അച്ചടി—ദൈവത്തെക്കുറിച്ച് പഠിക്കാൻ ലോകമെങ്ങുമുള്ളവരെ സഹായിക്കുന്നു
ലോകമെങ്ങുമുള്ളവർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ, ഇലക്ട്രോണിക് രൂപത്തിലാണ് ആയിരക്കണക്കിന് ആളുകൾ അവ വായിക്കുന്നത്. എന്നാൽ, ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ അച്ചടിയെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. 2013-ലെ കണക്ക് അനുസരിച്ച് ഞങ്ങൾ ഏകദേശം 700 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി 239 ദേശങ്ങളിൽ വിതരണം ചെയ്യുന്നു.
ആദ്യകാലത്ത് ഞങ്ങൾ അച്ചടിക്കായി മറ്റു പ്രസ്സുകാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ 1920-ൽ ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ ചെറിയ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഞങ്ങളുടെ ചില മാസികകളും ചെറുപുസ്തകങ്ങളും അച്ചടിക്കാൻ തുടങ്ങി. ആ ചെറിയ തുടക്കത്തിൽനിന്ന് ഇപ്പോൾ അത് ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, തെക്കെ അമേരിക്ക, യൂറോപ്പ്, വടക്കെ അമേരിക്ക എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 15 അച്ചടിശാലകളായി വളർന്നിരിക്കുന്നു.
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം
ഞങ്ങൾ അച്ചടിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം ബൈബിളാണ്. 1942-ലാണു ഞങ്ങളുടെ പ്രസ്സിൽ ആദ്യമായി മുഴുബൈബിളും അച്ചടിച്ചത്. ഇംഗ്ലീഷിലുള്ള ജയിംസ് രാജാവിന്റെ ഭാഷാന്തരം ആയിരുന്നു അത്. 1961 മുതൽ യഹോവയുടെ സാക്ഷികൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം എന്ന സമ്പൂർണ ബൈബിൾ പരിഭാഷപ്പെടുത്തി പുറത്തിറക്കുന്നു. 2013 ആയപ്പോഴേക്കും ഈ ബൈബിളിന്റെ 18 കോടി 40 ലക്ഷം പ്രതികൾ 121 ഭാഷകളിൽ പുറത്തിറക്കാനായി.
ഞങ്ങൾ പുറത്തിറക്കുന്ന ബൈബിളിനു മറ്റു ചില സവിശേഷതകളുമുണ്ട്. അവ വളരെ ഈടുനിൽക്കുന്നവയാണ്. ആസിഡ് സ്‌പർശമേൽക്കാത്ത കടലാസിൽ അച്ചടിക്കുന്നതുകൊണ്ട് കാലപ്പഴക്കത്തിൽ കടലാസിനു മഞ്ഞനിറം വരുന്നില്ല. ബയൻഡിങ്ങിലും ഞങ്ങൾ വളരെ ശ്രദ്ധിക്കുന്നു. അതുകൊണ്ട്, അത്ര പെട്ടെന്നൊന്നും കേടുവരാത്ത ഒരു ബൈബിൾ പുറത്തിറക്കാൻ സാധിക്കുന്നു.
മറ്റു പ്രസിദ്ധീകരണങ്ങൾ
ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ചില പ്രസിദ്ധീകരണങ്ങളും ഞങ്ങൾ അച്ചടിക്കുന്നുണ്ട്. 2013-ലെ ചില കണക്കുകൾ ഇതാ:
വീക്ഷാഗോപുരം. ഞങ്ങളുടെ ഏറ്റവും മുഖ്യമായ ആനുകാലിക പ്രസിദ്ധീകരണമാണ് ഇത്. 210-ലധികം ഭാഷകളിൽ അച്ചടിക്കുന്ന ഇത് ഇന്ന് ലോകത്ത് ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന മാസികയാണ്. ഈ മാസികയുടെ 16 പേജുള്ള പതിപ്പിന്റെ 4,50,00,000 പ്രതികളാണു മാസന്തോറും അച്ചടിക്കുന്നത്.
ഉണരുക! ഇതു വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയാണ്. 99 ഭാഷകളിൽ അച്ചടിക്കുന്ന ഇതിനു വിതരണത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഓരോ ലക്കത്തിന്റെയും 4,40,00,000 പ്രതികൾ അച്ചടിക്കുന്നു.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? 224 പേജുള്ള ഈ പുസ്തകം ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ സഹായിക്കുന്നു. 2005 മുതൽ 240 ഭാഷകളിൽ ഇതിന്റെ 21 കോടി 40 ലക്ഷത്തിലധികം പ്രതികൾ അച്ചടിച്ചിരിക്കുന്നു.
ദൈവം പറയുന്നതു കേൾക്കുവിൻ! നന്നായി വായിക്കാൻ പറ്റാത്തവർക്കുവേണ്ടി തയ്യാറാക്കിയ 32 പേജുള്ള ലഘുപത്രികയാണ് ഇത്. മനോഹരമായ ചിത്രങ്ങളും ചെറിയ ചിത്രക്കുറിപ്പുകളും ഉപയോഗിച്ച് ലളിതമായ ബൈബിൾസത്യങ്ങൾ ഇത് ആളുകൾക്കു പകർന്നുകൊടുക്കുന്നു. 400-ലധികം ഭാഷകളിൽ അതിന്റെ 4 കോടി 20 ലക്ഷം പ്രതികൾ പുറത്തിറക്കിയിരിക്കുന്നു.
ഇവയ്‌ക്കു പുറമേ യഹോവയുടെ സാക്ഷികൾ മറ്റു പല പുസ്‌തകങ്ങളും ലഘുപത്രികകളും ലഘുലേഖകളും അച്ചടിക്കുന്നുണ്ട്. ബൈബിൾചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനും ജീവിതത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനും ഇവ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നു. 2012-ൽ യഹോവയുടെ സാക്ഷികളുടെ അച്ചടിശാലകളിൽ മൊത്തം 130 കോടിയിലധികം മാസികകൾ അച്ചടിച്ചു. പുസ്തകങ്ങളുടെയും ബൈബിളുകളുടെയും 8 കോടിയിലധികം പ്രതികളും അച്ചടിച്ച് പുറത്തിറക്കി.
2012-ൽ യഹോവയുടെ സാക്ഷികളുടെ അച്ചടിശാലകളിൽ മൊത്തം 130 കോടിയിലധികം മാസികകൾ അച്ചടിച്ചു. പുസ്തകങ്ങളുടെയും ബൈബിളുകളുടെയും 8 കോടിയിലധികം പ്രതികളും അച്ചടിച്ച് പുറത്തിറക്കി
ഞങ്ങളുടെ അച്ചടിശാലകൾ സന്ദർശിക്കുന്നവർ അവിടെ ജോലി ചെയ്യുന്നവരുടെ കഠിനാധ്വാനം കണ്ട് അത്ഭുതപ്പെടാറുണ്ട്. പുസ്‌തകങ്ങളും മാസികകളും മറ്റും ഉത്‌പാദിപ്പിക്കാൻ വേണ്ടി ആ സ്‌ത്രീപുരുഷന്മാർ അവരുടെ സമയവും കായികശേഷിയും ചെലവഴിക്കുന്നു. “ദൈവത്തിന്റെ ഭവനം” എന്ന് അർഥമുള്ള ബഥേലിൽ ചേർന്നപ്പോൾ അവരിൽ മിക്കവർക്കും അച്ചടിമേഖലയിൽ ഒരു പരിചയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇവിടെ വന്നു കഴിയുമ്പോൾ മികച്ച പരിശീലനമാണു കിട്ടുന്നത്. ഒരേ സമയം ജോലിയും പരിശീലനവും കൂടിയാകുമ്പോൾ നല്ല ഫലം ലഭിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് 20-നുമേൽ പ്രായമുള്ള ചില യുവാക്കൾക്ക് അതിവേഗ അച്ചടിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാകുന്നു. ഒറ്റ മണിക്കൂറുകൊണ്ട് 16 പേജുള്ള 2,00,000 മാസികകൾ അച്ചടിക്കുന്ന യന്ത്രങ്ങളാണ് അവ എന്ന് ഓർക്കണം!
എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം?
ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ഈ വേല നടക്കുന്നത് ആളുകൾ സ്വമനസ്സാലെ തരുന്ന സംഭാവനകളാലാണ്. 1879 ആഗസ്റ്റ് ലക്കം സീയോന്റെ വീക്ഷാഗോപുരം (ഇപ്പോൾ വീക്ഷാഗോപുരം എന്നാണ് അതിന്റെ പേര്.) ഇങ്ങനെ പറഞ്ഞിരുന്നു: “‘സീയോന്റെ വീക്ഷാഗോപുരത്തിന് യഹോവ അതിന്റെ പിന്തുണക്കാരനായുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു, വാസ്തവം ഇതാകയാൽ സഹായത്തിനുവേണ്ടി അത് ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല.” ഇപ്പോഴും അതിനു മാറ്റമൊന്നും വന്നിട്ടില്ല.
ഈ വേലയ്ക്കുവേണ്ടി എന്തിനാണു ഞങ്ങൾ ഇത്രയധികം സമയവും പണവും ശ്രമവും ഒക്കെ ചെലവഴിക്കുന്നത്? എന്തിനാണു ലക്ഷക്കണക്കിനു ബൈബിളുകളും പുസ്‌തകങ്ങളും അച്ചടിക്കുന്നത്, ഓൺലൈനിൽ ലഭ്യമാക്കുന്നത്? നിങ്ങൾ അവ വായിച്ച് ദൈവവുമായി അടുത്ത ബന്ധത്തിലേക്കു വരണം എന്നതാണു ഞങ്ങളുടെ ആഗ്രഹം.