പാഠം 17
സർക്കിട്ട് മേൽവിചാരകന്മാർ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
ബർന്നബാസിനെയും പൗലോസ് അപ്പോസ്തലനെയും കുറിച്ച് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ക്രിസ്തീയസഭകൾ സന്ദർശിച്ചുകൊണ്ട് അവർ സഞ്ചാരമേൽവിചാരകന്മാരായി സേവിച്ചിരുന്നു. എന്തിനുവേണ്ടിയാണ് അവർ സഭകൾ സന്ദർശിച്ചത്? സഭയിലെ സഹോദരങ്ങളുടെ ക്ഷേമത്തിൽ അവർക്കു വളരെയേറെ താത്പര്യമുണ്ടായിരുന്നു. സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അറിയാൻവേണ്ടി അവരുടെ അടുക്കൽ ‘മടങ്ങിച്ചെല്ലാൻ’ ആഗ്രഹിക്കുന്നെന്നു പൗലോസ് ഒരിക്കൽ പറഞ്ഞു. അവരെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിന് നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്ത് അവരുടെ അടുത്ത് ചെല്ലാൻ അദ്ദേഹം ഒരുക്കമായിരുന്നു. (പ്രവൃത്തികൾ 15:36) അതേ മനോഭാവം ഉള്ളവരാണു ഞങ്ങളുടെ സഞ്ചാരമേൽവിചാരകന്മാരും.
അവരുടെ സന്ദർശനം ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ഓരോ സർക്കിട്ട് മേൽവിചാരകനും 20-ഓളം സഭകൾ സന്ദർശിക്കുന്നു, വർഷത്തിൽ രണ്ടു തവണ ഓരോ സഭയുടെയുംകൂടെ അദ്ദേഹം ഒരാഴ്ച വീതം ചെലവഴിക്കും. ഈ സർക്കിട്ട് മേൽവിചാരകന്മാരുടെ—അവർ വിവാഹിതരാണെങ്കിൽ അവരുടെ ഭാര്യമാരുടെയും—അനുഭവപരിചയത്തിൽനിന്ന് ഞങ്ങൾ വളരെയധികം പ്രയോജനം നേടുന്നു. പ്രായം ചെന്നവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അടുത്ത് അറിയാൻ ഇവർ ശ്രമിക്കുന്നു. ഞങ്ങളുടെകൂടെ സന്തോഷവാർത്ത പ്രസംഗിക്കാനും ബൈബിൾപഠനത്തിനു വരാനും അവർക്കു വളരെ ഇഷ്ടമാണ്. ഈ സഹോദരന്മാർ മൂപ്പന്മാരുടെകൂടെ ഇടയസന്ദർശനങ്ങൾക്കും പോകാറുണ്ട്. സഭായോഗങ്ങളിലും സമ്മേളനങ്ങളിലും അവർ നടത്തുന്ന പ്രസംഗങ്ങൾ ഞങ്ങൾക്കു പ്രോത്സാഹനവും ആത്മീയശക്തിയും പകരുന്നു.—പ്രവൃത്തികൾ 15:35.
അവർ ഞങ്ങളിൽ വ്യക്തിപരമായ താത്പര്യം കാണിക്കുന്നു. സഭകളുടെ ആത്മീയക്ഷേമത്തിൽ വളരെയേറെ താത്പര്യമുണ്ട് സർക്കിട്ട് മേൽവിചാരകന്മാർക്ക്. സഭകളുടെ ആത്മീയപുരോഗതി വിലയിരുത്താൻ അവർ മൂപ്പന്മാരുമായും ശുശ്രൂഷാദാസന്മാരുമായും കൂടിക്കാഴ്ച നടത്തുന്നു; ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട പ്രായോഗികമായ സഹായങ്ങളും അവർക്കു നൽകുന്നു. പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഫലം കണ്ടെത്താൻ അവർ മുൻനിരസേവകരെ സഹായിക്കുന്നു. സഭായോഗങ്ങൾക്കു വരുന്ന പുതിയവരെ പരിചയപ്പെടുന്നതും അവരുടെ ആത്മീയപുരോഗതിയെക്കുറിച്ച് കേൾക്കുന്നതും അവർക്കു സന്തോഷമുള്ള കാര്യമാണ്. ‘ഞങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സഹപ്രവർത്തകരാണ്’ ഈ സർക്കിട്ട് മേൽവിചാരകന്മാർ. അവർ അതിനുവേണ്ടി തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചിരിക്കുന്നു. (2 കൊരിന്ത്യർ 8:23) അവരുടെ വിശ്വാസവും ദൈവഭക്തിയും അനുകരിക്കേണ്ടതുതന്നെയാണ്.—എബ്രായർ 13:7.
-
എന്തിനുവേണ്ടിയാണ് സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുന്നത്?
-
അവരുടെ സന്ദർശനങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?