മരണം: ആർക്കെങ്കിലും രക്ഷപ്പെടാനാകുമോ
നിങ്ങൾ പ്രശസ്തയായ ഒരാളെക്കുറിച്ചുള്ള വീഡിയോ കാണുകയാണെന്നു വിചാരിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടുകാരി. ആ വീഡിയോ തുടങ്ങുന്നത് അവളുടെ കുട്ടിക്കാലവും പാട്ടു പഠിക്കുന്നതും വർഷങ്ങളോളം നീണ്ട പരിശീലനവും ഒക്കെ കാണിച്ചുകൊണ്ടാണ്. പിന്നെ കാണുന്നതു പല സ്ഥലങ്ങളിലും ആ പാട്ടുകാരി പരിപാടികൾ നടത്തുന്നതും ഒരുപാട് യാത്രകൾ ചെയ്യുന്നതും ആണ്. അങ്ങനെ അവൾ ലോകപ്രശസ്തയാകുന്നു. അധികം വൈകാതെ നിങ്ങൾ അവരുടെ പ്രായംചെന്ന ചിത്രങ്ങൾ കാണുന്നു. പിന്നെ അവൾ മരിക്കുന്നു. അതോടെ ആ വീഡിയോ പരിപാടി അവസാനിക്കുന്നു.
ഇത് വെറുമൊരു കഥയല്ല. ഒരു വ്യക്തിയുടെ യഥാർഥ ജീവിതമാണ്. പാട്ടുകാരായാലും ശാസ്ത്രജ്ഞരായാലും കായികതാരങ്ങളായാലും എല്ലാവരുടെയും കഥ ഇതുതന്നെയാണ്. പ്രശസ്തരായ അവർക്കെല്ലാം അവസാനം സംഭവിക്കുന്നതു മരണമാണ്. ജീവിച്ചിരുന്നപ്പോൾ അവർ ഒരുപാട് നേട്ടങ്ങൾ കൊയ്തു. എന്നാൽ മരണത്തോടെ എല്ലാം അവസാനിച്ചു. അവർ വയസ്സുചെന്ന് മരിച്ചില്ലായിരുന്നെങ്കിലോ? എത്രയോ നേട്ടങ്ങൾ ഇനിയും കൊയ്യാമായിരുന്നു!
ഇതെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കു വിഷമം തോന്നുമെങ്കിലും എല്ലാവർക്കും ഇതുതന്നെയാണു സംഭവിക്കുന്നത്. (സഭാപ്രസംഗകൻ 9:5) എന്തൊക്കെ ചെയ്താലും പ്രായമാകുന്നതും മരിക്കുന്നതും തടയാൻ നമ്മളെക്കൊണ്ട് പറ്റില്ല. മാരകമായ രോഗങ്ങളോ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളോ നമ്മുടെ ജീവൻ കവർന്നെടുത്തേക്കാം. “കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണ്” നമ്മൾ എന്നാണു ബൈബിൾ പറയുന്നത്.—യാക്കോബ് 4:14.
ചിലരുടെ കാര്യത്തിൽ ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല. പിന്നെ, നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലാത്തതുകൊണ്ട്, “നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ” എന്ന് അവർ ചിന്തിക്കുന്നു. (1 കൊരിന്ത്യർ 15:32) മരണത്തിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല എന്ന യാഥാർഥ്യം അവർ അംഗീകരിക്കുന്നു എന്നല്ലേ ഇത് കാണിക്കുന്നത്? നാളെ നിങ്ങളും അങ്ങേയറ്റം വേദന അനുഭവിക്കുന്ന ഒരു സാഹചര്യം നേരിട്ടാൽ ഇങ്ങനെ ചോദിച്ചേക്കാം: ജീവിതം എന്നു പറയുന്നത് ഇത്രയേ ഉള്ളോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് എവിടെനിന്ന് കിട്ടും?
ശാസ്ത്രജ്ഞർ ഇതിനൊരു ഉത്തരം തരുമെന്നാണു മിക്കവരും ചിന്തിക്കുന്നത്. വൈദ്യരംഗത്തും ശാസ്ത്രരംഗത്തും ഉണ്ടായിട്ടുള്ള പുരോഗതി മനുഷ്യന്റെ ആയുർദൈർഘ്യം കൂട്ടിയിട്ടുണ്ട്. മനുഷ്യായുസ്സ് ഇനിയും കൂട്ടാനുള്ള പരീക്ഷണത്തിലാണു ചില ശാസ്ത്രജ്ഞർ. അവർ ഇക്കാര്യത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കും: നമ്മൾ വയസ്സുചെന്ന് മരിക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ശത്രുവായ മരണത്തെ കീഴടക്കാൻ പറ്റുമോ? ഇനി വരുന്ന ലേഖനങ്ങളിൽ ഈ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. കൂടാതെ, ജീവിതം—ഇത്രയേ ഉള്ളോ എന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടും.