അധ്യായം 85
മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സന്തോഷിക്കുന്നു
-
നഷ്ടപ്പെട്ട ആടിനെക്കുറിച്ചും നാണയത്തെക്കുറിച്ചും ഉള്ള ദൃഷ്ടാന്തം
-
സ്വർഗത്തിലെ ദൂതന്മാർ സന്തോഷിക്കുന്നു
ശുശ്രൂഷയ്ക്കിടയിൽ പല പ്രാവശ്യം യേശു താഴ്മയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. (ലൂക്കോസ് 14:8-11) ദൈവത്തെ താഴ്മയോടെ സേവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാരെ കണ്ടെത്താൻ യേശുവിന് അതിയായ താത്പര്യമുണ്ട്. സാധ്യതയനുസരിച്ച് അവരിൽ പലരും അപ്പോഴും, അറിയപ്പെടുന്ന പാപികളാണ്.
ഈ ആളുകൾ യേശുവിലേക്കും യേശുവിന്റെ സന്ദേശത്തിലേക്കും ആകർഷിക്കപ്പെടുന്നതു പരീശന്മാരും ശാസ്ത്രിമാരും നിരീക്ഷിക്കുന്നു. പക്ഷേ അവരുടെ വീക്ഷണത്തിൽ ഇവർ വിലകെട്ടവരാണ്. അതുകൊണ്ട് അവർ ഇങ്ങനെ പരാതിപ്പെടുന്നു: “ഈ മനുഷ്യൻ പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നല്ലോ.” (ലൂക്കോസ് 15:2) മറ്റുള്ളവരെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്നാണു പരീശന്മാരുടെയും ശാസ്ത്രിമാരുടെയും വിചാരം. സാധാരണക്കാരെ അവർ തങ്ങളുടെ കാലിനടിയിലെ അഴുക്കുപോലെയാണു കണക്കാക്കുന്നത്. അവരോടുള്ള അവജ്ഞ കാണിക്കുന്നതിനു നേതാക്കന്മാർ അംഹാരെറ്റ്സ് എന്ന എബ്രായപദപ്രയോഗം ഉപയോഗിക്കുന്നു. “നിലത്തെ (ഭൂമിയിലെ) ആളുകൾ” എന്ന അർഥത്തിലാണ് അവർ അത് ഉപയോഗിക്കുന്നത്.
യേശു പക്ഷേ, എല്ലാവരോടും ദയയോടെയും സഹാനുഭൂതിയോടെയും മാന്യമായിട്ടാണ് ഇടപെടുന്നത്. അതുകൊണ്ടുതന്നെ പാപികളായി അറിയപ്പെടുന്ന ചിലർ ഉൾപ്പെടെ താഴേക്കിടയിലുള്ള അനേകർ യേശുവിനെ ശ്രദ്ധിക്കാൻ ആകാംക്ഷയുള്ളവരാണ്. എന്നാൽ ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന്റെ പേരിൽ തനിക്കു നേരിടുന്ന വിമർശനത്തെക്കുറിച്ച് യേശുവിന് എന്തു തോന്നുന്നു? യേശു അത് എങ്ങനെ കൈകാര്യം ചെയ്യും?
യേശു പറയുന്ന ഹൃദയസ്പർശിയായ മറ്റൊരു ദൃഷ്ടാന്തം അതിനുള്ള ഉത്തരം തരുന്നു. മുമ്പ് കഫർന്നഹൂമിൽവെച്ച് പറഞ്ഞതുപോലുള്ള ഒരു ദൃഷ്ടാന്തമാണ് ഇതും. (മത്തായി 18:12-14) പരീശന്മാർ നീതിമാന്മാരും ദൈവത്തിന്റെ കൈകളിൽ സുരക്ഷിതരും ആണെന്ന രീതിയിലാണു യേശു കാര്യങ്ങൾ അവതരിപ്പിക്കുന്നത്. താഴേക്കിടയിലുള്ളവരെക്കുറിച്ചാകട്ടെ വഴിതെറ്റിപ്പോയവരും ആരും നോക്കാനില്ലാത്തവരും ആണെന്ന രീതിയിലും സംസാരിക്കുന്നു. യേശു പറയുന്നു:
“നിങ്ങളിൽ ഒരാൾക്കു 100 ആടുണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെപോയാൽ അയാൾ 99-നെയും വിജനഭൂമിയിൽ വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കില്ലേ? കണ്ടെത്തുമ്പോൾ അയാൾ അതിനെ എടുത്ത് തോളത്ത് വെച്ച് സന്തോഷത്തോടെ പോരും. വീട്ടിൽ എത്തുമ്പോൾ അയാൾ സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയും: ‘കാണാതെപോയ ആടിനെ തിരിച്ചുകിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’”—ലൂക്കോസ് 15:4-6.
എന്താണ് ഇതിന്റെ അർഥം? യേശുതന്നെ അതു വിശദീകരിക്കുന്നു: “അങ്ങനെതന്നെ, മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 15:7.
മാനസാന്തരത്തെക്കുറിച്ച് യേശു പറയുന്നതു പരീശന്മാരെ ചിന്തിപ്പിക്കേണ്ടതാണ്. തങ്ങൾ നീതിമാന്മാരാണ്, അതുകൊണ്ട് മാനസാന്തരപ്പെടേണ്ട ഒരു ആവശ്യവും ഇല്ല എന്നാണ് അവരുടെ വിചാരം. കുറച്ച് കാലം മുമ്പ് ചുങ്കക്കാരുടെയും പാപികളുടെയും കൂടെ യേശു ഭക്ഷണം മർക്കോസ് 2:15-17) തങ്ങൾ മാനസാന്തരപ്പെടണമെന്നു സ്വയനീതിക്കാരായ പരീശന്മാർ ഇപ്പോഴും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ പേരിൽ സ്വർഗത്തിൽ പ്രത്യേകിച്ച് സന്തോഷം ഉണ്ടാകുന്നില്ല. പാപികൾ ആത്മാർഥമായി അനുതപിക്കുമ്പോൾ സംഭവിക്കുന്നതിനു നേർവിപരീതമാണ് ഇത്.
കഴിക്കുന്നതു കണ്ട് അവരിൽ ചിലർ കുറ്റപ്പെടുത്തിയപ്പോൾ യേശു പറഞ്ഞു: “നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.” (വഴിതെറ്റിപ്പോയ പാപികൾ മടങ്ങിവരുമ്പോൾ സ്വർഗത്തിൽ വലിയ സന്തോഷമാണെന്ന വസ്തുത ഒന്നുകൂടി വ്യക്തമാക്കുന്നതിനു വീടിനെ പശ്ചാത്തലമാക്കി യേശു മറ്റൊരു ദൃഷ്ടാന്തം പറയുന്നു: “ഒരു സ്ത്രീക്ക് പത്തു ദ്രഹ്മയുണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നു കാണാതെപോയാൽ ആ സ്ത്രീ വിളക്കു കത്തിച്ച് വീട് അടിച്ചുവാരി അതു കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മതയോടെ തിരയില്ലേ? അതു കണ്ടുകിട്ടുമ്പോൾ ആ സ്ത്രീ കൂട്ടുകാരികളെയും അയൽക്കാരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറയും: ‘കാണാതെപോയ ദ്രഹ്മ കിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’”—ലൂക്കോസ് 15:8, 9.
കാണാതെപോയ ആടിനെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞിട്ടു നൽകിയ വിശദീകരണത്തോടു സമാനമായ ഒരു വിശദീകരണമാണു യേശു ഇവിടെയും പറയുന്നത്: “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് ദൈവദൂതന്മാരും അതുപോലെതന്നെ സന്തോഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 15:10.
പാപികൾ തിരിച്ചുവരുന്ന കാര്യത്തിൽ ദൈവത്തിന്റെ ദൂതന്മാർക്ക് എത്രയധികം താത്പര്യമുണ്ടെന്നു കണ്ടോ! അത് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. കാരണം മാനസാന്തരപ്പെട്ട് ദൈവത്തിന്റെ സ്വർഗരാജ്യത്തിൽ ഇടം നേടുന്ന പാപികൾക്ക് സ്വർഗത്തിലെ ദൂതന്മാരെക്കാൾ ഉന്നതമായ ഒരു സ്ഥാനമുണ്ടായിരിക്കും! (1 കൊരിന്ത്യർ 6:2, 3) എങ്കിലും ദൂതന്മാർക്ക് അസൂയയൊന്നും ഇല്ല. അങ്ങനെയെങ്കിൽ ഒരു പാപി പൂർണമായി മാനസാന്തരപ്പെട്ട് ദൈവത്തിന്റെ അടുത്തേക്കു തിരിച്ചുവരുമ്പോൾ നമ്മൾ അതിനെ എങ്ങനെ കാണണം?