ബൈബിളിന്റെ വീക്ഷണം
ദൈവത്തിന്റെ പേര്
ദശലക്ഷകണക്കിന് ആളുകൾ ദൈവത്തെ വിളിക്കുമ്പോഴും ദൈവത്തെക്കുറിച്ച് പറയുമ്പോഴും ബഹുമാനപൂർവം കർത്താവ്, അല്ലാഹു, ദൈവം എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നു. എന്നാൽ ദൈവത്തിന് ഒരു പേരുണ്ട്. നിങ്ങൾ അത് ഉപയോഗിക്കണമോ?
ദൈവത്തിന്റെ പേര് എന്താണ്?
ചിലർ പറയുന്നത്:
ദൈവത്തിന്റെ പേര് യേശു എന്നാണെന്ന് ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന പലരും വിശ്വസിക്കുന്നു. സർവശക്തനായ ഒരു ദൈവമല്ലേ ഉള്ളൂ, അതുകൊണ്ട് ദൈവത്തിന്റെ പേര് ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് അനേകർ വാദിക്കുന്നു. ഇനി മറ്റു ചിലരാകട്ടെ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരാണ്.
ബൈബിൾ പറയുന്നത്:
സർവശക്തനായ ദൈവത്തിന്റെ പേര് യേശു എന്നല്ല. കാരണം യേശുവല്ല സർവശക്തനായ ദൈവം. എന്തുകൊണ്ടാണ് അങ്ങനെ പറയാനാകുന്നത്? യേശു സഹാരാധകരെ പ്രാർഥിക്കാൻ പഠിപ്പിച്ചത് ഇങ്ങനെയാണ്: “പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (ലൂക്കോസ് 11:2) ഇനി, യേശു ദൈവത്തോട് പ്രാർഥിച്ചത് “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ” എന്നാണ്.—യോഹന്നാൻ 12:28.
ബൈബിളിൽ ദൈവം ഇങ്ങനെ പറയുന്നു: “യഹോവ! അതാണ് എന്റെ പേര്; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല.” (യശയ്യ 42:8) “യഹോവ” എന്ന ദൈവനാമം യ്, ഹ്, വ്, ഹ് എന്നീ നാല് എബ്രായ വ്യഞ്ജനാക്ഷരങ്ങളുടെ മലയാളപരിഭാഷയാണ്. എബ്രായതിരുവെഴുത്തുകളിൽ ഈ പേര് ഏതാണ്ട് 7,000 പ്രാവശ്യം കാണാം. a “ദൈവം,” “സർവശക്തൻ,” “കർത്താവ്” എന്നീ സ്ഥാനപ്പേരുകൾ ബൈബിളിൽ കൂടെക്കൂടെ കാണാം. അതുപോലെതന്നെയാണ് അബ്രാഹാം, മോശ, ദാവീദ് എന്നീ വ്യക്തികളുടേതുപോലുള്ള പേരുകളും. എന്നാൽ ഏറ്റവും അധികം പ്രാവശ്യം ബൈബിളിൽ കാണുന്നത് ദൈവത്തിന്റെ പേരാണ്.
തന്റെ പേര് ആദരവോടെ ഉപയോഗിക്കുന്നത് യഹോവ വിലക്കിയതായി ബൈബിളിൽ ഒരിടത്തും കാണുന്നില്ല. ദൈവത്തിന്റെ പേര് ദൈവദാസർ ധാരാളം ഉപയോഗിച്ചിരിക്കുന്നതായി ബൈബിളിൽത്തന്നെ കാണാം. പലരും അവരുടെ മക്കളുടെ പേരുകളിൽപ്പോലും ദൈവത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, ഏലിയ എന്നതിന്റെ അർഥം “എന്റെ ദൈവം യഹോവയാണ്” എന്നും സെഖര്യ എന്നതിന്റെ അർഥം “യഹോവ ഓർത്തിരിക്കുന്നു” എന്നും ആണ്. അനുദിന സംഭാഷണത്തിൽപ്പോലും ദൈവത്തിന്റെ പേര് ഉപയോഗിക്കാൻ അവർ മടി കാണിച്ചില്ല.—രൂത്ത് 2:4.
നമ്മൾ ദൈവത്തിന്റെ പേര് ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. “യഹോവയോടു നന്ദി പറയൂ, തിരുനാമം വിളിച്ചപേക്ഷിക്കൂ” എന്ന പ്രോത്സാഹനം ബൈബിളിൽ കാണാം. (സങ്കീർത്തനം 105:1) ‘ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നവരെ’ ദൈവം പ്രീതിയോടെ വീക്ഷിക്കുന്നെന്നുപോലും ബൈബിൾ പറയുന്നു.—മലാഖി 3:16.
“യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”—സങ്കീർത്തനം 83:18.
ദൈവത്തിന്റെ പേരിന്റെ അർഥം
ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എബ്രായ ഭാഷയിൽ യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. ഈ നിർവചനം സൂചിപ്പിക്കുന്നത് ദൈവത്തിന് തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ എന്ത് ആയിത്തീരണമോ അത് ആയിത്തീരാനാകും എന്നാണ്. മാത്രമല്ല തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അങ്ങനെ ആക്കിത്തീർക്കാനും ദൈവത്തിന് കഴിയും. ആ പേരിനൊത്ത് ജീവിക്കാൻ സർവശക്തനായ സ്രഷ്ടാവിനു മാത്രമേ കഴിയൂ.
ദൈവത്തിന്റെ പേര് അറിയുന്നതുകൊണ്ടുള്ള പ്രയോജനം:
ദൈവത്തിന്റെ പേര് അറിയുന്നത് ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണംതന്നെ മാറ്റും. കാരണം ദൈവത്തോട് അടുക്കുന്നത് അത് കൂടുതൽ എളുപ്പമാക്കും. പേര് അറിയാത്ത ഒരു വ്യക്തിയോട് എങ്ങനെ അടുപ്പം തോന്നാനാണ്? ദൈവം തന്റെ പേര് വെളിപ്പെടുത്തിയതുതന്നെ കാണിക്കുന്നത് നമ്മൾ ദൈവത്തോട് അടുക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നാണ്.—യാക്കോബ് 4:8.
യഹോവ തന്റെ പേരിനു ചേർച്ചയിൽ പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും. കാരണം ദൈവം എല്ലായ്പോഴും തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നവനാണ്. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.” (സങ്കീർത്തനം 9:10) അചഞ്ചലസ്നേഹം, കരുണ, അനുകമ്പ, നീതി എന്നീ ഗുണങ്ങൾ വേർപെടുത്താനാകാത്ത വിധം യഹോവയുടെ പേരുമായി ഇഴചേർന്നിരിക്കുന്നെന്ന് ദൈവത്തെക്കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാകും. അപ്പോൾ ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയം വർധിക്കും. (പുറപ്പാട് 34:5-7) യഹോവ തന്റെ വാഗ്ദാനങ്ങൾക്കു ചേർച്ചയിൽ എല്ലായ്പോഴും പ്രവർത്തിക്കുമെന്നും തന്റെ ഗുണങ്ങൾക്ക് എതിരായി പ്രവർത്തിക്കില്ലെന്നും അറിയുന്നത് എത്ര ബലപ്പെടുത്തുന്ന ഒരു കാര്യമാണ്.
ദൈവത്തിന്റെ പേര് മനസ്സിലാക്കുന്നത് ഒരു പദവിതന്നെയാണ് എന്നതിനു സംശയമില്ല. അത് ഇപ്പോഴും ഭാവിയിലും നിങ്ങൾക്ക് അനേകം അനുഗ്രഹങ്ങൾ തുറന്നുതരും. ദൈവം വാഗ്ദാനം ചെയ്യുന്നത് ഇതാണ്: “അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”—സങ്കീർത്തനം 91:14.
“യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—യോവേൽ 2:32.
a പല ബൈബിൾഭാഷാന്തരങ്ങളും ദൈവത്തിന്റെ പേര് വിട്ടുകളഞ്ഞിട്ട് തത്സ്ഥാനത്ത് “കർത്താവ്” എന്ന് ഉപയോഗിച്ചിരിക്കുന്നു. ചിലർ, തിരഞ്ഞെടുത്ത വാക്യങ്ങളിലോ അടിക്കുറിപ്പുകളിലോ മാത്രമാണ് ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിളിൽ ഉടനീളം ദൈവത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നു.