭ്യന്തരകലാപവും രണ്ടാം ലോകമഹായുദ്ധവും യൂറോപ്പിനെ പിടിച്ചുകുലുക്കി. എങ്കിലും പോർച്ചുഗലിലെ വിശ്വസ്തരായ സഹോദരങ്ങൾ ആത്മീയമായി പിടിച്ചുനിന്നു. കുറെ കാലത്തേക്ക് അവരുടെ വിശ്വാസം കനൽക്കട്ടകൾപോലെ തോന്നിച്ചെങ്കിലും ജോൺ കുക്ക് 1947-ൽ അവിടെ എത്തിയപ്പോൾ ഈ കൂട്ടം വീണ്ടും കത്തിജ്വലിക്കാൻ തുടങ്ങി. ഗിലെയാദ് പരിശീലനം കിട്ടി അവിടെയെത്തിയ ആദ്യത്തെ മിഷനറിയായിരുന്നു അദ്ദേഹം. പിന്നീട് അങ്ങോട്ട് രാജ്യഘോഷകരുടെ നിലയ്ക്കാത്ത വളർച്ചയായിരുന്നു. 1962-ൽ ഗവൺമെന്റ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചെങ്കിലും പ്രവർത്തനം പുരോഗമിച്ചുകൊണ്ടേയിരുന്നു. 1974 ഡിസംബറിൽ യഹോവയുടെ സാക്ഷികൾക്കു നിയമപരമായ അംഗീകാരം കിട്ടിയപ്പോൾ രാജ്യത്ത് 13,000-ത്തിലധികം പ്രചാരകരുണ്ടായിരുന്നു.
ഇന്നു പോർച്ചുഗലിലും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന അസോറസ്, മദൈറ തുടങ്ങി അനേകം ദ്വീപുകളിലും ആയി 50,000-ത്തിലധികം രാജ്യപ്രചാരകർ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നു. ഇവർക്കിടയിൽ, 1925-ൽ റഥർഫോർഡ് സഹോദരന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം കേട്ട ആളുകളുടെ മൂന്നാം തലമുറക്കാരുമുണ്ട്.
ഇതിനെല്ലാം നമ്മൾ നന്ദി നൽകുന്നത് യഹോവയ്ക്കാണ്. കൂടാതെ, ‘ജനതകൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ സേവകരായിരുന്നുകൊണ്ട്’ പ്രസംഗപ്രവർത്തനത്തിൽ ധൈര്യത്തോടെ നേതൃത്വമെടുത്ത വിശ്വസ്തരായ ആദ്യകാലസഹോദരങ്ങൾക്കും ഒരുപാടു നന്ദി.—റോമ. 15:15, 16—പോർച്ചുഗലിലെ ശേഖരത്തിൽനിന്ന്.
a 2014 മെയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 31-32 പേജുകളിലെ “കൊയ്ത്തുവേല ഇനിയും വളരെയുണ്ട്” എന്ന ലേഖനം കാണുക.