ഭാഷകൾ കടന്നെത്തുന്ന സംഗീതം
ഒരു പാട്ട് മറ്റൊരു ഭാഷയിലേക്കു പരിഭാഷ ചെയ്യുക അത്ര എളുപ്പമല്ല. അങ്ങനെയെങ്കിൽ 135 പാട്ടുകളുള്ള ഒരു പുസ്തകം പരിഭാഷപ്പെടുത്താൻ എത്ര ബുദ്ധിമുട്ടായിരിക്കും!
യഹോവയുടെ സാക്ഷികൾ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. മൂന്നു വർഷംകൊണ്ട് 116 ഭാഷകളിലേക്ക് അവർ യഹോവയെ പാടിസ്തുതിക്കുവിൻ എന്ന പുതിയ പാട്ടുപുസ്തകം പരിഭാഷപ്പെടുത്തി. കൂടാതെ, 55 ഭാഷകളിലേക്ക് അവർ 55 പാട്ടുകളുള്ള ഒരു പാട്ടുപുസ്തകവും വിവർത്തനം ചെയ്തു. മറ്റനേകം ഭാഷകളിലേക്ക് ഈ പുതിയ പാട്ടുപുസ്തകം പരിഭാഷപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.
പരിഭാഷയും രചനയും
യഹോവയുടെ സാക്ഷികൾ ഇപ്പോൾത്തന്നെ 600-ഓളം ഭാഷകളിലേക്ക് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. അതിൽ 400-ഓളം ഭാഷകളിലെ പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലും ലഭ്യമാണ്. എന്നാൽ പാട്ടുപുസ്തകം പരിഭാഷപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. കാരണം ഏതു ഭാഷയിൽ പരിഭാഷപ്പെടുത്തിയാലും യഹോവയെ പാടിസ്തുതിക്കുവിൻ എന്ന പാട്ടുപുസ്തകത്തിലെ പാട്ടുകളുടെ ഈണങ്ങളെല്ലാം ഒന്നുതന്നെയാണ്.
പാട്ടുകൾക്ക് വരികൾ രചിക്കുന്നത് മാസിക പരിഭാഷപ്പെടുത്തുന്നതുപോലെയല്ല. ഉദാഹരണത്തിന്, വീക്ഷാഗോപുരം മാസിക പരിഭാഷപ്പെടുത്തുമ്പോൾ വിവർത്തകർ മൂലഭാഷയിലെ എല്ലാ ആശയങ്ങളും വളരെ കൃത്യമായി പരിഭാഷപ്പെടുത്താൻ ശ്രമിക്കും. എന്നാൽ സംഗീതത്തിന്റെ കാര്യം വ്യത്യസ്തമാണ്.
എങ്ങനെയാണ് അത് ചെയ്യുന്നത്?
പാട്ടുകൾ പരിഭാഷപ്പെടുത്തുന്നവർ മറ്റു പ്രസിദ്ധീകരങ്ങൾ പരിഭാഷപ്പെടുത്തന്നവരുടേതിൽനിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് അവലംബിക്കുന്നത്. പാട്ടിന്റെ വരികൾ അർഥവത്തും ഹൃദ്യവും ഓർത്തിരിക്കാൻ എളുപ്പവും ആയിരിക്കണമല്ലോ.
പാടുന്നയാൾക്ക് ഒരോ വരിയുടെയും അർഥവും ആശയവും പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലായിരിക്കണം ഒരു സ്തുതിഗീതത്തിന്റെ വാക്കുകൾ. ഓരോ ഭാഷയിലും പാട്ടുകാരന് സ്വാഭാവികമായി പാടാനാകുംവിധം പാട്ടിന്റെ വരികളും സംഗീതവും ഇഴചേർന്ന് ഒഴുകണം.
എങ്ങനെയാണ് പരിഭാഷകർ ഇതു ചെയ്യുന്നത്? യഹോവയെ പാടിസ്തുതിക്കുവിൻ എന്ന പാട്ടുപുസ്തകം ഇംഗ്ലീഷിൽനിന്ന് വെറുതെ പദാനുപദം പരിഭാഷ ചെയ്യാതെ പാട്ടുകളുടെ ആത്മാവ് ഉൾക്കൊണ്ട് പുതിയ വരികൾ എഴുതാനാണ് പരിഭാഷാസംഘങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാട്ടുകളുടെ തിരുവെഴുത്താശയം വിവർത്തകർ മനസ്സിൽപ്പിടിക്കുന്നു. എന്നിട്ട് തങ്ങളുടെ ഭാഷയിൽ പെട്ടെന്ന് മനസ്സിലാകുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വാക്കുകളും ശൈലികളും അവർ ഉപയോഗിക്കുന്നു.
ആദ്യം, ഇംഗ്ലീഷിലുള്ള പാട്ടിന്റെ ഒരു പദാനുപദ പരിഭാഷ തയ്യാറാക്കുന്നു. പിന്നെ പാട്ട് എഴുതാൻ പ്രാപ്തിയുള്ള സാക്ഷികൾ തങ്ങളുടെ ഭാഷയിൽ ആ പാട്ട് അർഥവത്തും മനോഹരവും ആക്കുന്നു. തിരുവെഴുത്താശയങ്ങളുടെ കൃത്യത ചോർന്നുപോയിട്ടില്ല എന്ന് ഉറപ്പാക്കാനായി പരിഭാഷാസംഘവും വായിച്ചുപരിശോധിക്കുന്നവരും പാട്ട് നന്നായി വിശകലനം ചെയ്യുന്നു.
പുതിയ പാട്ടുപുസ്തകം സ്വന്തം ഭാഷയിൽ കിട്ടുമ്പോൾ യഹോവയുടെ സാക്ഷികൾ അതിയായി സന്തോഷിക്കുന്നു. ഇനിയും പുതിയപുതിയ ഭാഷകളിൽ ഈ പാട്ടുപുസ്തകം കിട്ടാനായി അനേകർ കാത്തിരിക്കുന്നു.