അധ്യായം 82
പെരിയയിൽ യേശുവിന്റെ ശുശ്രൂഷ
-
ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാനുള്ള കഠിനശ്രമം
-
യേശു യരുശലേമിൽവെച്ച് മരിക്കണം
യേശു യഹൂദ്യയിലും യരുശലേമിലും ആളുകളെ പഠിപ്പിക്കുകയും സുഖപ്പെടുത്തുകയും ആയിരുന്നു. ഇപ്പോൾ യോർദാൻ നദിക്ക് അക്കരെയുള്ള പെരിയ ജില്ലയിൽ പട്ടണംതോറും പഠിപ്പിക്കുകയാണ്. അധികം വൈകാതെ യരുശലേമിൽ തിരിച്ചെത്തും.
പെരിയയിൽവെച്ച് ഒരാൾ യേശുവിനോടു ചോദിക്കുന്നു: “കർത്താവേ, കുറച്ച് ആളുകളേ രക്ഷപ്പെടുകയുള്ളോ?” ഇയാൾക്ക് ഒരുപക്ഷേ മതനേതാക്കന്മാർക്കിടയിലെ ആ തർക്കത്തെക്കുറിച്ച് അറിയാം; അതായത് അനേകർ രക്ഷപ്പെടുമോ അതോ കുറച്ച് പേരേ രക്ഷപ്പെടുകയുള്ളോ എന്ന തർക്കത്തെക്കുറിച്ച്. എന്നാൽ യേശു ഇപ്പോൾ, എത്ര പേർ രക്ഷപ്പെടും എന്നു പറയാതെ, രക്ഷപ്പെടാൻ എന്തു ചെയ്യണം എന്നതിലേക്കു ശ്രദ്ധ തിരിക്കുന്നു. “ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ കഠിനശ്രമം ചെയ്യുക” എന്നു യേശു പറയുന്നു. അതെ, കഠിനശ്രമം വേണം. ഒരു പോരാട്ടംതന്നെ ആവശ്യമാണ്. എന്തുകൊണ്ട്? യേശു വിശദീകരിക്കുന്നു: “അനേകർ അകത്ത് കടക്കാൻ നോക്കും. പക്ഷേ സാധിക്കില്ല.”—ലൂക്കോസ് 13:23, 24.
കഠിനമായി ശ്രമിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് യേശു ഒരു ദൃഷ്ടാന്തം പറയുന്നു: “വീട്ടുകാരൻ എഴുന്നേറ്റ് വാതിൽ അടച്ചുകഴിയുമ്പോൾ നിങ്ങൾ പുറത്ത് നിന്ന് വാതിലിൽ മുട്ടി, ‘യജമാനനേ, വാതിൽ തുറന്നുതരണേ’ എന്ന് അപേക്ഷിക്കും. . . . എന്നാൽ വീട്ടുകാരൻ നിങ്ങളോടു പറയും: ‘നിങ്ങൾ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ല. നീതികേടു കാണിക്കുന്നവരേ, എന്റെ അടുത്തുനിന്ന് പോകൂ!’”—ലൂക്കോസ് 13:25-27.
വൈകി വരുന്ന ഒരു വ്യക്തിയുടെ ഗതി എന്താകും എന്നു വ്യക്തമാക്കുന്നതാണ് ഈ ദൃഷ്ടാന്തം. സാധ്യതയനുസരിച്ച് തനിക്കു സൗകര്യമുള്ള ഒരു സമയത്താണ് അയാൾ വരുന്നത്. പക്ഷേ അപ്പോഴേക്കും വാതിൽ അടച്ച് പൂട്ടിയിരുന്നു. അസൗകര്യമുണ്ടെങ്കിലും അയാൾ നേരത്തേ വരേണ്ടതായിരുന്നു. അവിടെയുള്ള പലരും ചെയ്യുന്നത് ഇതുപോലുള്ള ഒരു കാര്യമാണ്. യേശു ഇപ്പോൾ അവരുടെ ഇടയിൽ പഠിപ്പിക്കുന്ന സ്ഥിതിക്ക് അവർക്ക് അതിൽനിന്ന് പ്രയോജനം നേടാവുന്നതാണ്. പക്ഷേ സത്യാരാധനയ്ക്ക് ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കാനുള്ള ആ അവസരം അവർ പ്രയോജനപ്പെടുത്തുന്നില്ല. ആരുടെ അടുത്തേക്കാണോ യേശു അയയ്ക്കപ്പെട്ടത് അവരിൽ മിക്കവരും രക്ഷയ്ക്കുള്ള ദൈവത്തിന്റെ കരുതൽ സ്വീകരിച്ചിട്ടില്ല. പുറന്തള്ളപ്പെടുമ്പോൾ അവർ “കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും” എന്നു യേശു പറയുന്നു. പക്ഷേ “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും,” അതായത് സകല ജനതകളിൽനിന്നും, ഉള്ള “ആളുകൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിന് ഇരിക്കും.”—ലൂക്കോസ് 13:28, 29.
യേശു വിശദീകരിക്കുന്നു: “മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്. (ജൂതന്മാർ അല്ലാത്തവരും അടിച്ചമർത്തപ്പെട്ട ജൂതന്മാരും ഇതിൽപ്പെടുന്നു.) പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരുമുണ്ട്. (അബ്രാഹാമിന്റെ സന്തതികളായിരിക്കുന്നതിൽ അഭിമാനംകൊള്ളുന്ന, മതപരമായി ഉന്നതസ്ഥാനത്തുള്ള ജൂതന്മാർ ഇതിൽപ്പെടുന്നു.)” (ലൂക്കോസ് 13:30) അവർ ‘പിമ്പന്മാരായിത്തീരും’ എന്നതിന്റെ അർഥം, നന്ദിയില്ലാത്ത അവരെ ദൈവരാജ്യത്തിൽ കാണുകയേ ഇല്ല എന്നാണ്.
ചില പരീശന്മാർ ഇപ്പോൾ യേശുവിന്റെ അടുത്ത് വന്ന് പറയുന്നു: “ഇവിടം വിട്ട് പൊയ്ക്കൊള്ളൂ. ഹെരോദ് (അന്തിപ്പാസ്) അങ്ങയെ കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ട്.” ഈ പ്രദേശത്തുനിന്ന് യേശുവിനെ ഓടിക്കാൻ ഒരുപക്ഷേ ഹെരോദ് രാജാവുതന്നെയായിരിക്കാം ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കുന്നത്. സ്നാപകയോഹന്നാന്റെ കൊലപാതകത്തിന് ഉത്തരവാദിയായതുപോലെ താൻ മറ്റൊരു പ്രവാചകന്റെ മരണത്തിനും ഉത്തരവാദിയാകുമോ എന്ന പേടികൊണ്ടായിരിക്കാം അദ്ദേഹം അതു ചെയ്യുന്നത്. പക്ഷേ ലൂക്കോസ് 13:31, 32) കുറുക്കനെപ്പോലെ കൗശലത്തോടെ പ്രവർത്തിക്കുന്നതുകൊണ്ടായിരിക്കാം യേശു ഹെരോദിനെ ‘കുറുക്കൻ’ എന്നു വിളിക്കുന്നത്. എങ്കിലും ഹെരോദിനോ മറ്റാർക്കെങ്കിലുമോ ഇത്തരം തന്ത്രങ്ങളിലൂടെ യേശുവിനെ പിന്തിരിപ്പിക്കാനോ ഇവിടെനിന്ന് ഓടിക്കാനോ കഴിയില്ല. കാരണം യേശു ചെയ്യാൻപോകുന്നത് പിതാവ് കൊടുത്ത നിയമനമാണ്. അതുകൊണ്ട് മനുഷ്യന്റെയല്ല ദൈവത്തിന്റെ സമയപ്പട്ടികയനുസരിച്ച് യേശു അതു ചെയ്യും.
യേശു പരീശന്മാരോടു പറയുന്നു: “നിങ്ങൾ ചെന്ന് ആ കുറുക്കനോടു പറയണം: ‘ഇന്നും നാളെയും ഞാൻ ഭൂതങ്ങളെ പുറത്താക്കുകയും ആളുകളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസമാകുമ്പോഴേക്കും എനിക്കു ചെയ്യാനുള്ളതു തീർന്നിരിക്കും.’” (യേശു യരുശലേമിലേക്കുള്ള യാത്ര തുടരുന്നു. കാരണം യേശുതന്നെ പറയുന്നതുപോലെ, “യരുശലേമിനു പുറത്തുവെച്ച് ഒരു പ്രവാചകൻ കൊല്ലപ്പെടരുതല്ലോ.” (ലൂക്കോസ് 13:33) മിശിഹ മരിക്കുന്നത് യരുശലേമിലായിരിക്കുമെന്ന് ഒരു ബൈബിൾപ്രവചനവും പറയുന്നില്ല. പിന്നെ എന്തുകൊണ്ടായിരിക്കും അവിടെവെച്ച് മരിക്കുമെന്ന് യേശു പറയുന്നത്? കാരണം തലസ്ഥാനനഗരിയായ യരുശലേമിലാണ് 71 അംഗങ്ങളുള്ള സൻഹെദ്രിൻ ഹൈക്കോടതിയുള്ളത്. അവിടെയാണു കള്ളപ്രവാചകന്മാരെന്നു കുറ്റം ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യുന്നത്. കൂടാതെ അവിടെയാണു മൃഗബലി അർപ്പിക്കുന്നതും. അതുകൊണ്ട് ഒരു കാരണവശാലും താൻ മറ്റെവിടെയെങ്കിലുംവെച്ച് കൊല്ലപ്പെടില്ലെന്ന് യേശു തിരിച്ചറിയുന്നു.
യേശു ഇങ്ങനെ വിലപിക്കുന്നു: “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു. ഇതാ, നിങ്ങളുടെ ഈ ഭവനത്തെ ഉപേക്ഷിച്ചിരിക്കുന്നു!” (ലൂക്കോസ് 13:34, 35) ഈ ജനത ദൈവപുത്രനെയാണു തള്ളിക്കളയുന്നത്. അവർ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണം!
യേശു യരുശലേമിൽ എത്തുന്നതിനു മുമ്പ് പരീശന്മാരുടെ ഒരു നേതാവ് യേശുവിനെ ശബത്തുദിവസം ഭക്ഷണത്തിനു വീട്ടിലേക്കു വിളിക്കുന്നു. ശരീരം മുഴുവൻ നീരുവെച്ച ഒരു മനുഷ്യൻ അവിടെയുണ്ട്. യേശു ഇപ്പോൾ അയാളുടെ കാര്യത്തിൽ എന്തു ചെയ്യുമെന്നു കാണാൻ നോക്കിയിരിക്കുകയാണ് അവിടെ വന്നിരിക്കുന്ന എല്ലാവരും. അതുകൊണ്ട് യേശു അവിടെയുള്ള പരീശന്മാരോടും നിയമപണ്ഡിതന്മാരോടും, “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ” എന്നു ചോദിക്കുന്നു.—ലൂക്കോസ് 14:3.
ആരും ഒന്നും മിണ്ടുന്നില്ല. യേശു അയാളെ സുഖപ്പെടുത്തി. എന്നിട്ട് ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബത്തുദിവസം കിണറ്റിൽ വീണാൽ ഉടൻതന്നെ നിങ്ങൾ പിടിച്ചുകയറ്റില്ലേ?” (ലൂക്കോസ് 14:5) യേശുവിന്റെ ശക്തമായ ന്യായവാദം കേട്ട് വീണ്ടും അവർക്ക് ഒന്നും പറയാനാകുന്നില്ല.