നമ്മുടെ നേതാവായ ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുക
“ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.”—മത്താ. 23:10.
1, 2. മോശയുടെ മരണത്തെത്തുടർന്ന് യോശുവയ്ക്കു ലഭിച്ച ഉത്തരവാദിത്വത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
യഹോവയുടെ ഈ വാക്കുകൾ യോശുവയുടെ കാതുകളിൽ മുഴങ്ങുകയാണ്: “എന്റെ ദാസനായ മോശ മരിച്ചു; ഇപ്പോൾ നീയും ഈ ജനം മുഴുവനും യോർദാൻ കടന്ന് ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്തേക്കു പോകുക.” (യോശു. 1:1, 2) ഏതാണ്ട് 40 വർഷമായി മോശയുടെ പരിചാരകനായി സേവിച്ച യോശുവയ്ക്ക് ഇതൊരു വലിയ മാറ്റംതന്നെയായിരുന്നു!
2 ദീർഘകാലമായി മോശയായിരുന്നു ഇസ്രായേൽ ജനത്തിന്റെ നേതാവ്. അതുകൊണ്ട് ദൈവജനം തന്നെ നേതാവായി അംഗീകരിക്കുമോ എന്ന് ഒരുപക്ഷേ യോശുവ ചിന്തിച്ചുകാണും. (ആവ. 34:8, 10-12) ഒരു ബൈബിൾവിജ്ഞാനകോശം യോശുവ 1:1, 2-നെക്കുറിച്ച് ഇങ്ങനെ പറയുന്നു: “പുരാതനകാലത്തും ആധുനികകാലത്തും ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന ഒരു സമയമാണു നേതൃമാറ്റത്തിന്റെ കാലഘട്ടം.”
3, 4. യോശുവ ദൈവത്തിൽ ആശ്രയിച്ചതു വെറുതേയായില്ല എന്നു നമുക്ക് എങ്ങനെ അറിയാം, നമ്മൾ ഒരുപക്ഷേ എന്തു ചിന്തിച്ചേക്കാം?
3 യോശുവയ്ക്ക് ഉത്കണ്ഠ തോന്നാൻ ന്യായമായ കാരണങ്ങളുണ്ടായിരുന്നു. എങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യോശുവ തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ തുടങ്ങി. (യോശു. 1:9-11) യോശുവ ദൈവത്തിൽ ആശ്രയിച്ചതു വെറുതേയായില്ല. ബൈബിൾരേഖയിൽ കാണുന്നതുപോലെ, യോശുവയെയും ദൈവജനമായ ഇസ്രായേലിനെയും ഒരു ദൂതനെ ഉപയോഗിച്ചുകൊണ്ട് യഹോവ വഴിനയിച്ചു. ഈ ദൂതൻ ദൈവത്തിന്റെ ആദ്യജാതനായ വചനമായിരുന്നെന്നു ന്യായമായും നിഗമനം ചെയ്യാം.—പുറ. 23:20-23; യോഹ. 1:1.
4 മോശയ്ക്കു പകരം യോശുവ നേതാവായപ്പോൾ, ആ മാറ്റവുമായി യോജിച്ചുപോകാൻ യഹോവയുടെ സഹായത്താൽ ഇസ്രായേല്യർക്കു കഴിഞ്ഞു. ചരിത്രപ്രധാനമായ മാറ്റങ്ങളുടെ സമയത്താണു നമ്മളും ജീവിക്കുന്നത്. നമ്മളും ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവത്തിന്റെ സംഘടന അതിവേഗം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മുടെ നേതാവായി നിയമിക്കപ്പെട്ടിരിക്കുന്ന യേശുവിൽ വിശ്വസിക്കാൻ നമുക്ക് എന്തൊക്കെ കാരണങ്ങളുണ്ട്?’ (മത്തായി 23:10 വായിക്കുക.) കഴിഞ്ഞ കാലത്തെ മാറ്റങ്ങളുടെ സമയത്ത് ആശ്രയയോഗ്യനായ നേതാവിനെ ഉപയോഗിച്ച് യഹോവ, തന്റെ ജനത്തെ വഴിനയിച്ചത് എങ്ങനെയെന്നു നമുക്ക് ആദ്യം നോക്കാം.
ദൈവജനത്തെ കനാനിലേക്കു നയിക്കുന്നു
5. യരീഹൊയുടെ അടുത്തുവെച്ച് യോശുവ ആരുമായിട്ടാണു സംസാരിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 ഇസ്രായേല്യർ യോർദാൻ കുറുകെ കടന്നതിനു ശേഷം യോശുവയ്ക്ക് അസാധാരണമായ ഒരു അനുഭവമുണ്ടായി. യരീഹൊയ്ക്ക് അടുത്തുവെച്ച്, ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഒരാളെ യോശുവ കണ്ടു. അപരിചിതനായ ആ വ്യക്തിയോടു യോശുവ ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രുപക്ഷക്കാരനോ?” ദൈവജനത്തെ സംരക്ഷിക്കാൻ വന്നിരിക്കുന്ന ‘യഹോവയുടെ സൈന്യത്തിന്റെ അധിപനാണ്’ താനെന്ന് ആ യോദ്ധാവ് വെളിപ്പെടുത്തിയപ്പോൾ യോശുവ അതിശയിച്ചുപോയി. (യോശുവ 5:13-15-ഉം അടിക്കുറിപ്പും വായിക്കുക.) യഹോവ നേരിട്ട് യോശുവയോടു സംസാരിക്കുന്നതായി മറ്റു ചില ബൈബിൾവാക്യങ്ങൾ പറയുന്നുണ്ടെങ്കിലും ഈ ദൂതനിലൂടെയാണ് യഹോവ യോശുവയോടു സംസാരിച്ചത് എന്നതിൽ ഒരു സംശയവുമില്ല. ഇതിനു മുമ്പും യഹോവ സമാനമായി പ്രവർത്തിച്ചിട്ടുണ്ട്.—പുറ. 3:2-4; യോശു. 4:1, 15; 5:2, 9; പ്രവൃ. 7:38; ഗലാ. 3:19.
6-8. (എ) മാനുഷികവീക്ഷണത്തിൽ യഹോവയുടെ ചില നിർദേശങ്ങൾ അസാധാരണമാണെന്നു ചിലർക്കു തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) ആ നിർദേശങ്ങൾ ജ്ഞാനപൂർവവും സമയോചിതവും ആണെന്നു തെളിഞ്ഞത് എങ്ങനെ? (അടിക്കുറിപ്പും കാണുക.)
6 യരീഹൊ നഗരം പിടിച്ചടക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ ആ ദൂതനേതാവ് യോശുവയ്ക്കു കൊടുത്തു. എന്നാൽ അതിലെ ചില നിർദേശങ്ങൾ പിൻപറ്റുന്നത് അപ്പോൾ അത്ര ബുദ്ധിയാണോ എന്നു ചിലർക്കു തോന്നിക്കാണും. ഉദാഹരണത്തിന്, പുരുഷന്മാരെല്ലാം പരിച്ഛേദനയേൽക്കണമെന്ന് യഹോവ കല്പിച്ചു. അതിന് അർഥം, ഏതാനും ദിവസത്തേക്ക് ആ പുരുഷന്മാർക്കു യുദ്ധം ചെയ്യാൻ കഴിയില്ലെന്നായിരുന്നു. അരോഗദൃഢഗാത്രരായ ആ പുരുഷന്മാരെ പരിച്ഛേദന ചെയ്യാനുള്ള അനുയോജ്യമായ സമയമായിരുന്നോ അത്?—ഉൽപ. 34:24, 25; യോശു. 5:2, 8.
7 ശത്രുക്കൾ പാളയം ആക്രമിക്കാൻ വരുകയാണെങ്കിൽ നിസ്സഹായരായ തങ്ങൾക്കു കുടുംബങ്ങളെ രക്ഷിക്കാൻ കഴിയുമോ എന്ന് ആ പുരുഷന്മാർ ചിന്തിച്ചിരിക്കാനിടയുണ്ട്. അപ്പോഴാണ്, ‘ഇസ്രായേല്യരെ പേടിച്ച് യരീഹൊ അടച്ച് ഭദ്രമാക്കിയിരിക്കുന്നു’ എന്ന വാർത്ത അവർ കേട്ടത്. (യോശു. 6:1) ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതു കണ്ടപ്പോൾ ദൈവത്തിന്റെ മാർഗനിർദേശത്തിലുള്ള അവരുടെ വിശ്വാസം ശക്തിപ്പെട്ടുകാണില്ലേ?
8 കൂടാതെ, യരീഹൊയെ ആക്രമിക്കുന്നതിനു പകരം നഗരത്തിനു ചുറ്റും ആദ്യത്തെ ആറു ദിവസം ഓരോ തവണയും ഏഴാമത്തെ ദിവസം ഏഴു തവണയും മാർച്ച് ചെയ്യാനാണു ദൂതൻ ഇസ്രായേല്യരോടു കല്പിച്ചത്. ചില പടയാളികൾ ഇങ്ങനെ ചിന്തിച്ചുകാണും: ‘നടന്നുനടന്ന് ക്ഷീണിക്കും, വെറുതേ സമയം കളയാനുള്ള ഓരോ പരിപാടി!’ പക്ഷേ ഇസ്രായേലിന്റെ അദൃശ്യനേതാവായ യഹോവയുടെ ബുദ്ധിപൂർവമായ നീക്കമായിരുന്നു അത്. ഈ യുദ്ധതന്ത്രം ഇസ്രായേല്യരുടെ വിശ്വാസം ശക്തിപ്പെടുത്തി. മാത്രമല്ല, യരീഹൊയിലെ ശക്തരായ യോദ്ധാക്കളുമായി നേരിട്ട് ഒരു അങ്കം ഒഴിവാക്കാനും അതുവഴി അവർക്കു കഴിഞ്ഞു.—യോശു. 6:2-5; എബ്രാ. 11:30. a
9. ദൈവത്തിന്റെ സംഘടന തരുന്ന നിർദേശങ്ങൾ നമ്മൾ എപ്പോഴും അനുസരിക്കേണ്ടത് എന്തുകൊണ്ട്? ഉദാഹരണം പറയുക.
9 ഈ വിവരണത്തിൽനിന്ന് എന്തു പഠിക്കാം? സംഘടന ചിലപ്പോൾ ഒരു പുതിയ രീതിയിൽ കാര്യങ്ങൾ ചെയ്തെന്നുവരാം. അതിന്റെ കാരണം നമുക്കു പൂർണമായി മനസ്സിലായെന്നുവരില്ല. ഉദാഹരണത്തിന്, വ്യക്തിപരമായ പഠനത്തിനും ശുശ്രൂഷയ്ക്കും മീറ്റിങ്ങുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്കു ചോദ്യങ്ങൾ ഉണ്ടായിക്കാണും. പക്ഷേ കഴിയുമെങ്കിൽ അത് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ ഇപ്പോൾ മനസ്സിലാകുന്നില്ലേ? നമുക്ക് ആദ്യം സംശയം തോന്നാമെങ്കിലും ഇത്തരം മാറ്റങ്ങളുടെ നല്ല ഫലങ്ങൾ കാണുന്നതു നമ്മുടെ വിശ്വാസവും നമുക്കിടയിലെ ഐക്യവും വർധിപ്പിക്കും.
ക്രിസ്തുവിന്റെ നേതൃത്വം ഒന്നാം നൂറ്റാണ്ടിൽ
10. യരുശലേമിൽവെച്ച് നടന്ന ഭരണസംഘത്തിന്റെ സുപ്രധാനയോഗം ചേരാൻ ഇടയാക്കിയത് ആരായിരുന്നു?
10 കൊർന്നേല്യൊസ് ക്രിസ്ത്യാനിയായി 13 വർഷത്തിനു ശേഷവും ചില ജൂതക്രിസ്ത്യാനികൾ പരിച്ഛേദന വേണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. (പ്രവൃ. 15:1, 2) ഇതു സംബന്ധിച്ച് അന്ത്യോക്യയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോൾ ആ പ്രശ്നം യരുശലേമിൽ ഭരണസംഘത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ പൗലോസ് പോയി. എന്നാൽ കാര്യങ്ങൾ ഇങ്ങനെ വഴിനയിച്ചത് ആരായിരുന്നു? “ഒരു വെളിപാടു കിട്ടിയിട്ടാണു ഞാൻ പോയത്” എന്നു പൗലോസ് പറഞ്ഞു. വ്യക്തമായും, ഭരണസംഘം ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനു ക്രിസ്തുവാണു കാര്യങ്ങൾ വഴിനയിച്ചത്.—ഗലാ. 2:1-3.
11. (എ) ജൂതക്രിസ്ത്യാനികൾക്കിടയിൽ പരിച്ഛേദന സംബന്ധിച്ച് എന്തു സാഹചര്യമാണു തുടർന്നുകൊണ്ടിരുന്നത്? (ബി) യരുശലേമിലെ മൂപ്പന്മാരെ താൻ താഴ്മയോടെ പിന്തുണയ്ക്കുന്നെന്നു പൗലോസ് കാണിച്ചത് എങ്ങനെ? (അടിക്കുറിപ്പ് കാണുക.)
11 ക്രിസ്തുവിന്റെ നിർദേശത്തിനു ചേർച്ചയിൽ, ജൂതരല്ലാത്ത ക്രിസ്ത്യാനികൾ പരിച്ഛേദനയേൽക്കേണ്ടതില്ലെന്നു ഭരണസംഘം വ്യക്തമാക്കി. (പ്രവൃ. 15:19, 20) പക്ഷേ ഇങ്ങനെയൊരു തീരുമാനമെടുത്ത് വർഷങ്ങൾക്കു ശേഷവും ജൂതരായ ക്രിസ്ത്യാനികൾ മക്കളെ പരിച്ഛേദന ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ, പൗലോസ് മോശയുടെ നിയമം അനുസരിക്കുന്നില്ലെന്ന ഒരു കിംവദന്തി യരുശലേമിലെ മൂപ്പന്മാർ കേൾക്കാനിടയായി. അപ്പോൾ അവർ, പൗലോസ് ഒട്ടും പ്രതീക്ഷിക്കാത്ത ചില നിർദേശങ്ങൾ അദ്ദേഹത്തിനു കൊടുത്തു. b (പ്രവൃ. 21:20-26) നാലു പുരുഷന്മാരെയും കൂട്ടി ആലയത്തിൽ പോകാൻ അവർ പൗലോസിനോടു പറഞ്ഞു. പൗലോസ് ‘നിയമം പാലിക്കുന്നുണ്ടെന്നു’ മറ്റുള്ളവർക്കു ബോധ്യമാകാൻവേണ്ടിയായിരുന്നു അത്. പൗലോസിനു വേണമെങ്കിൽ അവരുടെ ആ നിർദേശത്തെ ചോദ്യം ചെയ്യാമായിരുന്നു. പ്രശ്നം ജൂതരായ ക്രിസ്ത്യാനികളുടേതാണെന്നും പരിച്ഛേദനയെക്കുറിച്ച് അവർക്കു കൃത്യമായ ഗ്രാഹ്യമില്ലാത്തതാണു കുഴപ്പമെന്നും പൗലോസിനു വാദിക്കാമായിരുന്നു. എന്നാൽ വിശ്വാസികളുടെ ഇടയിൽ ഐക്യം ഉന്നമിപ്പിക്കാനുള്ള മൂപ്പന്മാരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാൻ പൗലോസ് തനിക്കു കിട്ടിയ നിർദേശം താഴ്മയോടെ അനുസരിച്ചു. ചിലപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യേശുവിന്റെ മരണം മോശയുടെ നിയമത്തെ നീക്കം ചെയ്തെങ്കിലും യേശു എന്തുകൊണ്ടാണ് ഈ പ്രശ്നം ഇത്രയും കാലം പരിഹരിക്കാതെ തുടരാൻ അനുവദിച്ചത്?’—കൊലോ. 2:13, 14.
12. എന്തുകൊണ്ടായിരിക്കാം പരിച്ഛേദന സംബന്ധിച്ച വിഷയത്തിനു പൂർണമായി തീർപ്പുകല്പിക്കാൻ ക്രിസ്തു കുറച്ച് സമയം അനുവദിച്ചത്?
12 ചില അവസരങ്ങളിൽ ഗ്രാഹ്യത്തിൽ വരുന്ന മാറ്റത്തോടു പൊരുത്തപ്പെടാൻ നമുക്കു കുറച്ച് സമയം വേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, ജൂതക്രിസ്ത്യാനികൾക്ക് അവരുടെ വീക്ഷണത്തിനു മാറ്റം വരുത്താൻ കുറച്ച് സമയം വേണ്ടിവന്നു. (യോഹ. 16:12) ഇനിമുതൽ പരിച്ഛേദന ദൈവവുമായുള്ള പ്രത്യേകബന്ധത്തിന്റെ അടയാളമല്ല എന്ന ആശയം ഉൾക്കൊള്ളാൻ അവർക്ക് ആദ്യം ബുദ്ധിമുട്ടു തോന്നി. (ഉൽപ. 17:9-12) ജൂതസമുദായത്തിൽനിന്ന് വേറിട്ടുനിന്നാലുണ്ടാകുന്ന ഉപദ്രവത്തെക്കുറിച്ച് ഓർത്തുള്ള ഭയമായിരുന്നു ചിലർക്ക്. (ഗലാ. 6:12) എന്നാൽ കാലാന്തരത്തിൽ പൗലോസിന്റെ കത്തുകളിലൂടെ ക്രിസ്തു വേണ്ട നിർദേശങ്ങൾ അവർക്കു നൽകി.—റോമ. 2:28, 29; ഗലാ. 3:23-25.
ക്രിസ്തു ഇപ്പോഴും സഭയെ നയിക്കുന്നു
13. ഇന്നു ക്രിസ്തുവിന്റെ നേതൃത്വത്തെ വിലമതിക്കാൻ നമ്മൾ എന്തു ചെയ്യണം?
13 സംഘടനയിലെ ചില മാറ്റങ്ങളുടെ കാരണങ്ങളെല്ലാം മനസ്സിലാക്കാൻ നമുക്കു ചിലപ്പോൾ കഴിഞ്ഞെന്നുവരില്ല. ആ സമയത്ത്, ക്രിസ്തു മുൻകാലങ്ങളിൽ എങ്ങനെയാണു നേതൃത്വമെടുത്തത് എന്നതിനെപ്പറ്റി നമ്മൾ ചിന്തിക്കണം. യോശുവയുടെ നാളിലും ഒന്നാം നൂറ്റാണ്ടിലും ചെയ്തതുപോലെ, ദൈവജനത്തെ ഒരു കൂട്ടമെന്ന നിലയിൽ സംരക്ഷിക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും ഐക്യം ഊട്ടിയുറപ്പിക്കാനും യേശു എപ്പോഴും ജ്ഞാനപൂർവമായ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്.—എബ്രാ. 13:8.
14-16. നമ്മുടെ ആത്മീയക്ഷേമത്തിൽ ക്രിസ്തുവിനുള്ള താത്പര്യം, “വിശ്വസ്തനും വിവേകിയും ആയ അടിമ” തരുന്ന നിർദേശങ്ങളിൽ പ്രതിഫലിക്കുന്നത് എങ്ങനെ?
14 ഇന്ന് ‘വിശ്വസ്തനും വിവേകിയും ആയ അടിമ’ നമുക്കു തക്കസമയത്ത് വേണ്ട നിർദേശങ്ങൾ തരുന്നു. നമ്മുടെ ആത്മീയക്ഷേമത്തെക്കുറിച്ച് യേശുവിനു ചിന്തയുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്? (മത്താ. 24:45) നാലു മക്കളുടെ പിതാവായ മാർക്ക് പറയുന്നു: “കുടുംബങ്ങളെ ആക്രമിച്ചുകൊണ്ട് സാത്താൻ ഇന്നു സഭകളുടെ ശക്തി ചോർത്തിക്കളയാൻ ശ്രമിക്കുന്നു. എന്നാൽ ഇപ്പോൾ നമുക്ക് എല്ലാ ആഴ്ചയും കുടുംബാരാധന നടത്താനുള്ള നിർദേശം ലഭിച്ചിരിക്കുന്നു. ഈ നിർദേശത്തിന്റെ അർഥം എന്താണെന്നു കുടുംബനാഥന്മാർക്കു നന്നായി അറിയാം—തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക!”
15 ക്രിസ്തു എങ്ങനെയാണു നമ്മളെ വഴിനയിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ നമ്മുടെ ആത്മീയപുരോഗതിയിൽ ക്രിസ്തുവിന് എത്രത്തോളം താത്പര്യമുണ്ടെന്നു കാണാൻ കഴിയും. ഒരു മൂപ്പനായ പാട്രിക് സഹോദരൻ പറയുന്നു: “വാരാന്തങ്ങളിൽ ചെറിയ കൂട്ടങ്ങളായി വയൽസേവനത്തിനു കൂടിവരുന്നതിൽ ആദ്യമൊക്കെ ചിലർക്ക് അത്ര താത്പര്യം തോന്നിയില്ല. പക്ഷേ, യേശുവിന്റെ മുഖ്യഗുണങ്ങളിൽ ഒന്നാണ് എളിയവരോടുള്ള താത്പര്യം. ഈ ക്രമീകരണത്തിലൂടെ ആ ഗുണമാണു പ്രകടമായത്. വയൽസേവനത്തിൽ തീരെ കുറച്ച് മാത്രം പങ്കെടുത്തിരുന്നവർക്കും ലജ്ജാലുക്കളായ സഹോദരങ്ങൾക്കും ഇതു ശരിക്കും പ്രയോജനം ചെയ്തു. അവർ വിലയുള്ളവരാണെന്നും അവർക്കും പലതും ചെയ്യാനാകുമെന്നും തോന്നാൻ ഇത് ഇടയാക്കി. അവർ ആത്മീയമായി വളരുകയും ചെയ്തു.”
16 നമ്മുടെ ആത്മീയാവശ്യങ്ങൾക്കായി കരുതുക മാത്രമല്ല, ഇന്നു ഭൂമിയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്രിസ്തു നമ്മളെ സഹായിക്കുകയും ചെയ്യുന്നു. (മർക്കോസ് 13:10 വായിക്കുക.) ദൈവത്തിന്റെ സംഘടനയിൽ വരുന്ന മാറ്റങ്ങൾക്കു വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് അടുത്ത കാലത്ത് മൂപ്പനായ ആൻഡ്രെ സഹോദരൻ. അദ്ദേഹം പറയുന്നു: “ബ്രാഞ്ചോഫീസിൽ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ എണ്ണം കുറച്ചത് ഈ കാലഘട്ടത്തിന്റെ അടിയന്തിരത നമ്മളെ ഓർമിപ്പിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ നമ്മുടെ ഊർജം മുഴുവൻ ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കിത്തരുന്നു.”
ക്രിസ്തുവിന്റെ വഴിനടത്തിപ്പിനെ പിന്തുണയ്ക്കാം
17, 18. അടുത്ത കാലത്ത് വരുത്തിയ മാറ്റങ്ങളോട് ഇണങ്ങിച്ചേർന്നപ്പോൾ ഉണ്ടായ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നമുക്ക് എങ്ങനെ ഗുണം ചെയ്യും?
17 രാജാവായി ഭരിക്കുന്ന യേശുക്രിസ്തു നൽകുന്ന മാർഗനിർദേശങ്ങൾ കാണിക്കുന്നത്, യേശു നമ്മളെ ഭാവിയിലേക്ക് ഒരുക്കുകയാണെന്നാണ്. അതുകൊണ്ട് അടുത്ത കാലത്ത് വരുത്തിയ മാറ്റങ്ങളോട് ഇണങ്ങിച്ചേർന്നതിലൂടെ നമുക്കു ലഭിച്ച പ്രയോജനങ്ങളിൽ സന്തോഷിക്കാം. ഇടദിവസത്തെ യോഗങ്ങളിലോ ശുശ്രൂഷയിലോ വരുത്തിയ മാറ്റങ്ങളിൽനിന്ന് കിട്ടിയ പ്രയോജനങ്ങളെക്കുറിച്ച് കുടുംബാരാധനയിൽ ചർച്ച ചെയ്യാനാകുമോ? അതു നിങ്ങൾക്കു പ്രോത്സാഹനം പകരും.
18 യഹോവയുടെ സംഘടനയിൽനിന്ന് കിട്ടുന്ന നിർദേശങ്ങൾക്കു പിന്നിലെ ഉദ്ദേശ്യവും അതിൽനിന്നുള്ള പ്രയോജനങ്ങളും മനസ്സിലാക്കുമ്പോൾ സന്തോഷത്തോടെ നമ്മൾ അവ പിൻപറ്റും. അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ എണ്ണം കുറച്ചതും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചതും സാമ്പത്തികലാഭം ഉണ്ടാക്കി. ആ പണം ഉപയോഗിച്ച് ലോകവ്യാപകമായി രാജ്യപ്രവർത്തനം മുമ്പത്തേതിലും അധികം വ്യാപിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് ഇലക്ട്രോണിക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും വീഡിയോകളും കൂടുതലായി നമുക്ക് ഉപയോഗിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ സംഘടനയുടെ വിഭവങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കാനുള്ള ക്രിസ്തുവിന്റെ താത്പര്യം നമ്മൾ പ്രതിഫലിപ്പിക്കുകയാണ്.
19. ക്രിസ്തുവിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
19 ക്രിസ്തുവിന്റെ മാർഗനിർദേശങ്ങൾ മനസ്സോടെ അനുസരിക്കുമ്പോൾ നമ്മൾ മറ്റുള്ളവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും നമുക്കിടയിലെ ഐക്യം ഊട്ടിവളർത്തുകയും ആണ്. ആഗോള ബഥേൽകുടുംബത്തിന്റെ അംഗസംഖ്യ കുറച്ചതിനെക്കുറിച്ച് ആൻഡ്രെ സഹോദരൻ ഇങ്ങനെ പറയുന്നു: “അത്തരം മാറ്റങ്ങളെ പൂർണമായും പിന്തുണച്ച മുൻകാല ബഥേലംഗങ്ങളുടെ നല്ല മനോഭാവം എന്റെ വിശ്വാസവും വിലമതിപ്പും വർധിപ്പിക്കുന്നു. കിട്ടിയ നിയമനം ഏതായാലും അതിൽ സന്തോഷം കണ്ടെത്തിക്കൊണ്ട് അവർ യഹോവയുടെ രഥത്തോടൊപ്പം സഞ്ചരിക്കുന്നു.”
വിശ്വാസക്കണ്ണുകൾകൊണ്ട് നമ്മുടെ നേതാവിനെ കാണുക
20, 21. (എ) നമ്മുടെ നേതാവായ ക്രിസ്തുവിൽ ആശ്രയിക്കാവുന്നത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
20 നമ്മുടെ നേതാവായ യേശുക്രിസ്തു വൈകാതെ ‘സമ്പൂർണമായി കീഴടക്കുകയും’ ‘ഭയങ്കരകാര്യങ്ങൾ ചെയ്യുകയും’ ചെയ്യും. (വെളി. 6:2; സങ്കീ. 45:4) അതിനിടയ്ക്കുള്ള ഈ സമയത്ത് യേശു ദൈവജനത്തെ പുതിയ ലോകത്തിലെ ജീവിതത്തിനായി ഒരുക്കുകയാണ്. അവിടെ നമുക്കു പുനരുത്ഥാനത്തിൽ വരുന്ന ആളുകളെ പഠിപ്പിക്കാനും അവിടെ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഉള്ള വലിയ ഉത്തരവാദിത്വമുണ്ട്.
21 സാഹചര്യങ്ങൾക്ക് എന്തെല്ലാം മാറ്റം വന്നാലും, അഭിഷിക്തരാജാവായ യേശുക്രിസ്തുവിൽ നമ്മൾ സമ്പൂർണമായി ആശ്രയിക്കുന്നെങ്കിൽ ക്രിസ്തു നമ്മളെ പുതിയ ലോകത്തിലേക്കു നയിക്കും. (സങ്കീർത്തനം 46:1-3 വായിക്കുക.) എന്നാൽ ഇന്നു ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാകുമ്പോൾ അതുമായി പൊരുത്തപ്പെടുന്നത് അത്ര എളുപ്പമായിരിക്കില്ല. അപ്പോൾ എങ്ങനെയാണ് മനസ്സമാധാനവും യഹോവയിലുള്ള പൂർണമായ വിശ്വാസവും നിലനിറുത്താൻ കഴിയുന്നത്? അടുത്ത ലേഖനം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യും.
a യരീഹൊയുടെ നാശാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ധാന്യത്തിന്റെ വൻ ശേഖരങ്ങൾ പുരാവസ്തുശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. നഗരം ദീർഘകാലം ഉപരോധത്തിലായിരുന്നില്ലെന്നും അതിന്റെ ഭക്ഷ്യശേഖരം തീർന്നുപോയിരുന്നില്ലെന്നും ഇതു സൂചിപ്പിക്കുന്നു. യരീഹൊ നഗരം കൊള്ളയിടാൻ ഇസ്രായേല്യർക്കു അനുവാദമില്ലായിരുന്നെങ്കിലും ഭക്ഷണത്തിന് അവർക്കു ബുദ്ധിമുട്ടു വന്നില്ല. കാരണം അതു വിളവെടുപ്പിന്റെ കാലമായിരുന്നു. അതുകൊണ്ട് ദേശം പിടിച്ചടക്കാനുള്ള പറ്റിയ സമയമായിരുന്നു അത്.—യോശു. 5:10-12.
b 2003 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 24-ാം പേജിലെ ‘പൗലോസ് ഒരു പരിശോധനയോടു താഴ്മയോടെ പ്രതികരിക്കുന്നു’ എന്ന ചതുരം കാണുക.