പ്രാർഥിക്കുന്നതുകൊണ്ട് കാര്യമുണ്ടോ?
തീർച്ചയായും! വിശ്വസ്തരായ ദൈവദാസർ പ്രാർഥിച്ചാൽ ദൈവം അവരുടെ പ്രാർഥനകൾ കേൾക്കും, അവർക്കു പ്രയോജനവും കിട്ടും. (ലൂക്കോസ് 22:40; യാക്കോബ് 5:13) പ്രാർഥിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ദൈവവുമായി നല്ലൊരു ബന്ധം, മനസ്സിന്റെ സന്തോഷം, മെച്ചപ്പെട്ട ആരോഗ്യം അങ്ങനെ പലതും
ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് ഒരു സമ്മാനം കിട്ടിയെന്ന് വിചാരിക്കുക. അവനു വലിയ സന്തോഷവും നന്ദിയും ഒക്കെ തോന്നും. അങ്ങനെ തോന്നിയാൽ മാത്രം മതിയെന്ന് നിങ്ങൾ കരുതുമോ? അതോ സമ്മാനം തന്ന ആളിനോട് നന്ദി പറയാൻ കുട്ടിയോട് പറഞ്ഞുകൊടുക്കുമോ? സമ്മാനം കിട്ടിയതിന്റെ സന്തോഷവും നന്ദിയും ഒക്കെ വാക്കുകളിലൂടെ അറിയിക്കുമ്പോൾ ആ സമ്മാനം തന്ന വ്യക്തിക്ക് എത്ര സന്തോഷം തോന്നും. ഇതുപോലെ ദൈവത്തോട് നമ്മൾ സംസാരിക്കുമ്പോൾ ദൈവത്തിനും ഇതുതന്നെയല്ലേ തോന്നുക? തീർച്ചയായും. ചില ഉദാഹരണങ്ങൾ നോക്കാം.
നന്ദി പറഞ്ഞുകൊണ്ട് പ്രാർഥിക്കുക. നമുക്ക് കിട്ടുന്ന നല്ല കാര്യങ്ങൾക്കുവേണ്ടി പിതാവിനോട് നന്ദി പറയുമ്പോൾ, ദൈവം തന്ന അനുഗ്രഹങ്ങളിലേക്ക് നമ്മൾ കൂടുതൽ ശ്രദ്ധിക്കുകയാണ്. അത് കൂടുതൽ നന്ദി കാണിക്കാനും സന്തോഷത്തോടെയിരിക്കാനും നല്ല ചിന്തകൾ ഉണ്ടായിരിക്കാനും നമ്മളെ സഹായിക്കും.—ഫിലിപ്പിയർ 4:6.
ഉദാഹരണം: പിതാവ് തന്റെ പ്രാർഥന കേട്ടതിനും അതിന് മറുപടി കൊടുത്തതിനും യേശു നന്ദി പറഞ്ഞു.—യോഹന്നാൻ 11:41.
ക്ഷമയ്ക്കുവേണ്ടി പ്രാർഥിക്കുക. ദൈവത്തോട് നമ്മൾ ക്ഷമയ്ക്കുവേണ്ടി പ്രാർഥിക്കുമ്പോൾ നല്ല മനസ്സാക്ഷി ഉണ്ടായിരിക്കാനും ആത്മാർഥമായി പശ്ചാത്തപിക്കാനും തെറ്റിന്റെ ഗൗരവം ശരിക്കും മനസ്സിലാക്കാനും നമുക്കു കഴിയും. കൂടാതെ, കുറ്റബോധത്തിന്റെ ഭാരം പേറുന്നതിൽനിന്ന് ആശ്വാസവും കിട്ടും.
ഉദാഹരണം: ദാവീദിന്റെ പ്രാർഥനയിൽ പശ്ചാത്താപവും ദുഃഖവും ഉണ്ടായിരുന്നു.—സങ്കീർത്തനം 51.
അറിവിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർഥിക്കുക. നല്ല തീരുമാനങ്ങൾ എടുക്കാനുള്ള അറിവിനും മാർഗനിർദേശത്തിനും വേണ്ടി യഹോവയോട് പ്രാർഥിക്കുമ്പോൾ നമുക്ക് താഴ്മ ഉണ്ടെന്ന് നമ്മൾ കാണിക്കുകയാണ്. കൂടാതെ, നമ്മുടെ കുറവുകളെക്കുറിച്ച് നമുക്കുതന്നെ ഒരു തിരിച്ചറിവ് ഉണ്ടായിരിക്കാനും സ്വർഗീയ പിതാവിനെ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാനും അത് നമ്മളെ സഹായിക്കും.—സുഭാഷിതങ്ങൾ 3:5, 6.
ഉദാഹരണം: ഇസ്രായേൽ ജനതയെ ഭരിക്കാനുള്ള അറിവിനും മാർഗനിർദേശത്തിനും ആയി ശലോമോൻ താഴ്മയോടെ പ്രാർഥിച്ചു.—1 രാജാക്കന്മാർ 3:5-12.
മനസ്സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക. മനസ്സിനെ ഭാരപ്പെടുത്തുന്ന വിഷമങ്ങളെല്ലാം ദൈവത്തോട് പറഞ്ഞുകഴിയുമ്പോൾ നമുക്ക് വല്ലാത്ത ആശ്വാസം തോന്നും. അങ്ങനെയാകുമ്പോൾ നമ്മുടെ ബുദ്ധിയിൽ ആശ്രയിക്കാതെ യഹോവയിൽ ആശ്രയിക്കാൻ നമുക്ക് കഴിയും.—സങ്കീർത്തനം 62:8.
ഉദാഹരണം: കരുത്തനായ ഒരു ശത്രുവിനെ നേരിടേണ്ടിവന്നപ്പോൾ ആസാ രാജാവ് പ്രാർഥിച്ചു.—2 ദിനവൃത്താന്തം 14:11.
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആളുകൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ നമ്മൾ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം അവരോട് സഹാനുഭൂതിയും അനുകമ്പയും കാണിക്കുകയാണ്.
ഉദാഹരണം: യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിച്ചു.—യോഹന്നാൻ 17:9-17.
ദൈവത്തെ സ്തുതിച്ചുകൊണ്ട് പ്രാർഥിക്കുക. യഹോവയുടെ സൃഷ്ടികളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ഒക്കെ വിലമതിപ്പു നിറഞ്ഞ വാക്കുകളിലൂടെ പ്രാർഥിക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ ബഹുമാനവും സ്നേഹവും വർധിക്കും. അത് നമ്മളെ പിതാവായ ദൈവത്തോട് കൂടുതൽ അടുപ്പിക്കും.
ഉദാഹരണം: ദാവീദ് ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിച്ച്, ദൈവത്തെ വാഴ്ത്തി സ്തുതിച്ചു.—സങ്കീർത്തനം 8.
പ്രാർഥനയിലൂടെ നമുക്ക് കിട്ടുന്ന മറ്റൊരു അനുഗ്രഹമാണ് “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം.” (ഫിലിപ്പിയർ 4:7) ഈ പ്രശ്നം നിറഞ്ഞ ലോകത്ത് സമാധാനം കിട്ടുക എന്നു പറയുന്നത് വലിയ കാര്യമല്ലേ? മാത്രമല്ല അതു നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. (സുഭാഷിതങ്ങൾ 14:30) എന്നാൽ ഇതൊക്കെ നമ്മുടെ ശ്രമംകൊണ്ട് മാത്രം നേടിയെടുക്കാൻ പറ്റുന്നതാണോ, അല്ലെങ്കിൽ അതിൽ മറ്റ് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുന്നുണ്ടോ?
പ്രാർഥന ശാരീരികവും മാനസികവും ആയ ആരോഗ്യം തരും. ഏറ്റവും പ്രധാനമായി, ദൈവവുമായുള്ള ബന്ധം ശക്തമാക്കും