പാഠം 23
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി പരിഭാഷ ചെയ്യുന്നത് എങ്ങനെയാണ്?
“സന്തോഷവാർത്ത” “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” അറിയിക്കുകയെന്ന ലക്ഷ്യത്തിൽ 750-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. (വെളിപാട് 14:6) ഇതിനു നല്ല ശ്രമം ആവശ്യമാണ്. പക്ഷേ ഞങ്ങൾ ഇത് എങ്ങനെയാണു ചെയ്യുന്നത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒരു കൂട്ടം എഴുത്തുകാരുടെയും അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം പരിഭാഷകരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. അവരെല്ലാം യഹോവയുടെ സാക്ഷികളാണ്.
ആദ്യം ഇംഗ്ലീഷിൽ തയ്യാറാക്കുന്നു. ഭരണസംഘത്തിന്റെ നേതൃത്വത്തിൻകീഴിൽ ലോകാസ്ഥാനത്ത് ഒരു റൈറ്റിങ് ഡിപ്പാർട്ടുമെന്റ് പ്രവർത്തിക്കുന്നുണ്ട്. ഈ റൈറ്റിങ് ഡിപ്പാർട്ടുമെന്റാണ് ലോകാസ്ഥാനത്തും മറ്റു ബ്രാഞ്ചോഫീസുകളിലും സേവിക്കുന്ന എഴുത്തുകാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എഴുത്തുകാർ പല ദേശങ്ങളിൽനിന്നുള്ളവരായതുകൊണ്ട് വിവിധ സംസ്കാരങ്ങളോടു ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കു കഴിയുന്നു; ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ആകർഷകമാക്കുന്നത് ഇതാണ്.
പരിഭാഷകർക്ക് അയച്ചുകൊടുക്കുന്നു. തയ്യാറാക്കുന്ന പാഠത്തിൽ ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ട്, ഭരണസംഘത്തിന്റെ അനുമതിയോടെ അതു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷാസംഘങ്ങൾക്ക് കമ്പ്യൂട്ടർ വഴി അയച്ചുകൊടുക്കുന്നു. അവർ അതു തർജമചെയ്ത് ഇംഗ്ലീഷുമായി ഒത്തുനോക്കിയതിനു ശേഷം പ്രൂഫ് വായന നടത്തുന്നു. ഇങ്ങനെ പരിഭാഷ ചെയ്യുമ്പോൾ ഇംഗ്ലീഷിലുള്ള പാഠത്തിന്റെ ആശയം ഒട്ടും ചോർന്നുപോകാതെ “സത്യവചനങ്ങൾ” അഥവാ കൃത്യതയുള്ള വാക്കുകൾ കണ്ടെത്താൻ അവർ ശ്രമിക്കുന്നു.—സഭാപ്രസംഗകൻ 12:10.
കമ്പ്യൂട്ടർ പരിഭാഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നു. കമ്പ്യൂട്ടറുകൾ ഒരിക്കലും എഴുത്തുകാർക്കും പരിഭാഷകർക്കും പകരമാകില്ല. പക്ഷേ, കമ്പ്യൂട്ടറിൽത്തന്നെയുള്ള നിഘണ്ടുക്കളും ഗവേഷണോപാധികളും മറ്റു പ്രോഗ്രാമുകളും അവരുടെ പ്രവർത്തനത്തിന്റെ വേഗം കൂട്ടുന്നുണ്ട്. കൂടാതെ പരിഭാഷാപ്രവർത്തനത്തിൽ സഹായിക്കുന്ന ഒരു പ്രോഗ്രാം യഹോവയുടെ സാക്ഷികൾതന്നെ രൂപകല്പന ചെയ്തിട്ടുണ്ട്. മെപ്സ് (Multilanguage Electronic Publishing System) എന്നാണ് ഇതിന്റെ പേര്. ഇത് ഉപയോഗിച്ച് വിവരങ്ങൾ നൂറുകണക്കിനു ഭാഷകളിൽ ടൈപ്പ് ചെയ്യാനും ചിത്രങ്ങളും മറ്റുമായി സംയോജിപ്പിക്കാനും അച്ചടിക്കാൻവേണ്ടി കമ്പോസ് ചെയ്യാനും സാധിക്കുന്നു.
ഏതാനും ആയിരങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷകളിലേക്കുപോലും പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ ഞങ്ങൾ ഇത്രയധികം ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം, “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും” ഉള്ളത് യഹോവയുടെ ഇഷ്ടമാണ്.—1 തിമൊഥെയൊസ് 2:3, 4.
-
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ?
-
ഞങ്ങൾ ഇത്രയധികം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത് എന്തുകൊണ്ടാണ്?