ക്രിസ്ത്യാനിത്വം സ്വീകരിച്ച പൗലോസ് ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം തീക്ഷ്ണതയോടെ ഘോഷിക്കുന്നു. അങ്ങനെ ഒരുകാലത്ത് ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന പൗലോസിനുതന്നെ കടുത്ത ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നു. ക്ഷീണമോ ബുദ്ധിമുട്ടുകളോ വകവെക്കാതെ പൗലോസ് ദൂരദേശങ്ങളിലേക്ക് നിരവധി പ്രസംഗപര്യടനങ്ങൾ നടത്തുന്നു. മനുഷ്യവർഗത്തെ സംബന്ധിച്ച് ദൈവത്തിന് ആദ്യമുണ്ടായിരുന്ന ഉദ്ദേശ്യം നിവർത്തിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അങ്ങനെ പല ദേശങ്ങളിലും പ്രചരിച്ചു.
തന്റെ ആദ്യപ്രസംഗപര്യടനത്തിന്റെ ഭാഗമായി പൗലോസ് ലുസ്ത്രയിലായിരിക്കെ, ജന്മനാ മുടന്തനായ ഒരാളെ സുഖപ്പെടുത്തുകയുണ്ടായി. ഇതുകണ്ട ജനക്കൂട്ടം, പൗലോസും കൂട്ടാളിയായ ബർന്നബാസും ദേവന്മാരാണെന്ന് ആർത്തുവിളിച്ചു. ജനം അവർക്ക് ബലിയർപ്പിക്കാൻ ഒരുങ്ങി. ജനക്കൂട്ടത്തെ അതിൽനിന്നു പിന്തിരിപ്പിക്കാൻ അവർക്കു നന്നേ പണിപ്പെടേണ്ടിവന്നു. എന്നാൽ പിന്നീട് ഇതേ ജനക്കൂട്ടം, പൗലോസിന്റെ ശത്രുക്കളാൽ സ്വാധീനിക്കപ്പെട്ട് അവനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവർ അവനെ അവിടെ ഉപേക്ഷിച്ചുപോയി. എങ്കിലും പൗലോസ് മരണത്തിൽനിന്നു രക്ഷപ്പെട്ടു. ഈ ഉപദ്രവങ്ങളൊക്കെ സഹിക്കേണ്ടിവന്നിട്ടും, പിന്നീട് ഒരവസരത്തിൽ പൗലോസ് ലുസ്ത്രയിൽ തിരിച്ചെത്തി പ്രോത്സാഹനവാക്കുകളാൽ അവിടെയുള്ള ക്രിസ്ത്യാനികളെ ബലപ്പെടുത്തി.
മോശെയിലൂടെ ദൈവം നൽകിയ ന്യായപ്രമാണത്തിലെ ചില നിബന്ധനകൾ വിജാതീയരായ വിശ്വാസികൾ പാലിക്കണമെന്ന് ഏതാനും യഹൂദ ക്രിസ്ത്യാനികൾ സമർഥിച്ചു. പൗലോസ് ഈ പ്രശ്നം അപ്പൊസ്തലന്മാരുടെയും യെരുശലേമിലെ മൂപ്പന്മാരുടെയും മുമ്പാകെ അവതരിപ്പിച്ചു. തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിച്ചശേഷം, പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിനു കീഴ്പെട്ട് അവർ സഭകൾക്ക് ഒരു കത്തെഴുത്തി: വിഗ്രഹാരാധന, ദുർന്നടപ്പ് എന്നിവയിൽനിന്ന് ക്രിസ്ത്യാനികൾ ഒഴിഞ്ഞിരിക്കണം; രക്തമോ രക്തം വാർന്നുപോകാത്ത മാംസമോ അവർ ഭക്ഷിക്കുകയുമരുത്. ഈ കൽപ്പന അനുസരിക്കുന്നത് ഒരു “അവശ്യകാര്യ”മാണ്. പക്ഷേ, ന്യായപ്രമാണം ക്രിസ്ത്യാനികൾ പിൻപറ്റേണ്ടിയിരുന്നില്ല.—പ്രവൃത്തികൾ 15:28, 29.
രണ്ടാമത്തെ പ്രസംഗപര്യടനത്തിനിടെ പൗലോസ് ബെരോവ (ഇന്ന് ഗ്രീസിന്റെ ഭാഗം) സന്ദർശിച്ചു. അവിടെ താമസിച്ചിരുന്ന യഹൂദർ അതീവ താത്പര്യത്തോടെ വചനം കൈക്കൊള്ളുകയും പൗലോസ് പഠിപ്പിച്ചത് ശരിയാണോ എന്നറിയാൻ ദിവസവും തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തു. അവിടെയും പൗലോസിന് ഉപദ്രവം നേരിട്ടു. അങ്ങനെ അവൻ ഏഥൻസിലേക്കു പോയി. അവിടെ അഭ്യസ്തവിദ്യരായ ഒരുകൂട്ടം ഏഥൻസുകാരുടെ മുമ്പാകെ പൗലോസ് ഗംഭീരമായ ഒരു പ്രസംഗം നടത്തി. നയം, വിവേകം, വാക്ചാതുര്യം എന്നിവയുടെ കാര്യത്തിൽ അനുകരണീയമായ ഒരു പ്രസംഗമാണത്.
മൂന്നാമത്തെ പര്യടനത്തിനുശേഷം പൗലോസ് യെരുശലേമിലേക്കു പോയി. പൗലോസ് ദേവലായം സന്ദർശിച്ചതിനെത്തുടർന്ന് ചില യഹൂദന്മാർ ചേർന്ന് ഒരു കലാപം ഇളക്കിവിട്ടു. പൗലോസിനെ കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. റോമൻ പടയാളികൾ ഇടപെട്ട് അവനെ രക്ഷപ്പെടുത്തി. അവർ അവനെ പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്തു. റോമൻ പൗരനായിരുന്നതിനാൽ റോമൻ ദേശാധിപതിയായ ഫേലിക്സിനു മുമ്പാകെ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കാൻ പൗലോസിന് അവസരം ലഭിച്ചു. പൗലോസിനെതിരെ നിരത്തിയ ആരോപണങ്ങൾക്കൊന്നും തെളിവു ഹാജരാക്കാൻ യഹൂദന്മാർക്കു കഴിഞ്ഞില്ല. ഫേലിക്സിനുശേഷം ദേശാധിപതിയായി അധികാരത്തിൽവന്ന ഫെസ്തൊസ്, തന്നെ യഹൂദന്മാരുടെ കൈയിൽ ഏൽപ്പിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഉപരിവിചാരണയ്ക്ക് തന്നെ കൈസറുടെ മുമ്പാകെ ഹാജരാക്കണമെന്ന് പൗലോസ് അപേക്ഷിച്ചു. അപ്പോൾ ഫെസ്തൊസ്, “കൈസറുടെ അടുത്തേക്കുതന്നെ നീ പോകും” എന്നു പറഞ്ഞു.—പ്രവൃത്തികൾ 25:11, 12.
വിചാരണയ്ക്കായി പൗലോസിനെ കടൽമാർഗം ഇറ്റലിയിലേക്കു കൊണ്ടുപോയി. എന്നാൽ കപ്പൽച്ചേതത്തെ തുടർന്ന് മാൾട്ടാ ദ്വീപിൽ അവന് ശൈത്യകാലം കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവിൽ റോമിലെത്തിയ അവൻ രണ്ടുവർഷം ഒരു വാടക വീട്ടിൽ താമസിച്ചു. പടയാളികളുടെ കാവലിലായിരുന്നെങ്കിലും തന്നെ കാണാനെത്തുന്നവരോടൊക്കെ പൗലൊസ് തീക്ഷ്ണതയോടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചുകൊണ്ടിരുന്നു.
സന്തോഷവാർത്ത അറിയിച്ചുകൊണ്ട് പൗലോസ് യാത്ര ചെയ്ത സ്ഥലങ്ങളും വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം കാണുക.