വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകകൾ—നോഹ, ദാനിയേൽ, ഇയ്യോബ്
“നോഹ, ദാനിയേൽ, ഇയ്യോബ് . . . അവരുടെ നീതിനിഷ്ഠയാൽ അവർക്കു സ്വന്തം ജീവൻ മാത്രമേ രക്ഷിക്കാനാകൂ.”—യഹ. 14:14.
1, 2. (എ) നോഹയുടെയും ദാനിയേലിന്റെയും ഇയ്യോബിന്റെയും മാതൃകകൾ നമുക്കു പ്രോത്സാഹനം പകരുന്നത് എന്തുകൊണ്ട്? (ബി) ഏതു സാഹചര്യത്തിലാണ് യഹസ്കേൽ 14:14-ലെ വാക്കുകൾ യഹസ്കേൽ രേഖപ്പെടുത്തുന്നത്?
ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നേരിടുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? രോഗമോ സാമ്പത്തികപ്രശ്നങ്ങളോ ഉപദ്രവങ്ങളോ നിമിത്തം നിങ്ങൾ വലയുകയാണോ? യഹോവയുടെ സേവനത്തിലുള്ള സന്തോഷം മങ്ങാതെ നിലനിറുത്താൻ നിങ്ങൾക്കു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടു തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ, നോഹയുടെയും ദാനിയേലിന്റെയും ഇയ്യോബിന്റെയും മാതൃക നിങ്ങൾക്കു പ്രോത്സാഹനം പകരും. അപൂർണരായിരുന്ന അവർ നമ്മളെപ്പോലെതന്നെ പല പ്രതിസന്ധികളും നേരിട്ടവരാണ്. ചിലത് അവരുടെ ജീവനുപോലും ഭീഷണിയായിരുന്നു. എങ്കിലും അവർ യഹോവയോടുള്ള വിശ്വസ്തത മുറുകെപ്പിടിച്ചു. ദൈവത്തിന്റെ കണ്ണിൽ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും നല്ല മാതൃകകളായിരുന്നു അവർ.—യഹസ്കേൽ 14:12-14 വായിക്കുക.
2 ബി.സി. 612-ൽ ബാബിലോണിയയിൽവെച്ചാണ് ആധാരവാക്യത്തിൽ കാണുന്ന വാക്കുകൾ യഹസ്കേൽ എഴുതുന്നത്. a (യഹ. 1:1; 8:1) മുൻകൂട്ടിപ്പറഞ്ഞിരുന്ന യരുശലേമിന്റെ നാശം അപ്പോൾ അടുത്തടുത്ത് വരുകയായിരുന്നു. ബി.സി. 607-ൽ അതു സംഭവിച്ചു. നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ വിശ്വാസവും അനുസരണവും കാണിച്ച വളരെ ചുരുക്കം പേരെ യരുശലേമിലുണ്ടായിരുന്നുള്ളൂ. അവരുടെ ‘നെറ്റിയിൽ’ അവർ അതിജീവനത്തിന് അർഹരാണെന്ന അടയാളം ലഭിച്ചു. (യഹ. 9:1-5) അവരിൽ ചിലരായിരുന്നു യിരെമ്യയും ബാരൂക്കും ഏബെദ്-മേലെക്കും രേഖാബ്യരും.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 സമാനമായി, ഈ വ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ കുറ്റമറ്റവരായി യഹോവ വീക്ഷിക്കുന്ന ആളുകൾക്കു മാത്രമേ അതിജീവനത്തിനുള്ള അടയാളം ലഭിക്കുകയുള്ളൂ. (വെളി. 7:9, 14) അതുകൊണ്ട്, നീതിയോടെ പ്രവർത്തിച്ചതിന്റെ നല്ല മാതൃകകളായി യഹോവ എന്തുകൊണ്ടാണ് ഈ മൂന്നു പേരെ കണ്ടതെന്നു നോക്കാം. ഓരോരുത്തരെക്കുറിച്ചും നമ്മൾ പിൻവരുന്ന രണ്ടു കാര്യങ്ങൾ ചിന്തിക്കും. (1) അവർ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടു? (2) നമുക്ക് അവരുടെ വിശ്വാസവും അനുസരണവും എങ്ങനെ അനുകരിക്കാം?
നോഹയുടെ മാതൃക
4, 5. നോഹയ്ക്ക് എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടു, നോഹ വിശ്വസ്തനായിനിന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
4 നോഹ നേരിട്ട പ്രതിസന്ധികൾ. നോഹയുടെ പിതാവിന്റെ മുത്തച്ഛനായ ഹാനോക്കിന്റെ കാലമായപ്പോഴേക്കും ആളുകൾ തീർത്തും ദൈവഭക്തിയില്ലാത്തവരായിത്തീർന്നിരുന്നു. എന്തിന്, യഹോവയ്ക്ക് എതിരെ ‘മോശമായ കാര്യങ്ങൾ’ പറയാൻപോലും അവർ മടിച്ചില്ല. (യൂദ 14, 15) അക്രമം അടിക്കടി വർധിച്ചുവരുകയായിരുന്നു. വാസ്തവത്തിൽ, നോഹയുടെ കാലത്ത് ഭൂമി “അക്രമംകൊണ്ട് നിറഞ്ഞിരുന്നു.” ദുഷ്ടരായ ദൂതന്മാർ മനുഷ്യശരീരമെടുത്ത് ഭൂമിയിൽ വരുകയും സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിലുണ്ടായ സങ്കരസന്തതികൾ അങ്ങേയറ്റം ക്രൂരന്മാരായിരുന്നു. (ഉൽപ. 6:2-4, 11, 12) പക്ഷേ, നോഹ വ്യത്യസ്തനായിനിന്നു. “നോഹയ്ക്ക് യഹോവയുടെ പ്രീതി ലഭിച്ചു. . . . നോഹ നീതിമാനും തന്റെ തലമുറയിൽ കുറ്റമറ്റവനും ആയിരുന്നു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.”—ഉൽപ. 6:8, 9.
5 ആ വാക്കുകളെക്കുറിച്ച് കാര്യമായൊന്നു ചിന്തിച്ചുനോക്കാം. പ്രളയത്തിനു മുമ്പ്, ദുഷ്ടത നിറഞ്ഞ ആ ലോകത്തിൽ ‘നോഹ ദൈവത്തോടുകൂടെ നടന്നു’ എന്നു പറഞ്ഞിരിക്കുന്നു. ഇന്നത്തെ സാധാരണ മനുഷ്യായുസ്സായ കേവലം 70-ഓ 80-ഓ വർഷത്തേക്കല്ലായിരുന്നു അത്. 600-ഓളം വർഷം നോഹ ആ ലോകത്തിൽ ജീവിച്ചു. (ഉൽപ. 7:11) കൂടാതെ, നമുക്കുള്ളതുപോലെ നോഹയ്ക്ക് ആത്മീയസഹായം നൽകാൻ സഹാരാധകരുടെ ഒരു കൂട്ടമുണ്ടായിരുന്നില്ല, തെളിവനുസരിച്ച് കൂടപ്പിറപ്പുകൾപോലും നോഹയ്ക്കു വേണ്ട പിന്തുണ കൊടുത്തില്ല. b
6. നോഹ ഏതൊക്കെ വിധങ്ങളിലാണ് അസാമാന്യധൈര്യം കാണിച്ചത്?
6 ഒരു നല്ല വ്യക്തിയായി ജീവിച്ചാൽ മാത്രം പോരെന്നു നോഹയ്ക്ക് അറിയാമായിരുന്നു. അദ്ദേഹം ‘നീതിയെക്കുറിച്ച് പ്രസംഗിച്ചു,’ ധൈര്യത്തോടെ യഹോവയിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞു. (2 പത്രോ. 2:5) ‘വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിച്ചു’ എന്നു പൗലോസ് അപ്പോസ്തലൻ എഴുതി. (എബ്രാ. 11:7) നോഹയെ ആളുകൾ പരിഹസിക്കുകയും എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷേ ‘മനുഷ്യരെ കണ്ട് വിറയ്ക്കുന്നവനല്ലായിരുന്നു’ നോഹ. (സുഭാ. 29:25, അടിക്കുറിപ്പ്) പകരം, നോഹ ധൈര്യമുള്ളവനായിരുന്നു. തന്റെ വിശ്വസ്തദാസർക്കു ധൈര്യം കൊടുക്കുന്ന യഹോവ നോഹയെയും ശക്തിപ്പെടുത്തി.
7. പെട്ടകംപണിയോടുള്ള ബന്ധത്തിൽ എന്തൊക്കെ പ്രതിസന്ധികളാണു നോഹ നേരിട്ടത്?
7 അങ്ങനെ 500-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ യഹോവ നോഹയോട്, മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ രക്ഷിക്കാനായി ഒരു പെട്ടകം പണിയാൻ ആവശ്യപ്പെട്ടു. (ഉൽപ. 5:32; 6:14) അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമായി നോഹയ്ക്കു തോന്നിക്കാണും. പടുകൂറ്റൻ പെട്ടകം പണിയുന്നതു മാത്രമല്ലായിരുന്നു പ്രശ്നം. ആളുകളിൽനിന്ന് കൂടുതൽ പരിഹാസവും എതിർപ്പും നേരിടേണ്ടിവരുമെന്നും നോഹയ്ക്ക് അറിയാമായിരുന്നു. എങ്കിലും നോഹ വിശ്വാസത്തോടെ പ്രവർത്തിച്ചു, യഹോവയെ അനുസരിച്ചു. നോഹ “അങ്ങനെതന്നെ ചെയ്തു.”—ഉൽപ. 6:22.
8. തനിക്കുവേണ്ടി കരുതാനുള്ള യഹോവയുടെ കഴിവിൽ നോഹ വിശ്വാസമർപ്പിച്ചത് ഏതൊക്കെ വിധങ്ങളിൽ?
8 ഭാര്യക്കും മക്കൾക്കും വേണ്ടി ആഹാരവും മറ്റ് അവശ്യവസ്തുക്കളും കരുതുന്നതായിരുന്നു നോഹ നേരിട്ട മറ്റൊരു പ്രശ്നം. പ്രളയത്തിനു മുമ്പ് ആഹാരം വിളയിക്കുന്നതിന് ആളുകൾക്കു കൂടുതൽ കഷ്ടപ്പെടണമായിരുന്നു. നോഹയുടെ കാര്യവും അങ്ങനെതന്നെ. (ഉൽപ. 5:28, 29) പക്ഷേ, കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ എങ്ങനെ നിറവേറ്റും എന്നതല്ലായിരുന്നു നോഹയുടെ മുഖ്യചിന്ത. പകരം, യഹോവയായിരുന്നു നോഹയുടെ ജീവിതത്തിൽ എപ്പോഴും ഒന്നാമത്. ഏകദേശം 40-ഓ 50-ഓ വർഷം നീണ്ടുനിന്ന പെട്ടകംപണിയുടെ സമയത്തുപോലും നോഹ ആത്മീയകാര്യങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തിയില്ല. പ്രളയത്തിനു ശേഷമുള്ള 350 വർഷവും അങ്ങനെതന്നെ ചെയ്തു. (ഉൽപ. 9:28) വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും എത്ര നല്ല മാതൃക!
9, 10. (എ) നമുക്ക് എങ്ങനെ നോഹയുടെ വിശ്വാസവും അനുസരണവും അനുകരിക്കാം? (ബി) തന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നവരെ ദൈവം എങ്ങനെയാണു കാണുന്നത്?
9 നമുക്ക് എങ്ങനെ നോഹയുടെ വിശ്വാസവും അനുസരണവും അനുകരിക്കാം? ദൈവത്തിന്റെ നീതിക്കു മുഖ്യസ്ഥാനം കൊടുത്തുകൊണ്ടും സാത്താന്റെ ലോകത്തിന്റെ ഭാഗമാകാതിരുന്നുകൊണ്ടും ദൈവരാജ്യതാത്പര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തുകൊണ്ടും നമുക്ക് അങ്ങനെ ചെയ്യാം. (മത്താ. 6:33; യോഹ. 15:19) ഇതൊന്നും ലോകത്തിന്റെ കൈയടി നേടിത്തരില്ലെന്ന് ഉറപ്പാണ്. വിവാഹവും ലൈംഗികതയും പോലുള്ള കാര്യങ്ങളിൽ ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങളോടു പറ്റിനിൽക്കുമ്പോൾ ചില ദേശങ്ങളിൽ നമ്മളെക്കുറിച്ച് മോശമായ പ്രചാരണങ്ങൾപോലും നടത്താറുണ്ട്. (മലാഖി 3:17, 18 വായിക്കുക.) എന്നാൽ, നോഹയെപ്പോലെ നമ്മൾ യഹോവയെയാണു ഭയപ്പെടുന്നത്, മനുഷ്യരെയല്ല. നമുക്ക് അറിയാം, യഹോവയ്ക്കു മാത്രമാണു നിത്യജീവൻ തരാൻ കഴിയുന്നതെന്ന്.—ലൂക്കോ. 12:4, 5.
10 എന്നാൽ, വ്യക്തിപരമായി നിങ്ങളുടെ കാര്യമോ? മറ്റുള്ളവർ പരിഹസിക്കുമ്പോഴും വിമർശിക്കുമ്പോഴും നിങ്ങൾ ‘ദൈവത്തോടൊപ്പം നടക്കുമോ?’ കടുത്ത സാമ്പത്തികപ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവം നിങ്ങൾക്കായി കരുതുമെന്നു നിങ്ങൾക്കു വിശ്വാസമുണ്ടോ? നോഹയുടെ വിശ്വാസവും അനുസരണവും അനുകരിക്കുന്നെങ്കിൽ യഹോവ നിങ്ങൾക്കായി കരുതുമെന്ന് ഉറപ്പാണ്.—ഫിലി. 4:6, 7.
ദാനിയേലിന്റെ മാതൃക
11. ബാബിലോണിൽ ദാനിയേലും മൂന്നു കൂട്ടുകാരും എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 ദാനിയേൽ നേരിട്ട പ്രതിസന്ധികൾ. ഭൂതവിദ്യയും വിഗ്രഹാരാധനയും നിറഞ്ഞ ഒരു നഗരമായിരുന്നു ബാബിലോൺ. അവിടേക്കായിരുന്നു ദാനിയേലിനെ പിടിച്ചുകൊണ്ടുപോയത്. കൂടാതെ, ബാബിലോൺകാർ ജൂതന്മാരെ വിലയില്ലാത്തവരായിട്ടാണു കണ്ടിരുന്നത്. അവരെയും അവരുടെ ദൈവമായ യഹോവയെയും ബാബിലോൺകാർ പരിഹസിച്ചിരുന്നു. (സങ്കീ. 137:1, 3) ദാനിയേലിനെപ്പോലുള്ള വിശ്വസ്തരായ ജൂതന്മാരെ ഇത് എത്രമാത്രം വേദനിപ്പിച്ചിരിക്കണം! അതു മാത്രമല്ല, ദാനിയേലിനെയും ഹനന്യ, മീശായേൽ, അസര്യ എന്നീ മൂന്നു കൂട്ടുകാരെയും ധാരാളം പേർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കാരണം, ബാബിലോൺരാജാവിനുവേണ്ടി ജോലി ചെയ്യാൻ അവർക്കു പരിശീലനം കൊടുക്കാനിരിക്കുകയായിരുന്നു. അവർക്ക് എന്തു ഭക്ഷണം നൽകണമെന്നുപോലും ബാബിലോൺകാർ തീരുമാനിച്ചിരുന്നു. വാസ്തവത്തിൽ, പിന്നീടു ഭക്ഷണപാനീയങ്ങൾ ഒരു പ്രശ്നമായിത്തീരുകതന്നെ ചെയ്തു. കാരണം ‘രാജാവിന്റെ വിശിഷ്ടവിഭവങ്ങളാൽ അശുദ്ധനാകാൻ’ ദാനിയേൽ ആഗ്രഹിച്ചില്ല.—ദാനി. 1:5-8, 14-17.
12. (എ) എന്തൊക്കെ നല്ല ഗുണങ്ങളാണു ദാനിയേൽ പ്രകടിപ്പിച്ചത്? (ബി) യഹോവ എങ്ങനെയാണു ദാനിയേലിനെ വീക്ഷിച്ചത്?
12 ദാനിയേലിനുണ്ടായിരുന്ന കഴിവുകളും പ്രാപ്തികളും അദ്ദേഹം നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നിരിക്കാം. നല്ല കഴിവും പ്രാപ്തിയും ഉള്ള വ്യക്തിയായിരുന്നതുകൊണ്ട് ദാനിയേലിനു പല പ്രത്യേകപദവികളും ലഭിച്ചു. (ദാനി. 1:19, 20) സ്വാഭാവികമായും ഇതൊക്കെ ഒരാളെ അഹങ്കാരിയോ കടുംപിടുത്തക്കാരനോ ആക്കിയേക്കാം. എന്നാൽ ദാനിയേൽ താഴ്മയും എളിമയും ഉള്ളവനായിരുന്നു. എപ്പോഴും യഹോവയ്ക്കു മഹത്ത്വം കൊടുത്തു. (ദാനി. 2:30) വാസ്തവത്തിൽ, ദാനിയേൽ ഒരു യുവാവായിരുന്ന സമയത്താണ്, നീതിയോടെ പ്രവർത്തിച്ചതിന്റെ നല്ല മാതൃകകളായ ഇയ്യോബിന്റെയും നോഹയുടെയും പേരുകളോടൊപ്പം ദാനിയേലിന്റെ പേരും യഹോവ പറയുന്നത്. ദാനിയേലിൽ ദൈവം പ്രകടമാക്കിയ വിശ്വാസം അസ്ഥാനത്തായോ? ഒരിക്കലുമില്ല. ജീവിതാവസാനംവരെ ദാനിയേൽ വിശ്വസ്തനും അനുസരണമുള്ളവനും ആയിരുന്നു. 100-നോട് അടുത്ത് പ്രായമുള്ളപ്പോഴായിരിക്കാം ദൈവത്തിന്റെ ദൂതൻ ദാനിയേലിനെ സ്നേഹത്തോടെ ഇങ്ങനെ വിളിച്ചത്: “എത്രയും പ്രിയപ്പെട്ട ദാനിയേലേ.”—ദാനി. 10:11.
13. ദാനിയേലിനെ ഒരു ഉന്നതോദ്യോഗസ്ഥനായി നിയമിക്കാൻ യഹോവ ഇടയാക്കിയത് എന്തിനായിരിക്കാം?
13 ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്നതുകൊണ്ട് ദാനിയേലിനു ബാബിലോൺ ഭരണത്തിൻകീഴിലും, പിന്നീടു മേദോ-പേർഷ്യൻ ഭരണത്തിൻകീഴിലും ഒരു ഉന്നതോദ്യോഗസ്ഥനായി നിയമനം ലഭിച്ചു. (ദാനി. 1:21; 6:1, 2) യോസേഫ് ഈജിപ്തിലും എസ്ഥേറും മൊർദെഖായിയും പേർഷ്യയിലും ദൈവജനത്തെ സഹായിച്ചതുപോലെ, ദാനിയേലും സ്വന്തം ജനത്തിന് ഒരു അനുഗ്രഹമാകാനായിരിക്കാം യഹോവ കാര്യങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തത്. c (ദാനി. 2:48) യഹോവ ഈ വിധത്തിൽ പ്രവർത്തിക്കുന്നതു കാണാനായത് യഹസ്കേൽ ഉൾപ്പെടെയുള്ള ജൂതന്മാരായ അടിമകളെ എത്ര ആശ്വസിപ്പിച്ചിരിക്കണം!
14, 15. (എ) ദാനിയേലിന്റെ സാഹചര്യങ്ങൾ നമ്മുടേതിനു സമാനമായിരിക്കുന്നത് ഏതൊക്കെ വിധങ്ങളിൽ? (ബി) ദാനിയേലിന്റെ മാതാപിതാക്കളിൽനിന്ന് ഇന്നത്തെ മാതാപിതാക്കൾക്ക് എന്തൊക്കെ പഠിക്കാൻ കഴിയും?
14 നമുക്ക് എങ്ങനെ ദാനിയേലിന്റെ വിശ്വാസവും അനുസരണവും അനുകരിക്കാം? ഇന്നത്തെ ലോകം, ‘ഭൂതങ്ങളുടെ പാർപ്പിടം’ എന്നു വിളിച്ചിരിക്കുന്ന വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയുടെ സ്വാധീനത്തിലാണ്. അങ്ങനെ ഈ ലോകം ധാർമികമായും ആത്മീയമായും ദുഷിച്ചിരിക്കുന്നു. (വെളി. 18:2) ഈ ലോകത്തിൽ വിദേശികളെപ്പോലെ കഴിയുന്ന നമ്മൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരായി നിൽക്കുന്നു. അതിന്റെ പേരിൽ ചിലപ്പോൾ മറ്റുള്ളവരുടെ പരിഹാസത്തിനുപോലും ഇരകളാകുന്നു. (മർക്കോ. 13:13) അതുകൊണ്ട് ദാനിയേലിനെപ്പോലെ നമുക്കും നമ്മുടെ ദൈവമായ യഹോവയോടു കൂടുതൽ അടുത്തുചെല്ലാം. താഴ്മയോടും അനുസരണത്തോടും കൂടെ നമ്മൾ യഹോവയിൽ ആശ്രയിക്കുമ്പോൾ നമ്മളും യഹോവയുടെ കണ്ണിൽ പ്രിയപ്പെട്ടവരാകും, അഭികാമ്യരായിത്തീരും.—ഹഗ്ഗാ. 2:7, അടിക്കുറിപ്പ്.
15 മാതാപിതാക്കൾക്കു ദാനിയേലിന്റെ മാതൃകയിൽനിന്ന് ചിലതു പഠിക്കാനുണ്ട്. ദാനിയേലിന്റെ കുട്ടിക്കാലത്ത് യഹൂദയിൽ എങ്ങും ദുഷ്ടത നിറഞ്ഞുനിന്നിരുന്നു. അങ്ങനെയൊരു ചുറ്റുപാടിലും ദാനിയേൽ ദൈവത്തെ സ്നേഹിക്കുന്നവനായി വളർന്നുവന്നു. ഇതു യാദൃച്ഛികമായി സംഭവിച്ചതല്ല. മാതാപിതാക്കൾ കൊടുത്ത നല്ല പരിശീലനത്തിന്റെ ഫലമാണ് ഇതെന്നു വ്യക്തം. (സുഭാ. 22:6) ദാനിയേൽ എന്ന പേരിന്റെ അർഥം “ദൈവമാണ് എന്റെ ന്യായാധിപൻ” എന്നാണ്. അതു സൂചിപ്പിക്കുന്നതു ദാനിയേലിന്റെ മാതാപിതാക്കൾ ദൈവഭയമുള്ളവരായിരുന്നെന്നാണ്. (ദാനി. 1:6, അടിക്കുറിപ്പ്) അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ ക്ഷമയോടെ പഠിപ്പിക്കുക. ഇക്കാര്യത്തിൽ മടുത്ത് പിന്മാറരുത്. (എഫെ. 6:4) അവരോടൊത്തും അവർക്കുവേണ്ടിയും പ്രാർഥിക്കുക. ബൈബിൾസത്യത്തോടുള്ള സ്നേഹം അവരുടെ ഹൃദയങ്ങളിൽ ഉൾനടാൻ ശ്രമം ചെയ്യുമ്പോൾ യഹോവ നിങ്ങളെ അനുഗ്രഹിക്കും.—സങ്കീ. 37:5.
ഇയ്യോബിന്റെ മാതൃക
16, 17. സമ്പന്നനായിരുന്നപ്പോഴും കഷ്ടപ്പാടുകളുടെ സമയത്തും എന്തൊക്കെ പ്രതിസന്ധികളാണ് ഇയ്യോബ് നേരിട്ടത്?
16 ഇയ്യോബ് നേരിട്ട പ്രതിസന്ധികൾ. സമ്പന്നതയിലും ദാരിദ്ര്യത്തിലും ജീവിച്ചയാളാണ് ഇയ്യോബ്. പരിശോധനകളുണ്ടാകുന്നതിനു മുമ്പ്, ‘പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിരുന്നു.’ (ഇയ്യോ. 1:3) വലിയ സമ്പത്തിന് ഉടമയായിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. ആളുകൾ അദ്ദേഹത്തെ ആദരിച്ചിരുന്നു. (ഇയ്യോ. 29:7-16) എങ്കിലും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നോ തനിക്കു ദൈവത്തിന്റെ ആവശ്യമില്ലെന്നോ ഇയ്യോബ് ചിന്തിച്ചില്ല. യഥാർഥത്തിൽ, ‘എന്റെ ദാസൻ’ എന്നാണു ദൈവം ഇയ്യോബിനെ വിളിച്ചത്. “അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്കളങ്കനും ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല” എന്നും ദൈവം ഇയ്യോബിനെക്കുറിച്ച് പറഞ്ഞു.—ഇയ്യോ. 1:8.
17 ചുരുങ്ങിയ കാലംകൊണ്ട് ഇയ്യോബിന്റെ ജീവിതം തകിടംമറിഞ്ഞു. ഇയ്യോബിന്റെ ജീവിതം ദാരിദ്ര്യത്തിന്റെയും നിരാശയുടെയും നിലയില്ലാക്കയത്തിലേക്കു കൂപ്പുകുത്തി. നമുക്ക് അറിയാവുന്നതുപോലെ ഇതിന്റെയെല്ലാം കാരണക്കാരൻ സാത്താനാണ്. സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടിയാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ ഇയ്യോബിനെക്കുറിച്ച് ദൂഷണം പറഞ്ഞു. (ഇയ്യോബ് 1:9, 10 വായിക്കുക.) ആ ദുഷിച്ച ആരോപണം യഹോവ തള്ളിക്കളഞ്ഞില്ല. പകരം, സ്വന്തം നിഷ്കളങ്കത തെളിയിക്കാനും സ്വാർഥതാത്പര്യങ്ങളൊന്നുമില്ലാതെ ശുദ്ധമായ ഒരു ഹൃദയത്തോടെയാണു തന്നെ സേവിക്കുന്നതെന്നു കാണിക്കാനും യഹോവ ഇയ്യോബിന് ഒരു അവസരം കൊടുത്തു.
18. (എ) ഇയ്യോബ് വിശ്വസ്തത പാലിച്ചതിനെക്കുറിച്ച് പഠിക്കുമ്പോൾ നിങ്ങൾക്കു ശ്രദ്ധേയമായി തോന്നുന്നത് എന്താണ്? (ബി) ഇയ്യോബുമായുള്ള യഹോവയുടെ ഇടപെടൽ യഹോവയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
18 ക്രൂരമായ ഒരു ആക്രമണപരമ്പര സാത്താൻ ഇയ്യോബിനു നേരെ അഴിച്ചുവിട്ടു. ദൈവമാണ് ഇതിന്റെയെല്ലാം പിന്നിലെന്നു വരുത്തിത്തീർക്കുന്ന വിധത്തിലായിരുന്നു സാത്താൻ പ്രവർത്തിച്ചത്. (ഇയ്യോ. 1:13-21) പിന്നെ മൂന്നു വ്യാജാശ്വാസകർ വന്ന് ഇയ്യോബിനെ വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചു. അർഹിച്ച ശിക്ഷയാണു ദൈവം ഇയ്യോബിനു കൊടുത്തതെന്ന രീതിയിലായിരുന്നു അവരുടെ സംസാരം. (ഇയ്യോ. 2:11; 22:1, 5-10) ഇങ്ങനെയൊക്കെയുണ്ടായിട്ടും ഇയ്യോബ് വിശ്വസ്തനായി തുടർന്നു. ചിലപ്പോഴൊക്കെ ഇയ്യോബ് ചിന്തയില്ലാതെ സംസാരിച്ചു എന്നതു ശരിയാണ്, എങ്കിലും യഹോവ ഇയ്യോബിന്റെ വേദന മനസ്സിലാക്കി. (ഇയ്യോ. 6:1-3) സാത്താൻ ഒരു ഗുണ്ടയെപ്പോലെ പല വിധങ്ങളിൽ ഇയ്യോബിനെ ക്രൂരമായി ആക്രമിക്കുകയും വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിട്ടും ഇയ്യോബ് ദൈവത്തിന്റെ പക്ഷത്ത് നിന്നു. അങ്ങേയറ്റം നിരാശിതനായിട്ടും ഇയ്യോബ് തന്നെ തള്ളിപ്പറഞ്ഞില്ല എന്നതു ദൈവം ശ്രദ്ധിച്ചു. പരിശോധനയുടെ കാലഘട്ടം അവസാനിച്ചപ്പോൾ യഹോവ ഇയ്യോബിനു മുമ്പുണ്ടായിരുന്ന സ്വത്തുക്കളുടെ ഇരട്ടി കൊടുത്തു, 140 വർഷംകൂടെ ആയുസ്സു നീട്ടിക്കൊടുക്കുകയും ചെയ്തു. (യാക്കോ. 5:11) ആ സമയത്തും ഇയ്യോബ് യഹോവയോടുള്ള അചഞ്ചലഭക്തി കാത്തുസൂക്ഷിച്ചു. അതു നമുക്ക് എങ്ങനെ അറിയാം? ഇയ്യോബ് മരിച്ച് നൂറ്റാണ്ടുകൾക്കു ശേഷമാണു നമ്മുടെ ആധാരവാക്യത്തിലെ വാക്കുകൾ യഹസ്കേൽ എഴുതുന്നത്.
19, 20. (എ) നമുക്ക് എങ്ങനെ ഇയ്യോബിന്റെ വിശ്വാസവും അനുസരണവും അനുകരിക്കാം? (ബി) മറ്റുള്ളവരുമായി ഇടപെടുമ്പോൾ നമുക്ക് എങ്ങനെ ദൈവത്തിന്റെ അനുകമ്പ അനുകരിക്കാം?
19 നമുക്ക് എങ്ങനെ ഇയ്യോബിന്റെ വിശ്വാസവും അനുസരണവും അനുകരിക്കാം? സാഹചര്യങ്ങൾ എന്തുതന്നെയായാലും യഹോവയ്ക്കു നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനം നൽകാം. യഹോവയിൽ എല്ലായ്പോഴും ആശ്രയിക്കാം, പൂർണഹൃദയത്തോടെ യഹോവയെ അനുസരിക്കാം. അങ്ങനെ ചെയ്യാൻ ഇയ്യോബിനുണ്ടായിരുന്നതിനെക്കാൾ കൂടുതൽ കാരണങ്ങൾ ഇപ്പോൾ നമുക്കുണ്ട്. സാത്താനെയും അവന്റെ തന്ത്രങ്ങളെയും കുറിച്ച് നമുക്ക് ഇന്നു ധാരാളം കാര്യങ്ങൾ അറിയാം. (2 കൊരി. 2:11) അതുപോലെ, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം ബൈബിളിൽനിന്ന് പ്രത്യേകിച്ച്, ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നു. ക്രിസ്തുയേശുവിന്റെ നിയന്ത്രണത്തിലുള്ള ഒരു ലോകഗവൺമെന്റാണു ദൈവരാജ്യമെന്നു ദാനിയേൽപ്രവചനത്തിൽനിന്ന് നമ്മൾ പഠിച്ചിരിക്കുന്നു. (ദാനി. 7:13, 14) ഈ രാജ്യം ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും മനസ്സിലാക്കി.
20 കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സഹക്രിസ്ത്യാനികളോടു നമ്മൾ അനുകമ്പ കാണിക്കേണ്ടതിന്റെ ആവശ്യവും ഇയ്യോബിന്റെ അനുഭവം എടുത്തുകാട്ടുന്നു. ഇയ്യോബിനെപ്പോലെ, ചിലപ്പോൾ ചിലർ ചിന്തിക്കാതെ സംസാരിച്ചേക്കാം. (സഭാ. 7:7) അപ്പോൾ അവർ മോശക്കാരാണെന്നു വിധിയെഴുതുന്നതിനു പകരം നമുക്ക് ഉൾക്കാഴ്ചയും അനുകമ്പയും ഉള്ളവരായിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ സ്നേഹവും കരുണയും നിറഞ്ഞ നമ്മുടെ പിതാവായ യഹോവയെ അനുകരിക്കുകയാണ്.—സങ്കീ. 103:8.
യഹോവ ‘നിങ്ങളെ ശക്തരാക്കും’
21. നോഹയുടെയും ദാനിയേലിന്റെയും ഇയ്യോബിന്റെയും ജീവിതത്തിൽ 1 പത്രോസ് 5:10 സത്യമായിത്തീർന്നത് എങ്ങനെ?
21 നോഹയും ദാനിയേലും ഇയ്യോബും വ്യത്യസ്ത കാലഘട്ടങ്ങളിലാണു ജീവിച്ചത്. അവർ നേരിട്ട പരിശോധനകളും വ്യത്യസ്തമായിരുന്നു. എന്നാൽ, ജീവിതത്തിലുണ്ടായ പ്രതിസന്ധികളിലെല്ലാം അവർ പിടിച്ചുനിന്നു. അവരുടെ ജീവിതകഥകൾ പത്രോസ് അപ്പോസ്തലന്റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങൾ കുറച്ച് കാലം കഷ്ടത സഹിച്ചശേഷം, . . . അനർഹദയയുടെ ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും.”—1 പത്രോ. 5:10.
22. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
22 ആ നിശ്വസ്തവാക്കുകളിലൂടെ തന്റെ ദാസരെ ബലപ്പെടുത്തുമെന്നും ശക്തരാക്കുമെന്നും യഹോവ ഉറപ്പുകൊടുക്കുന്നു. ആ വാക്കുകൾ ഇന്നത്തെ ദൈവജനത്തിനും ബാധകമാണ്. യഹോവ നമ്മളെ ശക്തിപ്പെടുത്തണമെന്നും അങ്ങനെ സത്യാരാധനയിൽ ഉറച്ചുനിൽക്കണമെന്നും ആണ് ദൈവത്തിന്റെ ദാസരായ നമ്മളും ആഗ്രഹിക്കുന്നത്. അതിനാൽ നോഹയുടെയും ദാനിയേലിന്റെയും ഇയ്യോബിന്റെയും വിശ്വാസവും അനുസരണവും നമുക്ക് അനുകരിക്കാം. യഹോവയെ അടുത്തറിയാമായിരുന്നതുകൊണ്ടാണു വിശ്വസ്തരായി നിൽക്കാൻ അവർക്കു കഴിഞ്ഞത്. വാസ്തവത്തിൽ അവർക്ക് യഹോവ തങ്ങളിൽനിന്ന് പ്രതീക്ഷിച്ച ‘സകലവും മനസ്സിലായി.’ (സുഭാ. 28:5) അതെക്കുറിച്ചാണ് നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കാൻപോകുന്നത്. ആ കാര്യത്തിൽ നമുക്ക് എങ്ങനെ അവരുടെ മാതൃക അനുകരിക്കാമെന്നും നമ്മൾ പഠിക്കും.
a ബി.സി. 617-ലാണ് യഹസ്കേലിനെ ഒരു പ്രവാസിയായി കൊണ്ടുപോകുന്നത്. പ്രവാസകാലത്തിന്റെ “ആറാം വർഷം” അതായത് ബി.സി. 612-ലാണ് യഹസ്കേൽ 8:1–19:14 വരെയുള്ള ഭാഗം എഴുതുന്നത്.
b നോഹയുടെ പിതാവായ ദൈവഭക്തിയുള്ള ലാമെക്ക് പ്രളയത്തിന് ഏതാണ്ട് അഞ്ചു വർഷം മുമ്പ് മരിച്ചുപോയി. നോഹയുടെ അമ്മയും കൂടപ്പിറപ്പുകളും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽത്തന്നെ അവരാരും പ്രളയത്തെ അതിജീവിച്ചില്ല.
c ഇതേ ഉദ്ദേശ്യത്തിലായിരിക്കാം ദാനിയേലിന്റെ മൂന്നു സുഹൃത്തുക്കൾക്കും അധികാരസ്ഥാനങ്ങൾ ലഭിക്കാൻ യഹോവ ഇടയാക്കിയത്.—ദാനി. 2:49.