ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥം?
“ദൈവം, ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടാകാൻ ഇടവരുത്തട്ടെ.”—റോമ. 15:5.
1, 2. (എ) മിക്കവരും ആത്മീയതയെ എങ്ങനെയാണു കാണുന്നത്? (ബി) ആത്മീയതയെക്കുറിച്ചുള്ള ഏതു പ്രധാനപ്പെട്ട ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
“ഒരു ആത്മീയവ്യക്തി ആയിരിക്കുന്നതുകൊണ്ട് ഞാൻ കൂടുതൽ സന്തോഷവതിയാണ്. ദിവസവും നേരിടുന്ന പരിശോധനകളെ വിജയകരമായി കൈകാര്യം ചെയ്യാൻ അത് എന്നെ സഹായിച്ചിരിക്കുന്നു.” കാനഡയിലുള്ള ഒരു സഹോദരിയുടെ വാക്കുകളാണ് ഇത്. ബ്രസീലിലുള്ള ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ വിവാഹിതരായിട്ട് 23 വർഷമായി. സന്തോഷമുള്ള ഒരു വിവാഹജീവിതമാണു ഞങ്ങളുടേത്. ആത്മീയമനസ്കരായിരിക്കാൻ ഞങ്ങൾ നല്ല ശ്രമം ചെയ്തതുകൊണ്ടാണ് അതിനു കഴിഞ്ഞിരിക്കുന്നത്.” ഫിലിപ്പീൻസിലുള്ള ഒരു സഹോദരൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “ഒരു ആത്മീയവ്യക്തി ആയിരിക്കുന്നതുകൊണ്ട് എനിക്കു മനസ്സമാധാനമുണ്ട്. വ്യത്യസ്തപശ്ചാത്തലങ്ങളിലുള്ള സഹോദരങ്ങളുമായി സന്തോഷത്തോടെ ഒത്തുപോകാനും അത് എന്നെ സഹായിച്ചിരിക്കുന്നു.”
2 ആത്മീയമനസ്കരായിരിക്കുന്നതു നമുക്കു പല വിധങ്ങളിൽ പ്രയോജനം ചെയ്യുമെന്ന് ഈ സഹോദരങ്ങളുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ നമ്മളും ഇങ്ങനെ ചോദിച്ചേക്കാം: ‘എനിക്ക് എങ്ങനെ ഒരു ആത്മീയവ്യക്തിയായി വളരാനും ഇതുപോലുള്ള പ്രയോജനങ്ങൾ ആസ്വദിക്കാനും കഴിയും?’ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനു മുമ്പ്, ആത്മീയതയുള്ള അഥവാ ആത്മീയമനസ്കരായ ആളുകളെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നമ്മൾ വ്യക്തമായി മനസ്സിലാക്കണം. ഈ ലേഖനത്തിൽ നമ്മൾ മൂന്നു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: (1) ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥം? (2) നമ്മുടെ ആത്മീയത മെച്ചപ്പെടുത്താൻ ആരുടെയെല്ലാം മാതൃകകൾ സഹായിക്കും? (3) ‘ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കാൻ’ നമ്മൾ നടത്തുന്ന ശ്രമങ്ങൾ ആത്മീയവ്യക്തികളാകാൻ നമ്മളെ എങ്ങനെ സഹായിക്കും?
ഒരു ആത്മീയവ്യക്തി എങ്ങനെയുള്ള ആളായിരിക്കും?
3. ജഡികമനുഷ്യനും ആത്മീയമനുഷ്യനും തമ്മിലുള്ള വ്യത്യാസം ബൈബിളിൽ എങ്ങനെയാണു വിവരിച്ചിരിക്കുന്നത്?
3 ‘ആത്മീയമനുഷ്യനും’ ‘ജഡികമനുഷ്യനും’ തമ്മിലുള്ള വ്യത്യാസം വിവരിച്ചുകൊണ്ട്, ഒരു ആത്മീയവ്യക്തി എങ്ങനെയുള്ള ആളായിരിക്കുമെന്നു മനസ്സിലാക്കാൻ പൗലോസ് അപ്പോസ്തലൻ നമ്മളെ സഹായിക്കുന്നു. (1 കൊരിന്ത്യർ 2:14-16 വായിക്കുക.) എന്താണു വ്യത്യാസം? “ജഡികമനുഷ്യൻ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്ഢിത്തമായി തോന്നുന്നു. . . അയാൾക്ക് അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല.” എന്നാൽ ‘എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന’ ഒരാളാണ് “ആത്മീയമനുഷ്യൻ.” അദ്ദേഹത്തിനു “ക്രിസ്തുവിന്റെ മനസ്സുണ്ട്.” ആത്മീയമനുഷ്യരായിരിക്കാനാണു പൗലോസ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. മറ്റ് ഏതെല്ലാം വിധങ്ങളിലാണു ജഡികമനുഷ്യനും ആത്മീയമനുഷ്യനും വ്യത്യസ്തരായിരിക്കുന്നത്?
4, 5. ജഡികമനുഷ്യന്റെ സ്വഭാവവിശേഷതകൾ എന്തെല്ലാം?
4 ഒരു ജഡികമനുഷ്യൻ എങ്ങനെയാണു ചിന്തിക്കുന്നതെന്ന് ആദ്യം നോക്കാം. ജഡത്തിന്റെ ആഗ്രഹങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു മനോഭാവമാണ് ഇന്നു ലോകത്തിൽ പൊതുവേ കാണുന്നത്. ‘അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവ്’ എന്നാണു പൗലോസ് അതിനെ വിശേഷിപ്പിച്ചത്. (എഫെ. 2:2) എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യുക എന്ന രീതി പിൻപറ്റാൻ ഈ ആത്മാവ് ഭൂരിപക്ഷം മനുഷ്യരെയും ഇടയാക്കിയിരിക്കുന്നു. ജഡത്തിന്റെ കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ മുഴുവനും. അതിന്റെ ഫലമായി തങ്ങൾക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് അവരിൽ മിക്കവരും ചെയ്യുന്നത്. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവർ ഒരു ശ്രമവും നടത്തുന്നില്ല. ഒരു ജഡികമനുഷ്യൻ അഥവാ ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്ന മനുഷ്യൻ, പേരും പെരുമയും സമ്പത്തും എങ്ങനെയൊക്കെ നേടിയെടുക്കാം എന്നതിനെക്കുറിച്ചാണ് മിക്കപ്പോഴും ചിന്തിക്കുന്നത്; അദ്ദേഹം വ്യക്തിപരമായ അവകാശങ്ങൾക്കു മറ്റ് എന്തിനെക്കാളും പ്രാധാന്യം കൊടുക്കുന്നു.
5 ജഡികമനുഷ്യനെ തിരിച്ചറിയിക്കുന്ന മറ്റു ചില കാര്യങ്ങൾ എന്തൊക്കെയാണ്? ‘ജഡത്തിന്റെ പ്രവൃത്തികളിൽ’ ഏതിലെങ്കിലും ഏർപ്പെടുന്നവർ ആ ഗണത്തിൽപ്പെടുന്നവരാണ്. (ഗലാ. 5:19-21) ഇക്കൂട്ടരെ തിരിച്ചറിയിക്കുന്ന മറ്റു ചില സ്വഭാവവിശേഷതകൾ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ഒന്നാമത്തെ കത്തിൽ വിവരിക്കുന്നുണ്ട്. ചേരിതിരിവുണ്ടാക്കുന്നതും പക്ഷംപിടിക്കുന്നതും ഭിന്നതകൾക്കു വളംവെക്കുന്നതും അന്യോന്യം കോടതി കയറ്റുന്നതും അധികാരസ്ഥാനത്തുള്ളവരോട് ആദരവില്ലാതെ പെരുമാറുന്നതും അമിതമായ തീറ്റയും കുടിയും ഒക്കെ അത്തരം സ്വഭാവവിശേഷതകളാണ്. പ്രലോഭനമുണ്ടാകുമ്പോൾ ജഡികമനുഷ്യൻ അതിനെ ചെറുക്കാനാകാതെ വീണുപോകുന്നു. (സുഭാ. 7:21, 22) “ആത്മീയതയില്ലാത്ത” അളവോളംപോലും അധഃപതിക്കുന്ന ആളുകളെക്കുറിച്ച് യൂദ എഴുതി.—യൂദ 18, 19.
6. ഒരു ആത്മീയവ്യക്തിയെ എങ്ങനെ തിരിച്ചറിയാം?
6 അങ്ങനെയെങ്കിൽ ഒരു “ആത്മീയമനുഷ്യൻ” ആയിരിക്കുക എന്നു പറഞ്ഞാൽ എന്താണ്? ജഡികമനുഷ്യനിൽനിന്ന് വിപരീതമായി ആത്മീയമനസ്കനായ ഒരാൾ ദൈവവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ചിന്തയുള്ളവനായിരിക്കും. അത്തരം ഒരാൾ ‘ദൈവത്തെ അനുകരിക്കാൻ’ നല്ല ശ്രമം ചെയ്യും. (എഫെ. 5:1) അതായത്, ഓരോ കാര്യത്തെക്കുറിച്ചും യഹോവ എങ്ങനെയാണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാനും യഹോവയുടെ വീക്ഷണത്തിൽനിന്ന് കാര്യങ്ങൾ നോക്കിക്കാണാനും ആത്മീയമനസ്കരായവർ ശ്രമിക്കും. ദൈവം അവർക്ക് ഒരു യഥാർഥവ്യക്തിയാണ്. ജഡികമനുഷ്യരിൽനിന്ന് വ്യത്യസ്തരായി, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ആത്മീയവ്യക്തികൾ ശ്രമിക്കും. (സങ്കീ. 119:33; 143:10) ജഡത്തിന്റെ പ്രവൃത്തികളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം “ദൈവാത്മാവിന്റെ ഫലം” പുറപ്പെടുവിക്കാൻ അവർ കഠിനമായി യത്നിക്കും. (ഗലാ. 5:22, 23) ആത്മീയമനസ്കൻ എന്നു പറഞ്ഞാൽ എന്താണ് അർഥമാക്കുന്നതെന്നു മനസ്സിലാക്കാൻ ഇങ്ങനെയൊന്നു ചിന്തിക്കുക: ഒരു ബിസിനെസ്സുകാരന്റെ ചിന്ത പൊതുവേ ബിസിനെസ്സ് കാര്യങ്ങളിലായിരിക്കും. അതുപോലെ ആത്മീയമനസ്കനായ ഒരാളുടെ ചിന്ത ആത്മീയകാര്യങ്ങളിലായിരിക്കും.
7. ആത്മീയമനസ്കരായ ആളുകളെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
7 ആത്മീയമനസ്കരായ ആളുകളെ ബൈബിൾ പുകഴ്ത്തിപ്പറയുന്നുണ്ട്. മത്തായി 5:3 പറയുന്നു: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.” ആത്മീയവ്യക്തികളായിരിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് റോമർ 8:6 ഇങ്ങനെ പറയുന്നു: “ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു മരണത്തിൽ കലാശിക്കുന്നു. ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു ജീവനും സമാധാനവും തരുന്നു.” അതെ, ആത്മീയകാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതിലൂടെ നമുക്ക് ഇപ്പോൾ ദൈവവുമായി സമാധാനത്തിലായിരിക്കാൻ കഴിയുന്നു, ആന്തരികസമാധാനം ലഭിക്കുന്നു, ഒപ്പം ഭാവിയിൽ നിത്യമായി ജീവിക്കാനുള്ള അവസരവും നമുക്കുണ്ടായിരിക്കും.
8. ആത്മീയത നേടാനും അതു കാത്തുസൂക്ഷിക്കാനും ശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
8 എങ്കിലും നമ്മൾ ജീവിക്കുന്ന ഈ ലോകത്തിൽ ജഡികമനോഭാവമാണ് എങ്ങും വ്യാപിച്ചിരിക്കുന്നത്. അതു നമ്മളെയും ബാധിച്ചേക്കാം. അതുകൊണ്ട് ആത്മീയത വളർത്തിയെടുക്കാനും അതു കാത്തുസൂക്ഷിക്കാനും നല്ല ശ്രമം ചെയ്യണം. ഒരു വ്യക്തിയുടെ ആത്മീയത നഷ്ടപ്പെട്ടാൽ ജഡികമായ മനോഭാവങ്ങളും ചിന്തകളും കൊണ്ട് ലോകം അയാളുടെ മനസ്സു നിറയ്ക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? നമുക്ക് എങ്ങനെ ആത്മീയമായി വളരാം?
നമുക്ക് ഈ ആത്മീയ വ്യക്തികളിൽനിന്ന് പഠിക്കാം
9. (എ) ആത്മീയമായി വളരാൻ നമ്മളെ എന്തു സഹായിക്കും? (ബി) ആരുടെയൊക്കെ നല്ല മാതൃകകളാണു നമ്മൾ പഠിക്കാൻപോകുന്നത്?
9 മാതാപിതാക്കളെ നിരീക്ഷിച്ചുകൊണ്ടും അവരുടെ നല്ല മാതൃക പകർത്തിക്കൊണ്ടും ഒരു കുട്ടിക്കു പക്വതയിലേക്കു വളരാനാകും. സമാനമായി, നല്ല ആത്മീയതയുള്ള ആളുകളെ നിരീക്ഷിച്ചുകൊണ്ടും അവരെ അനുകരിച്ചുകൊണ്ടും നമുക്ക് ആത്മീയമായി വളരാൻ കഴിയും. അതേസമയം ജഡത്തിന്റെ കാര്യങ്ങളോടു ചായ്വുള്ള ആളുകൾ നമുക്കുള്ള മുന്നറിയിപ്പിൻദൃഷ്ടാന്തങ്ങളാണ്. (1 കൊരി. 3:1-4) നല്ല മാതൃക വെച്ചവരെക്കുറിച്ചും മോശം മാതൃക വെച്ചവരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. എങ്കിലും നമ്മുടെ ലക്ഷ്യം ആത്മീയമായി വളരുക എന്നതായതുകൊണ്ട് നമുക്ക് ഇപ്പോൾ നല്ല ചില മാതൃകകൾ നോക്കാം. യാക്കോബിന്റെയും മറിയയുടെയും യേശുവിന്റെയും ദൃഷ്ടാന്തങ്ങളാണു നമ്മൾ പഠിക്കാൻപോകുന്നത്.
10. ഒരു ആത്മീയവ്യക്തിയാണെന്നു യാക്കോബ് എങ്ങനെയാണു കാണിച്ചത്?
10 ആദ്യം യാക്കോബിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കാം. നമ്മളിൽ പലരുടെയും കാര്യംപോലെതന്നെ യാക്കോബിനും ജീവിതത്തിൽ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവന്നു. സ്വന്തം ചേട്ടനായ ഏശാവ് യാക്കോബിനെ വകവരുത്താൻ ആഗ്രഹിച്ചു. പലതവണ തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ച വഞ്ചകനായ അമ്മായിയപ്പനുമായും യാക്കോബിന് ഇടപെടേണ്ടിവന്നു. ജഡികമനസ്ഥിതിയുള്ള ആളുകൾ ചുറ്റുമുണ്ടായിരുന്നെങ്കിലും യാക്കോബ് ഒരു ആത്മീയവ്യക്തിയായിരുന്നു. അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിൽ യാക്കോബ് ഉറച്ചുവിശ്വസിച്ചു. യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ ഒരു പ്രത്യേകപങ്കു വഹിക്കാനിരുന്ന തന്റെ കുടുംബത്തെ പരിപാലിക്കുന്നതിനു യാക്കോബ് ജീവിതം ഉഴിഞ്ഞുവെച്ചു. (ഉൽപ. 28:10-15) ദൈവത്തിന്റെ ഇഷ്ടത്തിനും നിലവാരങ്ങൾക്കും ചേർച്ചയിലാണു താൻ കാര്യങ്ങൾ ചെയ്യുന്നതെന്നു യാക്കോബിന്റെ വാക്കുകളും പ്രവൃത്തികളും തെളിയിച്ചു. ഉദാഹരണത്തിന്, ഏശാവ് ഉപദ്രവിക്കുമെന്നു തോന്നിയപ്പോൾ യാക്കോബ് ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “എന്നെ രക്ഷിക്കണമെന്നു ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നു. . . . ‘ഞാൻ നിനക്ക് ഉറപ്പായും നന്മ ചെയ്യുകയും നിന്റെ സന്തതിയെ കടലിലെ മണൽത്തരികൾപോലെ എണ്ണിയാൽ തീരാത്തത്ര വർധിപ്പിക്കുകയും ചെയ്യും’ എന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ.” (ഉൽപ. 32:6-12) യഹോവയുടെ വാഗ്ദാനങ്ങളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന യാക്കോബ് തന്റെ ജീവിതത്തിലൂടെ അതു തെളിയിക്കുകയും ചെയ്തു.
11. മറിയ ഒരു ആത്മീയവ്യക്തിയായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
11 ഇനി മറിയയുടെ മാതൃക നോക്കാം. യേശുവിന്റെ അമ്മയാകാൻ യഹോവ മറിയയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മറിയ ഒരു ആത്മീയവ്യക്തി ആയിരുന്നതുകൊണ്ടാണ് എന്നതിൽ സംശയമില്ല. നമുക്ക് അത് എങ്ങനെ അറിയാം? തന്റെ ബന്ധുക്കളായ സെഖര്യയുടെയും എലിസബത്തിന്റെയും വീട്ടിൽ വന്നപ്പോൾ ദൈവത്തെ സ്തുതിച്ചുകൊണ്ട് മറിയ പറഞ്ഞ മനോഹരമായ വാക്കുകൾ മറിയയുടെ ആത്മീയതയുടെ തെളിവാണ്. (ലൂക്കോസ് 1:46-55 വായിക്കുക.) മറിയയ്ക്കു ദൈവവചനത്തോട് ആഴമായ സ്നേഹമുണ്ടെന്നും എബ്രായതിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നെന്നും ആ വാക്കുകൾ കാണിക്കുന്നു. (ഉൽപ. 30:13; 1 ശമു. 2:1-10; മലാ. 3:12) നവദമ്പതികളായിരുന്നെങ്കിലും യോസേഫും മറിയയും യേശു ജനിക്കുന്നതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. വ്യക്തിപരമായ അഭിലാഷങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെക്കാൾ യഹോവയുടെ ഇഷ്ടത്തിനാണ് അവർ പ്രാധാന്യം കൊടുത്തതെന്നല്ലേ അതു സൂചിപ്പിക്കുന്നത്? (മത്താ. 1:25) കാലം മുന്നോട്ടുപോയപ്പോൾ യേശുവിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ മറിയ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും യേശു പറഞ്ഞ ജ്ഞാനമൊഴികൾക്കു ശ്രദ്ധ കൊടുക്കുകയും ചെയ്തു. കൂടാതെ, മറിയ “ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ പ്രത്യേകം കുറിച്ചിട്ടു.” (ലൂക്കോ. 2:51) മിശിഹയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ മറിയയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. നമുക്ക് എങ്ങനെ ദൈവത്തിന്റെ ഇഷ്ടം ഒന്നാമതു വെക്കാം എന്നു മറിയയുടെ മാതൃക കാണിച്ചുതരുന്നില്ലേ?
12. (എ) യേശു എങ്ങനെയാണു തന്റെ പിതാവിനെപ്പോലെയായിരുന്നത്? (ബി) നമുക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
12 ഒരു ആത്മീയവ്യക്തിയായിരിക്കുന്നതിൽ ഇന്നോളം ഏറ്റവും നല്ല മാതൃകവെച്ചതു യേശുവാണ്. ജീവിതത്തിലും ശുശ്രൂഷയിലും പിതാവായ യഹോവയെ അനുകരിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു യേശു കാണിച്ചു. യേശു യഹോവയെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ ഇഷ്ടത്തിനും നിലവാരങ്ങൾക്കും ചേർച്ചയിലാണു യേശു ജീവിച്ചത്. (യോഹ. 8:29; 14:9; 15:10) അതിന് ഒരു ഉദാഹരണം നോക്കാം. പ്രവാചകനായ യശയ്യ, യഹോവ അനുകമ്പ കാണിക്കുന്ന വിധം വർണിക്കുന്നത് എങ്ങനെയെന്നു വായിക്കുക. അതിനുശേഷം, യേശു ആളുകളോട് ഇടപെട്ടതിനെക്കുറിച്ച് സുവിശേഷ എഴുത്തുകാരനായ മർക്കോസ് വിവരിക്കുന്ന ഭാഗവുമായി താരതമ്യം ചെയ്യുക. (യശയ്യ 63:9; മർക്കോസ് 6:34 വായിക്കുക.) നമ്മൾ യേശുവിനെപ്പോലെയാണോ? സഹായം ആവശ്യമുള്ളവർക്ക് അനുകമ്പയോടെ അതു ചെയ്തുകൊടുക്കാൻ നമ്മൾ എപ്പോഴും തയ്യാറാണോ? ഇനി, സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ യേശുവിനെപ്പോലെ നമ്മൾ തീക്ഷ്ണതയോടെ ഏർപ്പെടുന്നുണ്ടോ? (ലൂക്കോ. 4:43) ഇതെല്ലാം ഒരു ആത്മീയമനുഷ്യനെ തിരിച്ചറിയിക്കുന്ന അടയാളങ്ങളാണ്.
13, 14. (എ) ഇക്കാലത്തെ ആത്മീയമനസ്കരായ ആളുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) ഒരു ഉദാഹരണം പറയുക.
13 ക്രിസ്തുവിന്റേതുപോലുള്ള വ്യക്തിത്വം വളർത്തിയെടുക്കാൻ കഠിനശ്രമം ചെയ്യുന്ന ആത്മീയമനസ്കരായ വ്യക്തികൾ ഇക്കാലത്തുമുണ്ട്. ശുശ്രൂഷയിലുള്ള അവരുടെ തീക്ഷ്ണതയും നല്ല ആതിഥ്യമര്യാദയും അനുകമ്പപോലുള്ള മറ്റു ഗുണങ്ങളും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ഈ ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചപ്പോൾ അവർക്കും നമ്മളെപ്പോലെ ബലഹീനതകളോടും അപൂർണതകളോടും മല്ലടിക്കേണ്ടിവന്നിട്ടുണ്ട്. ബ്രസീലിലുള്ള റെയ്ച്ചൽ സഹോദരി ഇങ്ങനെ പറയുന്നു: “ലോകത്തിന്റെ ഫാഷൻ അനുകരിക്കുന്നതായിരുന്നു എന്റെ രീതി. അതുകൊണ്ട് എന്റെ വസ്ത്രധാരണം അത്ര മാന്യമല്ലായിരുന്നു. പക്ഷേ സത്യം പഠിച്ചപ്പോൾ ഒരു ആത്മീയവ്യക്തിയാകാൻ എനിക്ക് ആഗ്രഹം തോന്നി. പക്ഷേ മാറ്റങ്ങൾ വരുത്തുന്നത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല. അതിന് എന്റെ ഭാഗത്ത് നല്ല ശ്രമം വേണ്ടിവന്നു. എന്നാൽ, ഞാൻ ഇപ്പോൾ കൂടുതൽ സന്തോഷമുള്ളവളാണ്. ജീവിതത്തിന് യഥാർഥ ഉദ്ദേശ്യം കൈവന്നിരിക്കുന്നു.”
14 ഫിലിപ്പീൻസിൽനിന്നുള്ള റാലിൻ സഹോദരിയുടെ പ്രശ്നം മറ്റൊന്നായിരുന്നു. ജീവിതത്തിൽ ഉയരങ്ങൾ എത്തിപ്പിടിക്കുന്നതിന് ഉന്നതവിദ്യാഭ്യാസവും നല്ല ഒരു ജോലിയും വേണമെന്നു സഹോദരി ചിന്തിച്ചു, അതിലായിരുന്നു ശ്രദ്ധ മുഴുവൻ. സഹോദരി പറയുന്നു: “എന്റെ ആത്മീയലക്ഷ്യങ്ങൾ മങ്ങിപ്പോകാൻ തുടങ്ങി. ജീവിതത്തിൽ ജോലിയെക്കാളൊക്കെ വളരെ പ്രധാനപ്പെട്ട എന്തോ ഒന്നിന്റെ കുറവ് എനിക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് ദൈവസേവനത്തിലേക്കു ഞാൻ എന്റെ ശ്രദ്ധ തിരിച്ചുവിട്ടു.” അതിൽപ്പിന്നെ മത്തായി 6:33, 34-ലെ യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടായിരുന്നു റാലിൻ സഹോദരിയുടെ ജീവിതം. സഹോദരി പറയുന്നു: “യഹോവ കരുതുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.” നിങ്ങളുടെ സഭയിലും ഇങ്ങനെയുള്ള സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമായിരിക്കും. ക്രിസ്തുവിനെ വിശ്വസ്തമായി അനുഗമിക്കുന്ന അവരെ അനുകരിക്കാൻ നമ്മൾ പ്രേരിതരാകുന്നില്ലേ?—1 കൊരി. 11:1; 2 തെസ്സ. 3:7.
‘ക്രിസ്തുവിന്റെ മനസ്സുള്ളവരായിരിക്കുക’
15, 16. (എ) ക്രിസ്തുവിനെപ്പോലെയാകാൻ നമ്മൾ എന്തു ചെയ്യണം? (ബി) “ക്രിസ്തുവിന്റെ മനസ്സ്” അറിയാൻ നമുക്ക് എങ്ങനെ കഴിയും?
15 നമുക്ക് ഓരോരുത്തർക്കും എങ്ങനെ ക്രിസ്തുവിനെ അനുകരിക്കാം? 1 കൊരിന്ത്യർ 2:16-ൽ ‘ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുന്നതിനെക്കുറിച്ച്’ പറയുന്നു. “ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം” ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് റോമർ 15:5-ഉം പറയുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിനെപ്പോലെയാകുന്നതിനു നമ്മൾ ക്രിസ്തുവിന്റെ ചിന്താരീതിയും വ്യക്തിത്വസവിശേഷതകളും മനസ്സിലാക്കണം. എന്നിട്ട് ക്രിസ്തുവിന്റെ കാലടികൾക്കു പിന്നാലെ നടക്കണം. യേശുവിന്റെ ചിന്തകളിൽ എപ്പോഴും ദൈവവുമായുള്ള ബന്ധത്തിനായിരുന്നു ഒന്നാം സ്ഥാനം. യേശുവിനെപ്പോലെയാകുന്നതു നമ്മളെ യഹോവയിലേക്കു കൂടുതൽ അടുപ്പിക്കും. യേശു ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ പഠിക്കുന്നത് എത്ര പ്രധാനമാണ്!
16 നമുക്ക് ഇത് എങ്ങനെ ചെയ്യാം? യേശുവിന്റെ ശിഷ്യന്മാർ യേശു ചെയ്ത അത്ഭുതങ്ങൾ കാണുകയും യേശുവിന്റെ പ്രസംഗങ്ങൾ കേൾക്കുകയും എല്ലാ തരത്തിലുള്ള ആളുകളോടും യേശു എങ്ങനെയാണ് ഇടപെട്ടതെന്നു നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ, യേശു എങ്ങനെയാണു ദൈവികതത്ത്വങ്ങൾ ബാധകമാക്കുന്നതെന്നും അവർ കണ്ടിരുന്നു. അതുകൊണ്ട് അവർ പറഞ്ഞു: ‘യേശു ചെയ്ത സകല കാര്യങ്ങൾക്കും ഞങ്ങൾ ദൃക്സാക്ഷികളാണ്.’ (പ്രവൃ. 10:39) എന്നാൽ ഇന്നു നമുക്കു യേശുവിനെ കണ്ടുപഠിക്കാൻ കഴിയില്ല. പക്ഷേ യഹോവ സ്നേഹപൂർവം സുവിശേഷവിവരണങ്ങൾ തന്നിരിക്കുന്നു. അതു വായിക്കുമ്പോൾ യേശുവിന്റെ വ്യക്തിത്വസവിശേഷതകൾ ജീവസ്സുറ്റതായി നമ്മുടെ മനസ്സിലേക്കു കടന്നുവരും. മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ ബൈബിൾഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ക്രിസ്തുവിന്റെ ചിന്തകൾ മനസ്സിലാക്കാൻ നമ്മൾ മനസ്സു തുറക്കുകയാണ്. അങ്ങനെ, ‘ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനും’ ‘ക്രിസ്തുവിന്റെ അതേ മനോഭാവം ഒരു ആയുധമായി ധരിക്കാനും’ നമുക്കു കഴിയും.—1 പത്രോ. 2:21; 4:1.
17. ക്രിസ്തുവിനെപ്പോലെ ചിന്തിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
17 ക്രിസ്തുവിനെപ്പോലെ ചിന്തിക്കാൻ പഠിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? പോഷകപ്രദമായ ആഹാരം ശരീരത്തിനു ബലമേകുന്നതുപോലെ ക്രിസ്തുവിന്റെ ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കുമ്പോൾ നമ്മുടെ ആത്മീയത ബലപ്പെടും. ഓരോ സാഹചര്യത്തിലും ക്രിസ്തുവായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു നമുക്കു ക്രമേണ മനസ്സിലാകും. ശുദ്ധമായ ഒരു മനസ്സാക്ഷിയും ദൈവാംഗീകാരവും നഷ്ടപ്പെടാതെ നിലനിറുത്താൻ സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ അതുവഴി നമുക്കു കഴിയും. ഈ പ്രയോജനങ്ങളൊക്കെ ‘കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളാനുള്ള’ തക്കതായ കാരണങ്ങളല്ലേ?—റോമ. 13:14.
18. ഒരു ആത്മീയവ്യക്തിയാകുന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽനിന്ന് നിങ്ങൾ എന്തെല്ലാമാണു പഠിച്ചത്?
18 ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥമെന്നു നമ്മൾ മനസ്സിലാക്കി. ആത്മീയവ്യക്തികളായി നല്ല മാതൃകവെച്ച ചിലരെക്കുറിച്ച് നമ്മൾ പഠിച്ചു. ‘ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുന്നത്’ ഒരു ആത്മീയവ്യക്തിയായി വളരാൻ എങ്ങനെ സഹായിക്കുമെന്നും നമ്മൾ കണ്ടു. എങ്കിലും, ആത്മീയതയെക്കുറിച്ച് ഇനിയും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ആത്മീയത എത്രത്തോളം ശക്തമാണെന്ന് എങ്ങനെ തിരിച്ചറിയാം? അതു വളർത്തിയെടുക്കാൻ കൂടുതലായി എന്തു ചെയ്യാനാകും? ആത്മീയത നമ്മുടെ അനുദിനജീവിതത്തെ എങ്ങനെയാണു സ്വാധീനിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.