പാഠം 18
ദുരന്തങ്ങളുണ്ടാകുമ്പോൾ ഞങ്ങൾ സഹവിശ്വാസികളെ സഹായിക്കുന്നത് എങ്ങനെ?
ഒരു ദുരന്തമുണ്ടാകുമ്പോൾ അതിന് ഇരയായ സഹവിശ്വാസികളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ഓടിയെത്തും. ഞങ്ങൾക്കിടയിലെ ആത്മാർഥമായ സ്നേഹത്തിന്റെ തെളിവാണ് അത്. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:17, 18) യഹോവയുടെ സാക്ഷികൾ ഏതെല്ലാം വിധങ്ങളിലാണു സഹായം നൽകുന്നത്?
സാമ്പത്തിക സഹായം നൽകുന്നു. ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ വലിയൊരു ക്ഷാമമുണ്ടായപ്പോൾ തങ്ങളുടെ ആത്മീയസഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കാൻ അന്ത്യോക്യയിലുള്ള ക്രിസ്ത്യാനികൾ മുന്നോട്ടുവന്നു. (പ്രവൃത്തികൾ 11:27-30) അതുപോലെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കു ദുരിതങ്ങളുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ സഭ വഴി ഞങ്ങളും സംഭാവനകൾ നൽകുന്നു; അവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ആ സംഭാവനകൾ ഉപകരിക്കുന്നു.—2 കൊരിന്ത്യർ 8:13-15.
പ്രായോഗിക സഹായം നൽകുന്നു. ദുരന്തമുണ്ടായ പ്രദേശത്തുള്ള സഭകളിലെ മൂപ്പന്മാർ, സഭാംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഓരോരുത്തരെയും നേരിൽ ചെന്നുകാണും. ഭക്ഷണം, ശുദ്ധജലം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാൻ ഒരു ദുരിതാശ്വാസക്കമ്മിറ്റി ഉണ്ടായിരിക്കും. പ്രത്യേകവൈദഗ്ധ്യങ്ങളുള്ള നിരവധി സാക്ഷികൾ സ്വന്തം ചെലവിൽ ദുരന്തസ്ഥലത്തെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. വീടുകളുടെയും രാജ്യഹാളുകളുടെയും അറ്റകുറ്റം തീർക്കുന്നതിലും അവർ സഹായിക്കുന്നു. ഞങ്ങളുടെ സംഘടനയ്ക്കുള്ളിൽ ഐക്യമുണ്ട്. കൂടാതെ ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്യുന്നതിന്റെ അനുഭവപരിചയവും ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്നു സഹായം എത്തിക്കാൻ ഞങ്ങൾക്കു കഴിയുന്നു. “വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്” മാത്രമല്ല, സാധ്യമാകുമ്പോഴെല്ലാം മറ്റു മതസ്ഥർക്കും സഹായം നൽകാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.—ഗലാത്യർ 6:10.
ആത്മീയവും വൈകാരികവും ആയ പിന്തുണ നൽകുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് ആശ്വാസമാണ്. അത്തരം സാഹചര്യങ്ങളിൽ, ആശ്വാസത്തിനായി ഞങ്ങൾ നോക്കുന്നത് “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവ”മായ യഹോവയിലേക്കാണ്. (2 കൊരിന്ത്യർ 1:3, 4) പെട്ടെന്നുതന്നെ ദൈവരാജ്യം എല്ലാ വേദനകളും ദുരിതങ്ങളും ഇല്ലാതാക്കുമെന്ന ബൈബിളിലെ വാഗ്ദാനം ദുരിതം അനുഭവിക്കുന്നവരുമായി ഞങ്ങൾ പങ്കുവെക്കുന്നു.—വെളിപാട് 21:4.
-
ദുരന്തങ്ങളുണ്ടാകുമ്പോൾ പെട്ടെന്നു സഹായമെത്തിക്കാൻ സാക്ഷികൾക്കു കഴിയുന്നത് എന്തുകൊണ്ട്?
-
ബൈബിളിലെ ഏതു വാഗ്ദാനം ദുരന്തബാധിതർക്ക് ആശ്വാസം പകരും?