യുവജനങ്ങൾ ചോദിക്കുന്നു
വീട്ടിലിരുന്നുള്ള പഠനം രസകരമാക്കാൻ. . .
കുട്ടികളുടെ ഇപ്പോഴത്തെ “ക്ലാസ്‌റൂം” അവരുടെ വീടുതന്നെയാണ്. നിങ്ങളും അങ്ങനെതന്നെയാണോ പഠിക്കുന്നത്? എങ്കിൽ ഇതാ നിങ്ങളുടെ പഠനം രസകരമാക്കാൻ ഏതാനും ചില നുറുങ്ങുകൾ. a
വിജയിക്കാനുള്ള അഞ്ച് നുറുങ്ങുകൾ
പ്ലാൻ ചെയ്യുക. സ്കൂളിൽ പോകുമ്പോൾ നിങ്ങൾക്കുണ്ടായിരുന്ന പതിവ് രീതികൾ ഒന്നും മറന്നുകളയരുത്. സ്കൂളിലെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ, മറ്റ് അത്യാവശ്യകാര്യങ്ങൾ ഇവയൊക്കെ എപ്പോൾ ചെയ്യാൻ പറ്റുമെന്നതിന് ഒരു പട്ടികയുണ്ടാക്കുക. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അതിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം.
ബൈബിൾതത്ത്വം: “എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ.”—1 കൊരിന്ത്യർ 14:40.
“നിങ്ങൾ ഓരോ ദിവസവും സ്കൂളിലാണെന്നുതന്നെ അങ്ങു വിചാരിക്കുക. അപ്പോൾ എല്ലാ കാര്യങ്ങളും അതതിന്റെ സമയത്തുതന്നെ ചെയ്തുതീർക്കാൻ പറ്റും.”—ക്യാത്തി.
ചിന്തിക്കാനായി: എളുപ്പം കാണാവുന്ന വിധത്തിൽ നിങ്ങൾ ഉണ്ടാക്കിയ ടൈം ടേബിൾ വെക്കുന്നതു നന്നായിരിക്കില്ലേ?
അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യുക. ഒരു കാര്യം ചെയ്യാൻ ഇഷ്ടമല്ലെങ്കിൽകൂടി വെച്ചുതാമസിപ്പിക്കാതെ ചെയ്യേണ്ട സമയത്തുതന്നെ അതു ചെയ്യുന്നതു പക്വതയിൽ വളരുന്നതിന്റെ ലക്ഷണമാണ്.
ബൈബിൾതത്ത്വം: “മടിയുള്ളവരാകാതെ നല്ല അധ്വാനശീലമുള്ളവരായിരിക്കുക”—റോമർ 12:11.
”കൃത്യസമയത്ത് എല്ലാം ചെയ്യുക എന്നു പറഞ്ഞാൽ വലിയ പാടാണ്. എന്തെങ്കിലും ഒക്കെ ഒഴികഴിവുകൾ കണ്ടുപിടിച്ച് സ്കൂളിലെ കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കും. പക്ഷേ, ഒടുവിൽ എല്ലാം കൂടി കുന്നുകൂടും.”—അലക്സാണ്ട്ര.
ചിന്തിക്കാനായി: ഓരോ ദിവസവും സ്കൂളിലെ കാര്യങ്ങൾ ഒരേ സമയത്തും സ്ഥലത്തും ഇരുന്ന് ചെയ്യുമ്പോൾ നിങ്ങൾ അച്ചടക്കമുള്ളവരാകില്ലേ?
പഠനമുറി ഒരുക്കുക. പഠിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും എടുത്തുവെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പഠിക്കാൻ പറ്റുന്ന നല്ലൊരു അന്തരീക്ഷം ഒരുക്കണം, പക്ഷേ ഉറങ്ങിപ്പോകുന്ന അളവോളം ആകരുതെന്നു മാത്രം! ഉറങ്ങുകയല്ല, പഠിക്കുകയാണല്ലോ നമ്മുടെ ലക്ഷ്യം. അങ്ങനെയൊരു പഠനമുറി നിങ്ങൾക്കില്ലെങ്കിൽ അടുക്കളയോ ബെഡ്റൂമോ ഒരു പഠനമുറി ആക്കാം.
ബൈബിൾതത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.”—സുഭാഷിതങ്ങൾ 21:5.
“ബാസ്‌ക്കറ്റ് ബോളും വീഡിയോ ഗെയിമും ഗിത്താറും മാറ്റിവെക്കുക. ഫോൺ സൈലന്റാക്കുക. നമ്മുടെ ശ്രദ്ധ മാറ്റുന്ന ഒന്നും അടുത്തുണ്ടാകരുത്.”—എലിസബത്ത്.
ചിന്തിക്കാനായി: ശ്രദ്ധിച്ചിരുന്ന് പഠിക്കാൻവേണ്ടി നിങ്ങൾക്ക് എങ്ങനെ പഠനമുറി ഒരുക്കാം?
ഏകാഗ്രതയോടെ പഠിക്കുക. ഒരു കാര്യം ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. മറ്റു കാര്യങ്ങൾ ചെയ്യാൻ പോകരുത്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ നോക്കിയാൽ തെറ്റുകൾ പറ്റുമെന്നു മാത്രമല്ല അതു ചെയ്തുതീർക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും.
ബൈബിൾതത്ത്വം: “സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:16.
“ഫോൺ അടുത്തുണ്ടെങ്കിൽ ഒട്ടും ശ്രദ്ധിക്കാൻ പറ്റില്ല. വെറുതെ അതിൽ കുത്തി സമയം കളയും.”—ഒലീവിയ.
ചിന്തിക്കാനായി: ഏകാഗ്രതയോടെ കാര്യങ്ങൾ ചെയ്യുന്ന സമയം പതിയെപ്പതിയെ കൂട്ടാൻ കഴിയുമോ?
ചെറിയ ഇടവേളകൾ എടുക്കുക. നടക്കാൻ പോകാം, സൈക്കിൾ ചവിട്ടാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യായാമം ചെയ്യാം. ചില കളികൾപോലും നിങ്ങൾക്ക് ഉന്മേഷം തരും. “പക്ഷേ ചെയ്യാനുള്ളത് ആദ്യം ചെയ്തുതീർക്കുക. . . . ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തുതീർത്താൽ ഒഴിവുസമയം ശരിക്കും സന്തോഷത്തോടെ ചെലവിടാൻ പറ്റും” എന്ന് സ്കൂളിന്റെ അധികാരം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു.
ബൈബിൾതത്ത്വം: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.”—സഭാപ്രസംഗകൻ 4:6.
“സ്കൂളിലായിരുന്നപ്പോൾ മ്യൂസിക് ക്ലാസും ആർട്ട് ക്ലാസും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും ഇല്ലാത്തപ്പോഴാണ് അതെല്ലാം എത്ര രസമായിരുന്നു എന്നു തോന്നുന്നത്. വീട്ടിലായിരിക്കുമ്പോഴും ഇതുപോലെ എന്തെങ്കിലും ഒക്കെ ചെയ്യുന്നതു പഠിക്കാൻ ഉന്മേഷം തരും.”—റ്റെയ്‌ലർ.
ചിന്തിക്കാനായി: ഉന്മേഷത്തോടെ സ്കൂളിലെ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ഒഴിവുസമയത്തു നിങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും?
a വീട്ടിലിരുന്നുള്ള പഠനം പലവിധങ്ങളിലുണ്ട്. ഈ ലേഖനത്തിലെ നിർദേശങ്ങളിൽ നിങ്ങളുടെ സാഹചര്യത്തിന് ഇണങ്ങുന്നതു സ്വീകരിക്കുക.

